കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറന്‍തോട് മേഖലയിലെ ഉടുമ്പുപാറ വനത്തില്‍ വന്‍ അഗ്നിബാധ. അഗ്നി രക്ഷാ സേനയുടെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ തീ പൂര്‍ണമായും അണച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വനത്തിലെ ഹെക്ടര്‍ കണക്കിന് വരുന്ന പ്രദേശത്ത് വന്‍ അഗ്നിബാധ ഉണ്ടായത്. മുക്കത്തുനിന്നും കിലോമീറ്റര്‍ അകലെ തീ കത്തുന്നത് മുക്കം കടവ് പാലത്തില്‍ നിന്നും കണ്ട യുവാവാണ് ആദ്യം മുക്കം അഗ്നിരക്ഷാ സേനയെ അറിയിച്ചത്. പിന്നീട് നൈറ്റ് പെട്രോളിംഗ് നടത്തുന്ന തിരുവമ്പാടി പൊലീസും അപകടം മനസ്സിലാക്കി സ്ഥലത്തെത്തി.
അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ അഗ്നി രക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചെങ്കിലും ഗതാഗത സൗകര്യമില്ലാത്തതിനാല്‍ വനത്തിലൂടെ കാല്‍നടയായി സഞ്ചരിച്ചാണ് അപകട സ്ഥലത്ത് എത്തിച്ചേര്‍ന്നത്.
തുടര്‍ന്ന് ഫയര്‍ ബീറ്ററുകള്‍ ഉപയോഗിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുമൊന്നിച്ച് ജനവാസമേഖലയിലേക്ക് പടരാതെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. അഞ്ചേക്കറോളം സ്ഥലത്തെ അടിക്കാടുകള്‍ കത്തിയെങ്കിലും കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാന്‍ അഗ്നിരക്ഷാ സേനക്കും വനം വകുപ്പിനുമായി.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി അബ്ദുല്‍ ഷുക്കൂര്‍, ഫയര്‍ ഓഫീസര്‍മാരായ പി ടി അനീഷ്, എന്‍ പി അനീഷ്, എന്‍ടി അനീഷ്, വൈ പി ഷറഫുദ്ദീന്‍, പി നിയാസ്, കെ എസ് ശരത്ത്, വി എം മിഥുന്‍, ഹോം ഗാര്‍ഡ്മാരായ കെ എസ് വിജയകുമാര്‍, ചാക്കോ ജോസഫ്, രത്നരാജന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.