ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനം രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ നൂതന സംവിധാനം മൈസൂർ-ബാംഗ്ലൂർ എക്‌സ്‌പ്രസ്‌വേയിൽ ആണ് ആദ്യം എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. കൂടാതെ, ഡൽഹി-ജയ്പൂർ ദേശീയ പാത 48-ൽ ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ നടന്നുവരികയാണ്. 18 ലക്ഷത്തിലധികം വാണിജ്യ വാഹനങ്ങൾ ഇതിനകം ജിപിഎസ് അടിസ്ഥാനമാക്കിയുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനങ്ങളുള്ളതിനാൽ, ജിപിഎസ് വഴിയുള്ള ടോൾ പിരിവ് ഈ വാഹനങ്ങൾക്ക് മാത്രമായിരിക്കും.
ടോൾ പേയ്‌മെന്റുകളിൽ കാര്യക്ഷമതയും കൃത്യതയും വർദ്ധിപ്പിക്കാനാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്. ഘട്ടം ഘട്ടമായുള്ള റോൾഔട്ട് തന്ത്രം രാജ്യവ്യാപകമായി പൂർണ്ണ തോതിൽ നടപ്പിലാക്കുന്നതിന് മുമ്പ് രാജ്യത്തുടനീളമുള്ള വിവിധ റോഡുകളിൽ ജിപിഎസ് ടോൾ സംവിധാനത്തിന്റെ ട്രയൽ റണ്ണുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് ഈ വർഷം മാർച്ചിൽ ആരംഭിക്കുമെന്ന് കേന്ദ്ര ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി ലോക്‌സഭയിൽ സ്ഥിരീകരിച്ചിരുന്നു.
കൂടാതെ, കേന്ദ്ര റോഡ് ഗതാഗത സെക്രട്ടറി അനുരാഗ് ജെയിൻ, ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനവുമായി ബന്ധപ്പെട്ട ഏത് വെല്ലുവിളികളും പരിഹരിക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറയുകയും അത് ഉടനടി വിന്യസിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. നിലവിൽ, രാജ്യത്തുടനീളമുള്ള ഹൈവേകളിൽ സ്ഥാപിച്ചിട്ടുള്ള ഫിസിക്കൽ ടോൾ പ്ലാസകൾ ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയിലൂടെ ടോൾ ഫീസ് പിരിക്കുകയാണ് ചെയ്യുന്നത്.
ഏകദേശം മൂന്ന് വർഷം മുമ്പാണ് ടോൾ പിരിവിന്റെ നിർബന്ധിത രീതിയായി ഇത് അവതരിപ്പിച്ചത്. പുതിയ ജിപിഎസ് അടിസ്ഥാനത്തിലുള്ള ടോൾ പിരിവ് സംവിധാനം വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്‍കാൻ ചെയ്‍ത് ടോൾ ഫീ ഈടാക്കും. പുതിയ സംവിധാനത്തിന്റെ പരീക്ഷണ ഓട്ടം കേന്ദ്രം ഇതിനകം രണ്ടിടങ്ങളിൽ നടത്തിയതായി ഗഡ്‍കരി പറഞ്ഞു. ഒരു വാഹനം സഞ്ചരിക്കുമ്പോൾ ഈ സംവിധാനം ക്യാമറകൾ വഴി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കും.