/sathyam/media/media_files/FbgtnWbbz6dRmQxtrR4o.jpg)
തിരുവനന്തപുരം ∙ 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് മന്ത്രി കെ.എൻ.ബാലഗോപാൽ പുറത്തിറക്കി. 500 രൂപയാണു ടിക്കറ്റ് വില. രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതമാണ്. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കും. 5,34,670 പേർക്കു സമ്മാനമുണ്ട്. കഴിഞ്ഞ വർഷം ഇത് 3,97,911 പേർക്കായിരുന്നു.
സെപ്റ്റംബർ 20 നാണ് നറുക്കെടുപ്പ്. ഈ മേഖലയിൽ ജോലി ചെയ്യുന്ന ശാരീരിക പരിമിതികളുള്ളവർക്കു വേണ്ടി ലോട്ടറി ഓഫിസുകൾ പരമാവധി താഴത്തെ നിലകളിൽ പ്രവർത്തിക്കുമെന്നും അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഒന്നാം സമ്മാനം 12 കോടിയോ അതിൽ അധികമോ നൽകുന്ന ബംപർ ലോട്ടറികളുടെ ടിക്കറ്റുകൾ സുരക്ഷ കൂടുതലുള്ള ഫ്ലൂറസന്റ് നിറത്തിൽ അച്ചടിക്കും. സംസ്ഥാന ചലച്ചിത്ര അവാർഡു ജേതാവ് പി.പി.കുഞ്ഞികൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ലോട്ടറി ഡയറക്ടർ ഏബ്രഹാം റെൻ, ജോയിന്റ് ഡയറക്ടർ പി.മനോജ് എന്നിവർ പ്രസംഗിച്ചു.