കോട്ടയം: മാലിന്യ സംസ്‌കരണ പ്ലാന്റ് സ്വന്തമായി ഇല്ലാത്ത കമ്പനിക്ക് ആര്‍.സി.സിയില്‍ നിന്നു ആശുപത്രി മാലിന്യം നീക്കാന്‍ കരാർ. സണ്‍ ഏജ് കമ്പനി കരാര്‍ നേടിയതില്‍ സർക്കാരിൻ്റെ ഗുരുതര വീഴ്ചയാണ് പുറത്തു വന്നത്.
സംസ്ഥാനത്ത് ആദ്യമായാല്ല ഇത്തരത്തില്‍ യോഗ്യത ഇല്ലാത്ത കമ്പനിക്കു മാലിന്യം സംസ്‌കരണത്തിന് കരാര്‍ നല്‍കുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവ് ബ്രഹ്‌മപുരത്തേതാണ്.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷനുണ്ടായ മൊത്തം നഷ്ടം 120.44 കോടി രൂപയെന്ന് എ.ജി റിപ്പോര്‍ട്ട്. കോര്‍പറേഷനുണ്ടായ മൊത്തം നാശനഷ്ടങ്ങള്‍ക്കായി സോണ്ടയില്‍ നിന്ന് 120.44 കോടി രൂപ ക്ലെയിം ചെയ്തു. എന്നാല്‍ കരാറുകാരനില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ബയോമൈനിങ്ങിന് സോണ്ട ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയ 11.27 കോടി രൂപ ഫലമില്ലാതെ ചെലവഴിച്ചു വെന്നും പരിശോധനയില്‍ കണ്ടെത്തി. ഇക്കാര്യത്തില്‍ കൊച്ചി കോര്‍പറേഷന്റെയും സര്‍ക്കാരിന്റെയും വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ട് പുറത്തു വന്നിട്ട് ഏറെ നാളായിട്ടില്ല.
ബ്രഹ്‌മപുരത്ത് മാലിന്യ സംസ്‌കരണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ അനന്തമായി നീളുകയും തീപിടിത്തം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക-ആരോഗ്യ അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന വസ്തുത കണക്കിലെടുത്താണ് 2005 ലെ ദുരന്ത നിവാകരണ മാനേജ്‌മെന്റ് നിയമപ്രകാരം ബ്രഹ്‌മപുരത്ത് കുമിഞ്ഞുകൂടുന്ന മാലിന്യത്തിന്റെ ശാസ്ത്രീയ മാനേജ്മെന്റ് ചുമതല കോര്‍പറേഷനില്‍ നിന്ന് ഏറ്റെടുത്തു സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചത്.
ഇതോടെ കോര്‍പറേഷന്‍ നേരത്തെ നല്‍കിയ ടെന്‍ഡര്‍ റദ്ദാക്കി. ബ്രഹ്‌മപുരം പ്ലാന്റിലെ മുനിസിപ്പല്‍ ഖരമാലിന്യത്തിന്റെ (എം.എസ്.ഡബ്ല്യൂ), പുനരുദ്ധാരണം നടത്താന്‍ അനുയോജ്യമായ ഏജന്‍സിയെ കണ്ടെത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ്‌റ് കോര്‍പ്പറേഷനെ (കെ.എസ്.ഐ.ഡി.സി) ചുമതലപ്പെടുത്തി. തുടര്‍ന്ന് കെ.എസ്.ഐ.ഡി.സി പ്രോജക്റ്റിനായി ഇ-ടെന്‍ഡറുകള്‍ നടത്തി.
ടെന്‍ഡര്‍ രേഖയില്‍ നല്‍കിയിരിക്കുന്നത് പോലെയുള്ള ജോലിയുടെ വ്യാപ്തിക്ക് അനുസൃതമായി സോണ്ട കമ്പനിക്ക് പദ്ധതിയുടെ നടത്തിപ്പിനുള്ള കരാര്‍ നല്‍കി.
2016 ലെ എസ്.ഡബ്ല്യൂ.എം നിയമങ്ങള്‍, സി.പി.സി.ബി മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ പ്രകാരം ബയോ-മൈനിങ്, ക്യാപ്പിങ് രീതികള്‍ സംയോജിപ്പിച്ച് ബ്രഹ്‌മപുരത്ത് ഭൂമി വീണ്ടെടുക്കുകയായിരുന്നു പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം.
2020 ഓഗസ്റ്റ് 26 ലെ ടെന്‍ഡറിന്റെ ഭാഗമായി സോണ്ട സമര്‍പ്പിച്ച സാങ്കേതിക നിര്‍ദേശ പ്രകാരം ബ്രഹ്‌മപുരം പ്ലാന്റില്‍ 40.25 ഏക്കര്‍ സ്ഥലത്ത് 475139 സി.യു.എം കുമിഞ്ഞുകൂടിയ മാലിന്യമുണ്ട്. ഇത് പ്രകാരം സോണ്ടക്ക് 54.90 കോടി രൂപക്ക് 2021 സെപ്റ്റംബര്‍ ആറിന് കരാര്‍ നല്‍കി.
ബ്രഹ്‌മപുരത്ത് പൈതൃകമാലിന്യങ്ങളുടെ ജൈവ ഖനനം ആരംഭിച്ചു. കരാറുകാരന് അഡ്വാന്‍സായി 1.15 കോടി രൂപ തനത് ഫണ്ടില്‍ നിന്ന് 2022 ഫെബ്രുവരി അഞ്ചിനും സംസ്ഥാന ഫണ്ടില്‍ നിന്ന് ആറ് കോടി രൂപ 2022 ഫെബ്രുവരി എട്ടിനും 4.11 കോടി രൂപ 2023 ജനുവരി ആറിന് സി.എഫി.സി ഫണ്ടില്‍ നിന്നും നല്‍കി.
എന്നാല്‍, പൈതൃക മാലിന്യങ്ങളുടെ ബയോമൈനിങ് വളരെ സാവധാനത്തിലാണ് നടക്കുന്നതെന്നും ചില മാസങ്ങളില്‍ ഒരു ജോലിയും നടന്നിട്ടില്ലെന്നും മുനിസിപ്പല്‍ എന്‍ജിനീയര്‍ (എ.ഇ) വിവിധ ഘട്ടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു.
ബയോ ഖനനത്തിന്റെ പൂരോഗതി നിരീക്ഷിക്കാന്‍ രൂപീകരിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡും സാങ്കേതിക സമിതിയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കരാര്‍ കമ്പനി ശരിയായ രീതിയില്‍ മാലിന്യം വേര്‍തിരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു.
പുനരൂപയോഗിക്കാവുന്ന വസ്തുക്കള്‍ക്ക് ശേഷം ഉല്‍പ്പാദിപ്പിക്കുന്ന റഫ്യൂസ് ഡെറിവേഡ് ഫ്യൂവല്‍ (ആര്‍.ഡി.എഫ്) ബയോമൈനിങ് പ്രക്രിയയില്‍ നീക്കം ചെയ്യാത്തതിനാല്‍, വില്‍പനക്ക് മുമ്പ് പ്രദേശത്ത് അടുക്കിവെക്കേണ്ട പ്ലാസ്റ്റിക് മാലിന്യം പ്ലാന്റിന്റെ പരിസരത്ത് മുഴുവന്‍ ചിതറി കിടന്നു.
കൂറ്റന്‍ വലിപ്പമുള്ള കല്ലുകള്‍, മരക്കഷണങ്ങള്‍ മുതലായവ നല്ല മണ്ണും വലിയ പ്ലാസ്റ്റിക്കുകളും കലര്‍ന്നതായി കണ്ടെത്തി. അസംഘടിതമായി ശരിയായ സ്റ്റാക്കിങ് ഇല്ലാതെ ബാക്കിയുള്ള ആര്‍.ഡി.എഫ് കുമിഞ്ഞുകൂടി.
കരാറുകാരന്‍ നടത്തുന്ന മാലിന്യ സംസ്‌ക്കരണം 2016ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ക്ക് അനുസൃതമല്ലെന്ന് പി.ബി.സിയും ബ്രഹ്‌മപുരത്തെ ബയോമൈനിങ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സി.പി.സി.ബി) മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ഹൈകോടതി രുപീകരിച്ച സമിതിയും റിപ്പോര്‍ട്ട് ചെയ്തു.
2023 മാര്‍ച്ച് രണ്ടിന് ബ്രഹ്‌മപുരം ഖരമാലിന്യ ഡമ്പ് യാര്‍ഡില്‍ വന്‍തീപിടിത്തമുണ്ടായി. ആദ്യം ഒരു സെക്ഷനില്‍ തുടങ്ങിയത് ഉടന്‍ തന്നെ ഡമ്പിങ് യാര്‍ഡിന്റെ മുഴുവന്‍ പ്രദേശവും വിഴുങ്ങി. മാലിന്യ കൂമ്പാരത്തിലെ തീ 16 ദിവസം നീണ്ടുനിന്നു.
ഇത് നഗരത്തിലെയും സമീപത്തെയും താമസക്കാരെ വളരെയധികം ബുദ്ധിമുട്ടിച്ചു. കമ്പനി സംഭരിച്ച ബയോമൈനിങിന്റെ അവശിഷ്ടമായ പാസ്റ്റില്‍ മാലിന്യം റഫ്യൂസ് ഡെറൈവ്ഡ് ഫ്യൂവല്‍ (ആര്‍.ഡി.എഫ്) എന്നിവ തീപിടുത്തത്തിന് കാരണമായി.
120 അഗ്‌നിശമനസേനാംഗങ്ങള്‍, രണ്ട് നാവികസേ ഹെലികോപ്റ്ററുകള്‍. ബുള്‍ഡോസറുകളുടെ ഒരു കൂട്ടം, രണ്ട് വലിയ ഡീവാട്ടറിങ് പമ്പുകള്‍, ഡസന്‍ കണക്കിന് ചെറിയ വാട്ടര്‍ പമ്പുകള്‍, 35 ഫയര്‍ ടെന്‍ഡറുകള്‍ എന്നിവ ഉപയോഗിച്ച് തീയണക്കാന്‍ കെ.എം.സി 1.46 കോടി രൂപ ചെലവഴിച്ചു.
2021 സെപ്റ്റംബര്‍ ആറിന് സോണ്ടയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം, പൈതൃക മാലിന്യങ്ങളുടെ (5.9 ലക്ഷം സി.യു.എം) ബയോമൈനിങ്, കരാര്‍ നടപ്പിലാക്കിയ തീയതി മുതല്‍ ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കണം. 2016 ലെ എസ്.ഡബ്ല്യൂ.എം നിയമങ്ങളും സി.പി.സി.ബി മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് ബയോ-മൈനിങ്, ക്യാപ്പിങ് രീതികള്‍ സംയോജിപ്പിച്ച് 17 ഏക്കര്‍ ഭൂമി വീണ്ടെടുക്കണം.
നിശ്ചിത സമയത്തിനുള്ളില്‍ പുനരധിവാസ പ്രക്രിയ നടപ്പിലാക്കുന്നതില്‍ കരാറുകാരന്‍ ദയനീയമായി പരാജയപ്പെട്ടതിനാല്‍, കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ അമിതമായ ചൂടും വാതകവും സൃഷ്ടിച്ചത് ആത്യന്തികമായി തീയിലേക്ക് നയിച്ചു.
പ്രവര്‍ത്തനത്തിനുള്ള ഉത്തരവ് നല്‍കിയ 2021 ജൂലൈ 23 മുതല്‍ തീ പിടിത്തം ഉണ്ടായ 2023 മാര്‍ച്ച് രണ്ട് വരെ 19 മാസവും ഒമ്പത് ദിവസവും ഉണ്ടായിരുന്നു. ഈ കാലയളവില്‍, ഫലപ്രദമായ ഇടപെടലിന്റെയും നിരീക്ഷണത്തിന്റെയും അഭാവത്തില്‍, കരാറുകാരന്‍ പുനരധിവാസ പ്രക്രിയ വളരെ വൈകിപ്പിച്ചു.
കരാറുകാരന്റെ തെറ്റായതും നിരുത്തരവാദപരവുമായ മനോഭാവം കാരണം, കരാവുകാരന്റെ ചെലവിലും കരാര്‍ അവസാനിപ്പിക്കാനും ജോലിയുടെ പുനഃക്രമീകരണം നടത്താനും കോര്‍പറേഷന്‍ തീരുമാനിച്ചു.
കരാര്‍ തീയതി മുതല്‍ ഒമ്പത് മാസത്തിനുള്ളില്‍ ബയോമൈനിങ് പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ 2023 മാര്‍ച്ച് രണ്ടിന് ഉണ്ടായ തീപിടുത്തം ഒരിക്കലും സംഭവിക്കില്ല. തീപിടിത്തത്തെത്തുടര്‍ന്ന് പൂര്‍ത്തിയാക്കിയതായി കരാറുകാരന്‍ ജോലികള്‍ ഫലവത്തായില്ല.
ബ്രഹ്‌മപുരം പ്ലാന്റിലെ ഖരമാലിന്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കോര്‍പറേഷന്‍ 11.27 കോടി സോണ്ടക്ക് നല്‍കിയത് ഫലശൂന്യമായിയെന്നാണ് റിപ്പോര്‍ട്ട്.
സോണ്ടക്ക് മൊത്തം പേയ്‌മെന്റ് 11.27 കോടി ആയിരുന്നു. ആദായനികുതി രണ്ട് ശതമാനം 22.55 ലക്ഷം രൂപയും, കെ.സി.ഡബ്ല്യു.ഡബ്ല്യു.ബി ഒരു ശതമാനം 11.27 ലക്ഷം രൂപയും ഈടാക്കണം.
എന്നാല്‍, കെ.എം.സി.ഐ.ടിക്കായി 8.23 ലക്ഷം രൂപയും കെ.സി.ഡബ്ല്യു.ഡബ്ല്യു.എഫി.ബിക്ക് 4.11 ലക്ഷം രൂപയും മാത്രമാണ് ശേഖരിച്ചത്. ഇതില്‍ ആകെ 21.48 ലക്ഷം രൂപ നഷ്ടമായി.