/sathyam/media/media_files/2026/02/28/untitled-2026-02-28-14-55-05.jpg)
തിരുവനന്തപുരം: ഹോട്ടലുകളിലും തട്ടുകടകളിലും നിന്ന് വന്‍വില കൊടുത്ത് വാങ്ങി കഴിക്കുന്ന മീന്‍മുട്ട വിഭവങ്ങള്‍ നിങ്ങളുടെ ജീവനെടുക്കുന്ന വില്ലനായി മാറിയേക്കാം. വിഴിഞ്ഞത്ത് ഹോട്ടലില്‍ നിന്ന് മീന്‍മുട്ട കഴിച്ച് രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കിലോക്കണക്കിന് മീന്‍മുട്ടയാണ് വിഴിഞ്ഞത്തെ ഓരോ ഹോട്ടലിലും ശേഖരിച്ചിരുന്നത്. വിഴിഞ്ഞം തുറമുഖത്തിന് അടുത്ത് കടലോരത്താണ് ഇത്തരം സീഫുഡ് കടകളുണ്ടായിരുന്നത്. വിഴിഞ്ഞത്ത് മാത്രമല്ല, തലസ്ഥാനത്തും തെക്കന്‍ ജില്ലകളിലും ഹോട്ടലുകളിലും തട്ടുകടകളിലുമെല്ലാം മീന്‍മുട്ട ഫ്രൈയാക്കി നല്‍കാറുണ്ട്. വന്‍ വിലയാണ് മീന്‍മുട്ട ഫൈയ്ക്ക് ഈടാക്കുന്നത്. മിക്കയിടത്തും തൂക്കിയാണ് ഇവ നല്‍കുന്നത്.
ഇത്രയേറെ മീന്‍മുട്ട എവിടെ നിന്ന് ലഭിക്കുന്നു എന്ന സംശയത്തില്‍ ഭക്ഷ്യസുരക്ഷാ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നാണ് മീന്‍മുട്ടയെത്തുന്നതെന്ന് കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ സീഫുഡ് കമ്പനികളില്‍ നിന്നു കയറ്റുമതിക്ക് ഉപയോഗിക്കുന്ന മീനുകളില്‍ നിന്നു നീക്കം ചെയ്യുന്ന മാലിന്യമാണ് കേരളത്തിലെ ചില ഹോട്ടലുകളിലേക്ക് ഭക്ഷണ വിഭവമായി എത്തിക്കുന്നതെന്നാണ് വിലയിരുത്തല്‍.
മാലിന്യമായി ഉപേക്ഷിക്കുന്ന മീന്‍മുട്ട ഉള്‍പ്പെടെയുള്ളവ കഴുകി വൃത്തിയാക്കി കേരളത്തിലെത്തിച്ചു വലിയ വിലയ്ക്കു വില്‍ക്കും. കേരളത്തില്‍ മീന്‍മുട്ടയ്ക്ക് വന്‍ ഡിമാന്റാണെന്ന് മനസിലാക്കിയാണ് ഈ കൊള്ള.
അതേസമയം, മീന്‍മുട്ടയുടെ ഉറവിടം തേടി തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണം തുറമുഖത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ മീന്‍മുട്ട കണ്ടെത്താനായില്ല. തമിഴ്‌നാട്ടിലെ ഭക്ഷ്യസുരക്ഷാ വിഭാഗം കേരളത്തിലെ ഉദ്യോഗസ്ഥരോട് നിസഹകരിക്കുകയാണ്. കന്യാകുമാരിക്കു സമീപത്തെ മുട്ടം ഹാര്‍ബറടക്കം പരിശോധിക്കാനായിരുന്നു തീരുമാനമെങ്കിലും തമിഴ്‌നാടിന്റെ നിസഹകരണം മൂലം പരിശോധനയ്ക്ക് അനുമതി ലഭിച്ചില്ല.
തമിഴ്‌നാട്ടില്‍ നിന്ന് പഴകിയ മീന്‍മുട്ടയെത്തിച്ച് വറുത്ത് നല്‍കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതെന്നാണ് വിലയിരുത്തല്‍. തമിഴ്നാട്ടിലെ നീരോടി, മുട്ടം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്നെത്തിക്കുന്ന കടല്‍വിഭവങ്ങളും മീന്‍മുട്ടയും തെക്കന്‍ കേരളത്തില്‍ വ്യാപരമായി ഉപയോഗിക്കുന്നുണ്ട്. മീന്‍മുട്ട, വിവിധതരം വലിയ കൊഞ്ചുകള്‍, വലിപ്പമുള്ള മീനുകള്‍ എന്നിവയാണ് പ്രധാനമായും എത്തിക്കുന്നത്.
വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് മടങ്ങവെ വഴിക്കുവച്ച് അസ്വസ്ഥത ഉണ്ടായ നിലമേല്‍ സ്വദേശികളായ ഷാജി (42), റാഷിദ ബീവി(58) എന്നിവര്‍ മരണപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ കുടുംബാംഗങ്ങള്‍ പരാതിയുമായെത്തിയതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയാരംഭിച്ചത്. ഹോട്ടലില്‍ നിന്നും കഴിച്ച മീന്‍ മുട്ടയില്‍ നിന്നാകാം വിഷബാധയുണ്ടായതെന്നാണ് സംശയിക്കപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us