കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി പ്രോഗ്രാം: കേരളത്തിലെ അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ യൂറോപ്പിലേക്ക്

New Update
dfghjklkjhgfdfghjk
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള വാതില്‍തുറക്കാന്‍ ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹബ്-ബ്രസല്‍സും സംയുക്തമായി നടത്തുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി-യൂറോപ്പ് പ്രോഗ്രാമിലേക്ക് അഞ്ച് സ്റ്റാര്‍ട്ടപ്പുകളെ  തെരഞ്ഞെടുത്തു.

കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യമിട്ട് കെഎസ് യുഎമ്മും ഹബ്-ബ്രസല്‍സും ഒപ്പുവച്ച ധാരണാപത്രത്തിന് ശേഷമുള്ള ആദ്യ നാഴികക്കല്ലാണിത്.

ലേറീസ്.എഐ, ജെസ്റ്റ് ടെക്നോളജീസ്, ആര്‍ഐഒഡി ആര്‍എന്‍ഡി സ്ക്വയര്‍, വിസ് ലേക്ക്  അനലിറ്റിക്സ്, ഇന്നോഡോട്ട്സ് ഇന്നൊവേഷന്‍സ് എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, എനര്‍ജി മാനേജ്മെന്‍റ്, അനലിറ്റിക്സ്, സ്മാര്‍ട്ട് ഓട്ടോമേഷന്‍ തുടങ്ങിയ മേഖലകളില്‍ നൂതന ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പുകളാണിവ.

തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന ആദ്യഘട്ട പരിപാടിയില്‍ പങ്കെടുക്കും. സൗജന്യ വര്‍ക്കിംഗ് സ്പെയ്സ്, ബിസിനസ് വിദഗ്ധോപദേശം, മീറ്റിംഗ് റൂം സൗകര്യം, ബിസിനസ് ശൃംഖല വിപുലമാക്കാനുള്ള അവസരം തുടങ്ങിയവ ലഭ്യമാകും.

പന്ത്രണ്ട് ആഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ വിപണികളിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്ന മെന്‍റര്‍ഷിപ്പ്, നിക്ഷേപകരുമായുള്ള നെറ്റ്വര്‍ക്കിംഗ്, പിന്തുണ എന്നിവ ലഭിക്കും.

ബെല്‍ജിയത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടേയും സാമ്പത്തിക വികസനത്തിന്‍റേയും ചുമതലയുള്ള പ്രാദേശിക ഏജന്‍സിയാണ് ഹബ് ബ്രസല്‍സ്. കേരളവും ബെല്‍ജിയവും മുന്നോട്ട് വയ്ക്കുന്ന മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ആഗോളതലത്തില്‍ അവതരിപ്പിക്കാനും ആഗോള വിപണിലേക്ക് എളുപ്പത്തിലെത്താനും പരിപാടി സഹായകമാകും.
Advertisment
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് വളര്‍ത്താനും യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താനും  വിപണി സാനിദ്ധ്യം ഉറപ്പാക്കാനും ഇതിലൂടെ അവസരമൊരുങ്ങും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://startupinfinity.startupmission.in/europe സന്ദര്‍ശിക്കുക.
Advertisment