കേരളത്തില്‍ ഓണാഘോഷത്തിനെത്തിയ വിദേശ വിനോദസഞ്ചാരികള്‍ ടൂറിസം മന്ത്രിയുമായി സംവദിച്ചു

New Update
Photo 3
തിരുവനന്തപുരം: എട്ട് ദിവസത്തെ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം പ്രതിനിധി സംഘം ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസുമായി സംവദിക്കുകയും ഓണക്കാല അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ടൂറിസം വകുപ്പ് നടത്തിയ അന്താരാഷ്ട്ര ഓണ്‍ലൈന്‍ പെയിന്‍റിംഗ് മത്സരത്തിന്‍റെ മൂന്നാം പതിപ്പിലെ വിജയികളും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

പത്ത് രാജ്യങ്ങളില്‍ നിന്നുള്ള ഉത്തരവാദിത്ത ടൂറിസം പ്രതിനിധികളാണ് ഓണാഘോഷത്തില്‍ പങ്കുചേരാനും നാടും നഗരവും തനത് ജീവിതവും നേരില്‍ കണ്ടറിയാനും സംസ്ഥാനത്ത് എത്തിയത്. കേരള ഉത്തരവാദിത്ത ടൂറിസം (ആര്‍.ടി) മിഷന്‍ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
Advertisment

Photo 1



ടൂറിസം മന്ത്രിയുടെ നിര്‍ദേശപ്രകാരം കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരികോത്സവമായ ഓണത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഉത്തരവാദിത്ത ടൂറിസം പ്രതിനിധി സംഘത്തെ സംസ്ഥാനത്ത് എത്തിച്ചത്. സെപ്റ്റംബര്‍ 4 ന് ആരംഭിച്ച സന്ദര്‍ശനം 11 വരെ നീളും. വിവിധ പ്രദേശങ്ങളിലെ ഓണാഘോഷങ്ങളില്‍ പങ്കുചേരാനും ഗ്രാമീണ സമൂഹത്തോടൊപ്പം ഓണം ആഘോഷിക്കാനും സംഘത്തിന് അവസരം ലഭിച്ചു.

കേരളത്തിലെ അതുല്യമായ കാഴ്ചാനുഭവങ്ങള്‍ സഞ്ചാരികള്‍ വിവരിച്ചു. മനോഹരമായ ഭൂപ്രകൃതിയെയും കായലുകളെയും ഗ്രാമീണ ജീവിതത്തിന്‍റെ സവിശേഷതകളെയും കുറിച്ചായിരുന്നു ഏറെപ്പേരും സംസാരിച്ചത്.

കേരളത്തിലെ ടൂറിസം അനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം സംഘം അതത് രാജ്യങ്ങളിലെ കേരള ടൂറിസത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മാറുമെന്ന് മന്ത്രി പറഞ്ഞു. ഓണം ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്‍റെ സംസ്കാരവുമായി പരിചയപ്പെടുന്നതിനു പുറമേ ആഗോളതലത്തില്‍ പ്രശംസ നേടിയ ടൂറിസം മാതൃകയായ ഉത്തരവാദിത്ത, സുസ്ഥിര ടൂറിസം സംരംഭങ്ങളുടെ നേരിട്ടുള്ള അനുഭവങ്ങളും സന്ദര്‍ശകര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു.ആര്‍.ടി മിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ്കുമാര്‍ കെ സംസാരിച്ചു.

Photo 2

 യു.കെ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ് ലന്‍ഡ്, വിയറ്റ്നാം, തായ് വാന്‍, നേപ്പാള്‍, ശ്രീലങ്ക, റൊമാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് സംഘത്തിലുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്തരവാദിത്ത ടൂറിസം നേതാക്കള്‍, അക്കാദമിഷ്യന്മാർ , ഗവേഷകര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരും സംഘത്തില്‍ ഉള്‍പ്പെടുന്നു.

പെയിന്‍റിംഗ് മത്സരത്തില്‍ വിജയികളായ സെര്‍ബിയ, ബള്‍ഗേറിയ, റഷ്യ, ഉസ്ബെസ്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ജര്‍മനി, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

Advertisment