വിദേശ സർവകലാശാലാ വിഷയത്തിൽ കൈപൊള്ളി, തന്ത്രപരമായി പിന്മാറി സി.പി.എം. സർക്കാർ തലത്തിൽ തുടർ നടപടികളുണ്ടാവില്ല. ആരെങ്കിലും യു.ജി.സി അനുമതിയുമായി വന്നാൽ യൂണിവേഴ്സിറ്റി തുടങ്ങുന്നത് തടയാനാവില്ല. ഇത്രയും കടുത്ത വിവാദമുണ്ടായത് സംസ്ഥാനത്തിന് യാതൊരു അധികാരവും ഇല്ലാത്ത വിഷയത്തിൽ

ഖജനാവിലെ പണം മുടക്കാതെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരുമെന്നും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഹബാവാനുള്ള ശ്രമത്തിന് ഇത് അനിവാര്യമാണെന്നുമാണ് സർക്കാർ വിലയിരുത്തിയത്

New Update
cpm main office.jpg

തിരുവനന്തപുരം: വിദേശ സർവകലാശാലാ വിഷയത്തിൽ സി.പി.ഐയും എസ്.എഫ്.ഐയുമടക്കം ഇടത് സംഘടനകളെല്ലാം എതിർത്തതോടെ കൈപൊള്ളി പിന്മാറി സി.പി.എം. വിദേശ സർവകലാശാലകൾ നാളെ നടപ്പാക്കുമെന്നല്ല, വിദേശ സർവകലാശാലകളുടെ സാദ്ധ്യതകൾ പരിശോധിക്കുമെന്നാണ് ബജറ്റിൽ പറഞ്ഞതെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞതിന് പിന്നാലെ ഇതുസംബന്ധിച്ച തുടർനടപടികളെല്ലാം സർക്കാർ മരവിപ്പിച്ചു. പക്ഷേ ആരെങ്കിലും യു.ജി.സിയുടെ അനുമതിയുമായി വന്നാൽ സംസ്ഥാന സർക്കാരിന് തടയാനാവില്ല. ചുരുക്കത്തിൽ സർക്കാരിന് കാര്യമില്ലാത്ത വിഷയത്തിലാണ് ഇത്രയധികം വിവാദം ബജറ്റ് പ്രഖ്യാപനത്തിലൂടെ പൊട്ടിപ്പുറപ്പെട്ടത്.

Advertisment

വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിൽ കേരളത്തിന് ഒരു റോളുമില്ലെന്നാണ് യാഥാർത്ഥ്യം. കേരളത്തിൽ നിന്ന് പ്രതിവർഷം 35000കുട്ടികൾ വിദേശത്ത് പഠിക്കാൻ പോവുന്നു. കോടിക്കണക്കിന് രൂപ ഫീസിനത്തിൽ പുറത്തേക്കൊഴുകുന്നു. ഇവരെ പിടിച്ചുനിറുത്താൻകൂടി ലക്ഷ്യമിട്ടാണ് വിദേശവാഴ്സിറ്റികൾക്കുള്ള അനുമതി. സംസ്ഥാനം എതിർത്താലും വിദേശ യൂണിവേഴ്സിറ്റികൾക്ക് ഇവിടെ ക്യാമ്പസുകൾ തുടങ്ങാനാവും. സർക്കാരിന്റെ എൻ.ഒ.സി പോലുമില്ലാതെ യു.ജി.സിയുടെ അനുമതികളെല്ലാം കിട്ടും.

സർവകലാശാലകൾക്ക് സ്റ്റാമ്പ്, ട്രാൻസ്ഫർ, രജിസ്ട്രേഷൻ നികുതികളിലും വൈദ്യുതി-കുടിവെള്ള നിരക്കുകളിലും വമ്പൻ ഇളവുകളോടെ ഏകജാലക ക്ലിയറൻസ് നൽകുമെങ്കിലും സംസ്ഥാന സർക്കാരിന് യൂണിവേഴ്സിറ്റികളിൽ നിയന്ത്രണമുണ്ടാവില്ല. പ്രവേശനം, ഫീസ്, സിലബസ്, പരീക്ഷ, ഫലപ്രഖ്യാപനം എന്നിവയിലൊന്നും സർക്കാരിന് ഇടപെടാനാവില്ല. സ്വകാര്യ യൂണിവേഴ്സിറ്റികളിൽ പട്ടിക സംവരണം ഉറപ്പാക്കാമെങ്കിലും വിദേശ യൂണിവേഴ്സിറ്റിയിൽ അതുമില്ല.  

പാർട്ടി സെക്രട്ടറി ഗോവിന്ദൻ പറയുന്നത് ഇങ്ങനെയാണ്- വിദേശ സർവകലാശാലകൾക്ക് അന്നും ഇന്നും സി.പി.എം എതിരാണ്. എന്നാൽ പാർട്ടിയും സർക്കാരും ഒന്നല്ല, രണ്ടും രണ്ടാണ്. പാർട്ടി നിലപാടുകളും തീരുമാനങ്ങളും അതേ പടി സർക്കാറിന് നടപ്പാക്കാനാവില്ല. സോഷ്യലിസ്റ്റ് വിപ്ലവം നടന്ന നാടല്ല ഇത്. വിദേശ സർവകലാശാലകൾ എന്നത് കേന്ദ്രസർക്കാർ പുതിയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുത്തിയ കാര്യമാണ്. സർക്കാർ എന്ന നിലയിൽ കേരളത്തിന് ഇക്കാരൃത്തിൽ നിലപാട് എടുക്കാതെ മാറി നിൽക്കാനാവില്ല. മറ്റ് സംസ്ഥാനങ്ങളെല്ലാം ഇത്തരത്തിൽ യൂണിവേഴ്സിറ്റികൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രം പറഞ്ഞപടി ഈച്ചക്കോപ്പിയടിക്കാനല്ല കേരളം തീരുമാനിച്ചത്.

അതുകൊണ്ടാണ് പരിശോധിക്കാമെന്ന് ബജറ്റിൽ പരാമർശിച്ചത്. ആരോടെല്ലാം ചർച്ച നടത്താമോ അവരുമായെല്ലാം സംസാരിക്കും. പഴുതുകൾ എന്തെല്ലാമെന്ന പരിശോധനയാണ് ഇക്കാര്യത്തിൽ നടക്കുക. പൊതുവിദ്യാഭ്യാസത്തോടുള്ള പ്രതിബന്ധതയും സുതാര്യതയും നിലനിറുത്തിക്കൊണ്ടാകും ചർച്ച. എന്നാൽ നാളെത്തന്നെ വിദേശ സർവകലാശാല അംഗീകരിക്കുമെന്നല്ല ഇതിനർത്ഥം. സർക്കാർ എന്ന നിലയിൽ എന്ത് സമീപനം ഇക്കാര്യത്തിൽ സ്വീകരിക്കാനകുമെന്നാണ് നോക്കുന്നത്. സി.പി.ഐ ഇക്കാര്യത്തിൽ എതിർപ്പൊന്നും പറഞ്ഞിട്ടില്ല.

അതേ സമയം വിദേശ സർവകലാശാലകൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ല എന്ന നിലപാട് സ്വീകരിക്കാനുമാവില്ല. വിദ്യഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം നേരത്തെ തന്നെ കേരളത്തിലുണ്ടെന്നും അതുകൊണ്ട് സ്വകാര്യ നിക്ഷേപം പ്രശ്നമല്ല.  സി.പി.എം മുദ്രാവാക്യമെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നടപ്പിലാക്കാനാകില്ല. സർക്കാരിന് പാർട്ടി നിലപാട് നടപ്പിലാക്കാനാകില്ല. അത് 1957ൽ തന്നെ സാധിച്ചിട്ടില്ല. അതാണ് പരിമിതി- പാർട്ടി സെക്രട്ടറി വിശദീകരിച്ചു.
 

 അതേസമയം, ഖജനാവിലെ പണം മുടക്കാതെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരുമെന്നും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഹബാവാനുള്ള ശ്രമത്തിന് ഇത് അനിവാര്യമാണെന്നുമാണ് സർക്കാർ വിലയിരുത്തിയത്.

വിദേശപഠനത്തിന് പോവുന്നവരെ പിടിച്ചുനിറുത്താമെന്ന ലക്ഷ്യത്തെ വിമർശിക്കുന്നവരുമുണ്ട്. സ്ഥിരതാമസം, വർക്ക്പെർമിറ്റ് എന്നിവ നൽകുന്ന രാജ്യങ്ങളിലേക്കാണ് കൂടുതൽ പേരും പോവുന്നത്. കൂടുതൽ സ്വതന്ത്രമായ സാമൂഹ്യസാഹചര്യം, വായ്പയുടെ ലഭ്യതക്കൂടുതൽ എന്നിവയും കുടിയേറ്റത്തിന് കാരണങ്ങളാണ്. ആരോഗ്യം, ശാസ്ത്രഗവേഷണം,മുൻപ് ബിരുദാനന്തര ബിരുദത്തിന് വിദേശത്ത് പോയിക്കൊണ്ടിരുന്നവർ ഇപ്പോൾ പ്ലസ്ടു കഴിയുമ്പോഴേ  നാടുവിടുന്നു. വിദേശത്ത് പോകുന്ന യുവാക്കൾ അവിടെത്തന്നെ സ്ഥിരതാമസമാക്കുകയാണ്. ഉപരിപഠനത്തിനു ശേഷം ഇവർ തിരിച്ചുവരാത്തതിനാലും കുടുംബത്തെക്കൂടി അവിടേക്ക് കൊണ്ടുപോവുന്നതിനാലും യൂറോപ്യൻ കുടിയേറ്റം കേരളത്തിന് ഗുണകരമാവുന്നില്ല. യൂറോപ്പിലേക്ക് പറിച്ചുനടുന്നവരാരും ഇവിടേക്ക് പണം അയയ്ക്കുന്നുമില്ല.

Advertisment