താനൂര്‍ കസ്റ്റഡി മരണം, കൂടുതല്‍ ആരോപണങ്ങളുമായി ഫോറന്‍സിക് സര്‍ജന്‍. കേസ് അട്ടിമറിക്കാന്‍ ഫോറന്‍സിക് വിധഗ്ധരുടെ ഭാഗത്തു നിന്നും നീക്കങ്ങളുണ്ടായെന്ന് ഹിതേഷ് ശങ്കര്‍

പൊലീസ് ഗ്രൂപ്പുകളില്‍ തനിക്കെതിരെ സൈബര്‍ ആക്രമണമാണ് നടക്കുന്നത്

New Update
Tanurn.

മലപ്പുറം : താനൂര്‍ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി ഫോറന്‍സിക് സര്‍ജന്‍ ഹിതേഷ് ശങ്കര്‍. കേസ് അട്ടിമറിക്കാന്‍ ഫോറന്‍സിക് വിധഗ്ധരുടെ ഭാഗത്തു നിന്നും നീക്കങ്ങളുണ്ടായെന്ന് ഹിതേഷ് ശങ്കര്‍ ഫെയ്സ് ബുക്ക് കുറിപ്പില്‍ ആരോപിച്ചു. പൊലീസ് ഗ്രൂപ്പുകളില്‍ തനിക്കെതിരെ സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

Advertisment

റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലെന്നും പ്രതികളുടെ വലുപ്പച്ചെറുപ്പം നോക്കിയല്ലെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടാതെ ഉത്തരവാദിത്തം നിര്‍വഹിക്കാനായെന്നും ഹിതേഷ് ശങ്കര്‍ പറയുന്നു.  താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ പോസ്റ്റുമോര്‍ട്ടം ചെയ്തത്  ഡോ ഹിതേഷ് ശങ്കറായിരുന്നു. ശരീരത്തിലേറ്റ പരിക്കുകളും മരണ കാരണമായെന്നായിരുന്നു ഡോ ഹിതേഷിന്‍റെ റിപ്പോര്‍ട്ട്.

എന്നാല്‍ മരണ കാരണം അടക്കം നിര്‍ണ്ണായക വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയതായി ആരോപിച്ച് ഹിതേഷ് ശങ്കറിനെതിരെ പൊലീസ് രംഗത്തെത്തിയിരുന്നു. അടുത്ത ബന്ധു ഉള്‍പ്പെട്ട കേസ് ഒത്തുതീര്‍ക്കാത്തതിലുളള വിരോധം തീര്‍ക്കുകയാണെന്ന ആരോപണവും പൊലീസ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. 

താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മലപ്പുറം എസ്പി സുജിത് ദാസ് പരിശീലനത്തിനായി പോകുകയാണ്. അടുത്ത മാസം നാലു മുതൽ ഹൈദരാബാദ് നാഷണൽ പൊലീസ് അക്കാദമിയിലാണ് പരിശീലനം. സുജിത് ദാസിന് പകരം മലപ്പുറം എസ്പിയുടെ ചുമതല പാലക്കാട് എസ് പി ആനന്ദിന് കൈമാറി.

എസ് പിക്ക് കീഴിലുള്ള ഡാന്‍സാഫ് ടീമിലെ നാല് പൊലീസ് ഉദ്യോഗസ്ഥരെ താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍  ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എസ് പിയെ മാറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടിയിലാണ് എസ് പി പരിശീലനത്തിനായി തിരിക്കുന്നത്. 

malappuram tanur-custodial-death tamir jifri
Advertisment