/sathyam/media/media_files/2025/11/17/img38-2025-11-17-19-58-54.png)
തൃശൂര്‍: കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ ബീന മുരളി സിപിഐ വിട്ടു. കോര്‍പ്പറേഷന്‍ കൃഷ്ണാപുരം ഡിവിഷനിലെ കൗണ്‍സിലറായ ബീനയെ പുറത്താക്കിയതായി പാര്‍ട്ടിയും അറിയിച്ചു.
വരുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ കാളത്തോട് ഡിവിഷനില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് ബീന പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ ഭരണ നേതൃത്വവുമായി നിരന്തര സംഘര്‍ഷത്തിലായിരുന്നു ബീന.
ഡിവിഷനുകളുടെ പുനഃസംഘടനയിലും ഇടതു നേതൃത്വം തന്റെ ഡിവിഷന്‍ ഇല്ലാതാക്കിയെന്ന് ബീന മാധ്യങ്ങളിലൂടെ തുറന്നടിച്ചിരുന്നു.
കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയറും കൃഷ്ണാപുരം ഡിവിഷന്‍ കൗണ്‍സിലറുമായ ബീന മുരളി സിപിഐയില്‍ നിന്ന് രാജിവെച്ചത് അധികാരമോഹം കൊണ്ടുള്ള മതിഭ്രമം ബാധിച്ചതിനാലാണ് എന്ന് സിപിഐ തൃശൂര്‍ മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗമായ ബീന മുരളി കഴിഞ്ഞ കുറേ നാളുകളായി പാര്‍ട്ടിയുടെ പ്രാഥമിക അച്ചടക്കത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
അവര്‍ പങ്കെടുക്കേണ്ട പ്രധാനപ്പെട്ട യോഗങ്ങളില്‍പോലും പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്ന രീതിയാണ് സ്വീകരിച്ചു വന്നിരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
2005 ല്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് വേണ്ടി മാത്രമാണ് ബീന മുരളി സി പി ഐയില്‍ അംഗത്വം എടുത്തത്. അതിനുശേഷം 15 വര്‍ഷക്കാലവും ബീന മുരളി ജനപ്രതിനിധി ആയിരുന്നു.
അതില്‍ ഒരു ടേമില്‍ പാര്‍ട്ടി ബീന മുരളിയെ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ആക്കുകയും ചെയ്തു. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗവും മണ്ഡലം കമ്മിറ്റിയംഗവുമാക്കി. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ഉള്‍പ്പെടെ വിവിധ പദവികള്‍ നല്‍കി.
ഇത്രയൊക്കെ അവസരങ്ങള്‍ നല്‍കിയിട്ടും പാര്‍ട്ടി അവഗണിച്ചു എന്ന ബീന മുരളിയുടെ പ്രസ്താവന തികഞ്ഞ അധികാരമോഹം മാത്രമാണ്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ധാരണ പ്രകാരം പഴയ നടത്തറ ഡിവിഷന്‍ പൂര്‍ണമായും കൃഷ്ണാപുരം ഡിവിഷന്റെ ഏതാനും ഭാഗങ്ങളും കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ട പുതിയ കൃഷ്ണപുരം ഡിവിഷന്‍ ജനതാദള്‍ (എസ്) ന് മത്സരിക്കാന്‍ നല്‍കിയിരുന്ന സീറ്റാണ്.
കൃഷ്ണാപുരം ഡിവിഷനില്‍ നിന്ന് മത്സരിക്കണം എന്ന് ബീന അധികാരമോഹം മൂത്ത് നിരന്തരമായി ആവശ്യപ്പെട്ടിരുന്നതാണ്.
മുന്നണി മര്യാദയുടെ ലംഘനമെന്ന നിലയില്‍ ആ ആവശ്യം പാര്‍ട്ടിയ്ക്ക് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. മാത്രമല്ല മൂന്ന് ടേം മത്സരിച്ച വരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ല എന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ നിശ്ചയിച്ച മാനദണ്ഡം അനുസരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.
കഴിഞ്ഞ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ സിപിഐക്ക് അവകാശപ്പെട്ട ഡെപ്യൂട്ടി മേയര്‍ പദവി ഇല്ലാതായതും ബീനയുടെ അധികാരമോഹം കൊണ്ടുമാത്രമാണ്. പാര്‍ട്ടി നേതൃത്വത്തെ തുടര്‍ച്ചയായി ധിക്കരിക്കുന്ന ബീന മുരളിയുടെ നടപടിയില്‍ പല തവണ താക്കീത് നല്‍കിയിരുന്നതാണ്.
പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന ബീന മുരളിയുടെ നടപടി പാര്‍ട്ടി അംഗത്തിന് നിരക്കുന്നതല്ല. ഈ സാഹചര്യത്തില്‍ അടിയന്തരമായി ചേര്‍ന്ന പാര്‍ട്ടി മണ്ഡലം സെക്രട്ടേറിയറ്റ് യോഗം ബീന മുരളിയെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us