കെ.ആർ. നാരായണൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിയ പ്രതിഭ : രാഷ്ട്രപതി ദ്രൗപദി മുർമു

മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ രാജ്ഭവനിൽ അനാച്ഛാദനം ചെയ്തു

New Update
1038b346-ad69-4952-b39f-905e2b709864

തിരുവനന്തപുരം : ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന  കെ. ആർ. നാരായണൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വവും ലാളിത്യത്തിന്റെ പ്രതീകവും ആയിരുന്നെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. പ്രമുഖ രാഷ്ട്രതന്ത്രജ്ഞനും, നയതന്ത്രജ്ഞനുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം സമത്വം, സത്യസന്ധത, പൊതുസേവനം എന്നീ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ എല്ലാവർക്കും പ്രചോദനമാണ്. രാജ്ഭവനിൽ സ്ഥാപിച്ച മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ  അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

Advertisment

വിദ്യാഭ്യാസത്തിനും സാമൂഹ്യനീതിക്കും വേണ്ടി കെ.ആർ. നാരായണൻ നടത്തിയ പരിശ്രമങ്ങൾ എന്നും ഓർമ്മിക്കപ്പെടേണ്ടതാണ്. അചഞ്ചലമായ സമർപ്പണത്തിലൂടെയും വിദ്യാഭ്യാസത്തിന്റെ ശക്തിയിലൂടെയുമാണ് കെ.ആർ. നാരായണൻ രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിൽ എത്തിയത്.

7eee51e6-8912-44db-bfaf-4f0b2df23793

ഇന്ത്യൻ വിദേശകാര്യ സർവീസിലെ ഔദ്യോഗിക ജീവിതത്തിലും സമാധാനം, നീതി, സഹകരണം എന്നീ ആശയങ്ങളാണ് കെ.ആർ. നാരായണൻ ഇന്ത്യയ്ക്ക് വേണ്ടി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. രാജ്യത്തിന്റെയും മനുഷ്യന്റെയും വികസനത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്കിന് അദ്ദേഹം ഊന്നൽ നൽകി. സാധാരണ ജനങ്ങളുടെ ജീവിതം ഉയർത്തുന്നതിനായി പ്രവർത്തിച്ച അദ്ദേഹം ഭാവി തലമുറകൾക്ക് പ്രചോദനമാകുന്ന നേതൃഗുണങ്ങളുടെ പ്രതീകമാണ്. ധാർമികത, സത്യസന്ധത, അനുകമ്പ, ജനാധിപത്യപരമായ മനോഭാവം എന്നിവ അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചു.

അദ്ദേഹത്തിന്റെ മൂല്യങ്ങളും ജീവിതസന്ദേശവും രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള പാതയിൽ എന്നും മാർഗദീപമാകും. രാജ്ഭവനിൽ കെ.ആർ. നാരായണന്റെ പ്രതിമ സ്ഥാപിക്കുന്നതിലൂടെ രാജ്യത്തിന്റെ സ്‌നേഹാദരവ് അദ്ദേഹത്തിന് നൽകുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു.

9a7f0c8f-b95c-40ea-81d5-53fb40774c3e

മുൻ രാഷ്ട്രപതിമാരുടെ ഓർമ്മ നിലനിർത്തുന്നതിനുള്ള ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് നേതൃത്വം നൽകിയ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാഷ്ട്രപതി നന്ദി അറിയിച്ചു. കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

ചടങ്ങിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ സംസാരിച്ചു. ഗവർണറുടെ പത്നി അനഘ അർലേക്കർ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, വി.എൻ. വാസവൻ, പി. പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി, സ്പീക്കർ എ.എൻ. ഷംസീർ, മേയർ ആര്യ രാജേന്ദ്രൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, ആന്റണി രാജു എം.എൽ.എ., സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

cd7d21e8-6d95-474d-aebc-5a97581c9d60

രാജ്ഭവനിൽ അതിഥി മന്ദിരത്തോടു ചേർന്നുള്ള സ്ഥലത്താണ് കെ.ആർ. നാരായണന്റെ മൂന്നടി ഉയരമുള്ള അർദ്ധകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണച്ചുമതല. ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഇ.കെ. നാരായണൻ കുട്ടിയുടെ മേൽനോട്ടത്തിൽ ശില്പി സിജോയാണ് പ്രതിമയുടെ രൂപകൽപ്പന.

Advertisment