ബിനാലെ ഫൗണ്ടേഷന്റെ ചലച്ചിത്ര വര്‍ക്ക് ഷോപ്പില്‍ പിറന്നത് നാല് സിനിമകള്‍

New Update
KMB 2025

കൊച്ചി:കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) നടത്തിയ ചലച്ചിത്ര വര്‍ക്ക് ഷോപ്പിൽ നാല് യുവ ചലച്ചിത്രകാരന്മാര്‍ ഒരുക്കിയത് നാല് ഹ്രസ്വചിത്രങ്ങള്‍. സമകാലിക വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ഈ സിനിമകള്‍ ചലച്ചിത്രനിര്‍മ്മാണത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് സിനിമയുടെ ലോകത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടാണെന്ന് ഫൗണ്ടേഷന്‍ അഭിപ്രായപ്പെട്ടു.

യുവ കലാകാരന്മാര്‍ക്കായി ഡിജിറ്റല്‍ സ്റ്റോറി ടെല്ലിംഗില്‍ പരിശീലനം നല്‍കുന്നത് ലക്ഷ്യമിട്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൂട്ട്പ്രിന്റ് സെന്റര്‍ ഫോര്‍ ലേണിംഗിന്റെ (എഫ്പിസിഎല്‍) നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ വര്‍ക്ക്ഷോപ്പ് കെബിഎപ് നടത്തിയത്.  കേരളത്തിനകത്തും പുറത്തുനിന്നുമായി 16-നും 24-നും ഇടയില്‍ പ്രായമുള്ള 13 വിദ്യാര്‍ത്ഥികളാണ് പരിശീലന കളരിയില്‍ പങ്കെടുത്തത്.

ഫോര്‍ട്ട് കൊച്ചിയിലെ ഡേവിഡ് ഹാളിലാണ് സ്വതന്ത്ര ചലച്ചിത്രകാരന്മാരായ ബിദിഷ റോയ് ദാസ്, പ്രിയഞ്ജന ദത്ത എന്നിവര്‍ നയിച്ച പരിശീലനകളരി നടന്നത്. ആശയ രൂപീകരണം മുതല്‍ സിനിമയുടെ ഫൈനല്‍ കട്ട് വരെയുള്ള കാര്യങ്ങള്‍ പരിശീലനകളരിയില്‍ അവര്‍ക്ക് പരിചയപ്പെടുത്തി. കൂടാതെ, ഒന്‍പത് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും അടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരക്കഥാരചനയിലും സ്റ്റോറി ബോര്‍ഡിംഗിലും വിദഗ്ദ്ധര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇതിനൊപ്പം സാങ്കേതിക വശങ്ങളെക്കുറിച്ചും എഡിറ്റിംഗിനെക്കുറിച്ചും പഠിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച അവസാനിച്ച വര്‍ക്ക്ഷോപ്പില്‍ വിദ്യാര്‍ത്ഥികള്‍ നാല് ഹ്രസ്വചിത്രങ്ങളാണ് നിര്‍മ്മിച്ചതെന്ന കെബിഎഫിന്റെ പ്രോഗ്രാം മാനേജര്‍ റെബേക്ക മാര്‍ട്ടിന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് വര്‍ക്ക്ഷോപ്പ് നടത്തിയത്. കൊല്‍ക്കത്തയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും രണ്ട് പേര്‍ വീതമുണ്ടായിരുന്നു. അറുപതോളം അപേക്ഷകരില്‍ നിന്നാണ് 13 പേരെ തിരഞ്ഞെടുത്തതെന്നും റെബേക്ക പറഞ്ഞു.

ഒരു റെസ്റ്റോറന്റിലെ അനുഭവവും പ്രണയകഥയുമൊക്കെ നാല് ഹ്രസ്വചിത്രങ്ങളില്‍ വിഷയങ്ങളായി. പത്രപ്രവര്‍ത്തകയും ക്ലാസിക്കല്‍ സംഗീതജ്ഞയുമാണ്് പരിശീലന പരിപാടി നയിച്ച ബിദിഷ. 2020-ല്‍ ആരംഭിച്ച എഫ്പിസിഎല്‍-ന്റെ വാര്‍ഷിക ഫൂട്ട്പ്രിന്റ് ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരാണ് ഷില്ലോംഗ് സ്വദേശിയായ പ്രിയഞ്ജനയും ബിദിഷയും.

ഡിസംബര്‍ പന്ത്രണ്ടിനാണ് കൊച്ചി-മുസിരിസ് ബിനാലെ 2025 നടക്കുന്നത്. 'ഫോര്‍ ദി ടൈം ബീയിംഗ്' എന്ന പ്രമേയത്തില്‍ നടക്കുന്ന 110 ദിവസത്തെ സമകാലീനകലാ വിരുന്നിന് ആര്‍ട്ടിസ്റ്റ് നിഖില്‍ ചോപ്രയുടെ മേല്‍നോട്ടത്തില്‍ ഗോവ ആസ്ഥാനമായുള്ള ആര്‍ട്ടിസ്റ്റ് ഓര്‍ഗനൈസേഷനായ എച്ച്എച്ച് ആര്‍ട്ട് സ്‌പേസസ് ക്യൂറേറ്റ് ചെയ്യുന്നു. 2026 മാര്‍ച്ച് 31-നാണ് ബിനാലെ സമാപിക്കുന്നത്.

Advertisment