/sathyam/media/media_files/9P2rDyrkjAZVITHsYNoj.jpg)
കണ്ണൂർ: സി.ബി.ഐ ചമഞ്ഞ് തളിപ്പറമ്പ് പാളിയത്തുവളപ്പ് സ്വദേശിയുടെ മൂന്നേകാൽ കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാൾ പൊലീസ് പിടിയിലായി. കോഴിക്കോട് സ്വദേശി എം.പി. ഫഹ്‌മി ജവാദിനെയാണ് (22) ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീർത്തി ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
കഴിഞ്ഞ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ മൂന്ന് വരെയുള്ള തീയതികളിലായാണ് പാളിയത്തുവളപ്പ് സ്വദേശി കെ.വി. ഭാർഗവനിൽനിന്ന് മൂന്നുകോടിയിലേറെ രൂപ തട്ടിയെടുത്തത്.
മുംബൈ ടെലികോം ഉദ്യോഗസ്ഥനാണെന്നുപറഞ്ഞ് ഒരാൾ ആദ്യം വിഡിയോ കോളിൽ ബന്ധപ്പെട്ടു. ഗൾഫിലായിരുന്ന ഭാർഗവന്റെ ആധാർ കാർഡ് ഉപയോഗിച്ച് എടുത്ത സിം കാർഡ് ഓൺലൈൻ നിക്ഷേപ തട്ടിപ്പിന് ഉപയോഗിച്ചതായും തട്ടിപ്പിൽ കുടുങ്ങിയ ഒരു കുടുംബം ആത്മഹത്യ ചെയ്തതിനാൽ നിങ്ങളെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു.
പിന്നീട് മുംബൈ പൊലീസാണെന്നും സി.ബി.ഐ ഓഫിസറാണെന്നും പറഞ്ഞ് ഓരോരുത്തൽ വിളിച്ചു. ഭയന്നുപോയ ഭാർഗവൻ അക്കൗണ്ടുവിവരങ്ങൾ കൈമാറി. സ്വന്തം അക്കൗണ്ടിൽനിന്നും ഭാര്യയുടെ അക്കൗണ്ടിൽ നിന്നുമുള്ള പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു.
3,15,50,000 രൂപയാണ് ഭാർഗവനിൽ നിന്ന് തട്ടിയെടുത്തത്. പണം കൈമാറിയശേഷമാണ് തട്ടിപ്പാണെന്ന് ഭാർഗവന് മനസ്സിലായത്. ഇതേത്തുടർന്ന് കഴിഞ്ഞ നാലിന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. കോടികളുടെ തട്ടിപ്പായതിനാൽ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന അഫ്‌സാന ടൂർ ആൻഡ് ട്രാവൽസ് കേന്ദ്രമാക്കിയാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. ഏഴംഗസംഘമാണ് തട്ടിപ്പിന് പിറകിൽ. ഇതിൽ ചിലർ കൊല്ലം ജില്ലക്കാരാണ്. നാട്ടിലെ സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകളാണ് തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത്.
പിടിയിലായ ഫഹ്മി ജവാദിന്റെ അക്കൗണ്ടിൽ ഇങ്ങനെ വൻ തുക എത്തിയതായും വ്യക്തമായിട്ടുണ്ട്. പയ്യന്നൂരിലെ ടാക്സ് ഓഫിസർ എഗാർ വിൻസെന്റിൽ നിന്ന് സമാനരീതിയിൽ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായും തെളിഞ്ഞിട്ടുണ്ട്. വയനാട് വൈത്തിരിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. സംഘം തട്ടിയെടുത്ത പണത്തിൽ 32 ലക്ഷം രൂപ കണ്ടെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us