/sathyam/media/media_files/2025/11/07/ids-2025-11-07-18-44-00.jpg)
കൊച്ചി: 7 നവംബർ: ഫ്രൈ ചെയ്യ്ത കാർബോഹൈഡ്രേറ്റുകളുടെ ഉപഭോഗം ഇന്ത്യക്കാർക്കിടയിൽ ഏറ്റവും ഗുരുതരമായവിധത്തിൽ പ്രമേഹരോഗ സാധ്യത ഉയർത്തുന്നുവെന്ന് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ (ഐഡിഎഫ്) പ്രസിഡന്റ് പീറ്റർ ഷ്വാർസ് പറഞ്ഞു. റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യ (ആർഎസ്എസ്ഡിഐ) യുടെ 53-ാമത് ദേശീയ വാർഷിക സമ്മേളനത്തിൽ സംസാരിച്ച ഡോ. ഷ്വാർസ്, കാർബോഹൈഡ്രേറ്റുകൾ അത്രയും ദോഷകരമല്ലെങ്കിലും, വറുക്കുന്നത് അവയെ വിഷലിപ്തമാക്കുമെന്നും ഇത് മെലിഞ്ഞ വ്യക്തികളിൽ പോലും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നൽകി.
''പ്രോട്ടീൻ കുറഞ്ഞ അളവിൽ കഴിക്കുന്നതും, എണ്ണയിൽ വറുത്ത കാർബോഹൈഡ്രേറ്റുകളുടെ പതിവ് ഉപഭോഗവും, അന്തരീക്ഷ മലിനീകരണവും എല്ലാം ചേർന്ന് ഇന്ത്യക്കാരിൽ രോഗസാധ്യത പ്രത്യേകിച്ചും വർദ്ധിപ്പിക്കുന്നു,' ഡോ. ഷ്വാർസ് പറഞ്ഞു. ''ഈ ഭക്ഷണക്രമങ്ങൾ കാരണം ഇന്ത്യയിൽ മെലിഞ്ഞ ആളുകളിൽ പോലും ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.''
വായു മലിനീകരണം പ്രമേഹകാരണമായ അപകടകാരിയായ ഒരു പ്രധാന ഘടകമായി മാറിക്കൊണ്ടിരിക്കുന്നു ഇപ്പോൾ വളർന്നുവരുന്നതും വായു മലിനീകരണത്തെ പ്രമേഹവുമായി ബന്ധിപ്പിക്കുന്നതുമായ ഗവേഷണ മേഖലയെ എടുത്തുകാണിച്ചുകൊണ്ട്, ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് ഡോ. ഷ്വാർസ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം ഒരു പ്രധാന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു എന്ന് മാത്രമല്ല, അന്തരീക്ഷവായു ഏറ്റവും മലിനമായ ലോകത്തിലെ നഗരങ്ങളുടെ പട്ടികയിൽ നിരവധി ഇന്ത്യൻ നഗരങ്ങളുണ്ടെന്നതും അതിൽ നമ്മുടെ ദേശീയ തലസ്ഥാനമായ ന്യൂഡൽഹി ഒന്നാം സ്ഥാനത്താണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ മരുന്നുകളും എഐ സാങ്കേതികവിദ്യകളും പ്രതീക്ഷ നൽകുന്നു:
പ്രമേഹ ചികിത്സാരംഗത്തും രോഗനിർണയത്തിലുമുള്ള ദ്രുതഗതിയിലുള്ള പുരോഗതിയെക്കുറിച്ചും ഡോ. ഷ്വാർസ് ചർച്ച ചെയ്തു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഔഷധങ്ങളുടെ വികസനത്തെ പ്രശംസിച്ച അദ്ദേഹം ഇത് പ്രമേഹ രോഗനിയന്ത്രണത്തിൽ 'പുതിയ സാധ്യതകൾ' തുറന്നിടുന്നു എന്ന് പറഞ്ഞു. എന്നാൽ, ഈ മരുന്നുകൾ തുടർച്ചയായി ഉപയോഗിക്കേണ്ടതുണ്ടെന്നും, ഒരിക്കൽ നിർത്തലാക്കിയാൽ, കുറഞ്ഞ ഭാരം വീണ്ടും കൂടുമെന്നും, അങ്ങിനെ ഇത് ദീർഘകാല ആരോഗ്യ ഫലങ്ങൾ ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രോഗനിർണയ രംഗത്ത്, പ്രമേഹ പരിചരണത്തിൽ പരിവർത്തനാത്മക പങ്ക് വഹിക്കാൻ കഴിവുള്ള എഐ സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്ലൂക്കോസ് മോണിറ്ററിംഗ് സെൻസറുകളെക്കുറിച്ച് ഡോ. ഷ്വാർസ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ വിലയേറിയതാണെങ്കിലും, മൂന്ന് വർഷത്തിനുള്ളിൽ അവയുടെ വില ഗണ്യമായി കുറയുമെന്നും, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ രോഗികൾക്ക് താങ്ങാവുന്ന വിലയിൽ അവ ലഭ്യമാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധങ്ങളായ വെല്ലുവിളികൾ എടുത്തുകാട്ടി വിദഗ്ദ്ധർ
'കാർഡിയോവാസ്‌കുലർ റിസ്‌ക് പ്രിവൻഷൻ ഇൻ ടൈപ്പ് 2 ഡയബിറ്റീസ് ഇൻ ലോവർ-മിഡിൽ-ഇൻകം കൺട്രീസ്'' എന്ന വിഷയത്തിലുള്ള സിമ്പോസിയത്തിൽ ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. വി. മോഹൻ, ഡോ. ഡി. പ്രഭാകരൻ, ഡോ. ഡെന്നിസ് സേവ്യർ എന്നിവരുൾപ്പെടെ ഇന്ത്യയിൽനിന്നുള്ള പ്രമുഖ വിദഗ്ദ്ധരും പങ്കെടുത്തു.
ഓൾ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോ. എസ്. വി. മധു ഇന്ത്യയിലുള്ള വിഭിന്നങ്ങളായ പ്രമേഹത്തെക്കുറിച്ച് സംസാരിക്കവേ, എങ്ങിനെയാണ് വൈവിധ്യമാർന്ന ജനിതക, ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങൾ പ്രമേഹ മാനേജ്മെന്റ് തന്ത്രങ്ങളെ സങ്കീർണ്ണമാക്കുന്നത് എന്ന് ഊന്നിപ്പറഞ്ഞു.
അതേസമയം, മലപ്പുറം എഡ്യൂക്കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിലെ പ്രൊഫസർ ഡോ. ജയകൃഷ്ണൻ ബി, ജോലിസ്ഥലത്തെ സമ്മർദ്ദം തീർത്തും അവഗണിക്കപ്പെടുന്ന ഒരു പകർച്ചവ്യാധിയാകുന്നുവെന്ന കണ്ടെത്തലുകളാണ് അവതരിപ്പിച്ചത്. തങ്ങളുടെ തൊഴിൽപരമായ ഉത്തരവാദിത്തങ്ങളും വീട്ടുജോലികളും ചേർന്നുണ്ടാവുന്ന സമ്മർദ്ദങ്ങൾ കാരണം ജോലി ചെയ്യുന്ന സ്ത്രീകൾ പ്രത്യേകിച്ച് ഇതിനു കൂടുതൽ വിധേയരാവുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us