ആലപ്പുഴ: പ്രായപരിധി മാനദണ്ഡത്തിൽ നേതൃസമിതികളിൽ നിന്ന് പുറത്തുപോയശേഷം ഒളിഞ്ഞും തെളിഞ്ഞും സി.പി.എമ്മിനെയും അതിൻെറ നേതാക്കളെയും വിമർശിക്കുന്ന ജി. സുധാകരൻ ഒടുവിൽ കവിത കൊണ്ടും പാർട്ടിയോട് കണക്കുതീർക്കുന്നു ! മംഗളം വാരികയിൽ പ്രസിദ്ധീകരിച്ച '' പേരിലെന്തിരിക്കുന്നു'' എന്ന പേരിലുളള കവിതയിലാണ് ജി. സുധാകരൻ പാർട്ടിക്കും അതിൻെറ നേതൃത്വത്തിനും നേരെ അമ്പെയ്യുന്നത്.
ബംഗാളിൽ സംഭവിച്ച പാർട്ടിയുടെ തകർച്ചയെ കുറിച്ച് പരാമർശിച്ചുകൊണ്ടാണ് ജി. സുധാകരൻെറ കവിതാ രൂപത്തിലുളള വിമർശനം. പശ്ചിമ ബംഗാളിൽ പാർട്ടി നശിച്ചത് ബുദ്ധദേബ് ഭട്ടാചാര്യയുടെ തെറ്റായ നയങ്ങൾകൊണ്ടാണെന്നാണ് കവിതയിലൂടെ ചൂണ്ടിക്കാട്ടുന്നത്.
പാർട്ടിയെ തിരുത്താൻ ശ്രമിക്കാത്തവർ രക്തസാക്ഷികളുടെ വഴിമുടക്കി എന്ന ശാപമേൽക്കേണ്ടി വരുമെന്ന രാഷ്ട്രീയ മുന്നറിയിപ്പും കവിതയുടെ സവിശേഷതയാണ്.
സമൂഹത്തെ തിരുത്തുന്നവൻ ആണ് മഹാനെന്നും തിരുത്താൻ ശ്രമിക്കാത്തവൻ ജ്ഞാനം ഇല്ലാതെ മൃഗമായി മാറുമെന്ന ഉപദേശവും സുധാകരൻെറ കവിതയിലുണ്ട്.
ബംഗാളിൽ കർഷകരെ മറന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സംഭവിച്ച പ്രധാന വീഴ്ചയെന്ന കുത്തും കവിതയുടെ പ്രത്യേകതയാണ്.
ചുരുക്കത്തിൽ പാർട്ടിയിലെ വ്യക്തിപൂജയെയാണ് കവിതയിലൂടെ സുധാകര കവി ഉന്നം വെയ്ക്കുന്നത്. കവിത പശ്ചാത്തലവും പ്രതിപാദന വിഷയവും എല്ലാം ബംഗാൾ ആണെങ്കിലും ലക്ഷ്യം കേരളത്തിലെ നേതൃത്വമാണെന്നതിൽ സംശയം വേണ്ട.
/sathyam/media/media_files/2024/10/19/xqBmbqmUivRFzlBFRvFY.jpg)
സമൂഹത്തെ പുതുക്കിപ്പണിയുമ്പോൾ മാത്രമേ വ്യക്തി നായകനാകൂ എന്ന വരികൾ ലക്ഷ്യം ആരെന്ന് വെളിവാക്കിതരുന്നുണ്ട്. ഒടുവിൽ രക്തസാക്ഷികളെ ഓർമിപ്പിച്ചു കൊണ്ടാണ് ജി സുധാകരൻ തന്റെ കവിത ഉപസംഹരിക്കുന്നത്. എന്നാൽ തന്റെ കവിതകൾക്ക് ദുർവാഖ്യാനം നൽകുകയാണ് എന്നാണ് സുധാകരന്റെ വിശദീകരണം.
നേരത്തെ കലാകൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച ‘നേട്ടവും കോട്ടവും’ എന്ന ജി. സുധാകരൻെറ കവിതയിലും നേതൃത്വത്തിനെതിരെ വിമർശനം കണ്ടിരുന്നു. അടുത്തകാലത്തായി ജി. സുധാകരൻെറ പ്രസംഗങ്ങളിലും പ്രതികരണങ്ങളിലും എല്ലാം പാർട്ടി നേതൃത്വത്തോടുളള എതിർപ്പ് തെളിയുന്നുണ്ട്.
75 വയസ് പ്രായപരിധി കർശനമാക്കി നേതൃസമിതികളിൽ നിന്ന് ഒഴിവാക്കിയതാണ് സുധാകരൻ സി.പി.എം നേതൃത്വത്തിനെതിരെ തിരിയാൻ കാരണം. പ്രായപരിധി തീരുമാനത്തെ വിമർശിച്ചും അടുത്തിടെ രംഗത്ത് വന്നിരുന്നു.
കൊല്ലം എസ്.എൻ കോളജിലെ പൂർവവിദ്യാർത്ഥി സംഗമത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ സാക്ഷിയാക്കിയായിരുന്നു 75 വയസ് പ്രായപരിധി നടക്കിയ സി.പി.എം നേതൃത്വത്തെ കുടഞ്ഞത്.
1998ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ സി.എസ് സുജാത തോറ്റതിനെ തുടർന്ന് ടി.ജെ. ആഞ്ചലോസിനെ സി.പി.എം പുറത്താക്കിയതിനെയും സുധാകരൻ രണ്ട് ദിവസം മുൻപ് വിമർശിച്ചിരുന്നു.
കാര്യങ്ങൾ അറിയിക്കാതെ തന്നെ അധ്യക്ഷനാക്കിയിരുത്തിയിട്ട് ആഞ്ചലോസിനെ പുറത്താക്കിയതിലും ഇന്നും വേദനയുണ്ടെന്ന് ആയിരുന്നു സുധാകരൻെറ തുറന്നുപറച്ചിൽ. എന്നാൽ സുധാകരൻെറ ഇപ്പോഴത്തെ നിലപാടുകളും വിമർശനങ്ങളുമെല്ലാം അവസരവാദപരം എന്നാണ് സി.പി.എമ്മിൽ ഉയരുന്ന ആക്ഷേപം.
ആലപ്പുഴയിലെ പാർട്ടിയിൽ സൃഷ്ടി സ്ഥിതി സംഹാരകനായി വാണകാലത്തെല്ലാം, അതാത് കാലത്തെ സംസ്ഥാന നേതൃത്വത്തോട് വിധേയപ്പെട്ട് പ്രവർത്തിച്ച സുധാകരൻ അതെല്ലാം മറന്നാണ് ഇപ്പോൾ സംസാരിക്കുന്നത്.
വി.എസിനോട് ആഭിമുഖ്യം പുലർത്തിയിരുന്ന സുധാകരൻ, മലപ്പുറം സമ്മേളനത്തിൽ വെച്ച് പിണറായി പക്ഷത്തേക്ക് ചാഞ്ഞതാണ് പിണറായിയെ വീണ്ടും സെക്രട്ടറി സ്ഥാനത്ത് എത്തിച്ചത്. 2006ലെ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ സീറ്റ് നൽകുകയും ജയിച്ചപ്പോൾ മന്ത്രിയാക്കുകയും ചെയ്താണ് പിണറായി കടം വീട്ടിയത്.
ഇതിനിടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായും അവസരം നീട്ടിയെങ്കിലും സ്വീകരിച്ചില്ല. 2016ൽ വീണ്ടും മന്ത്രിസ്ഥാനം ലഭിച്ചതും പിണറായിയുടെ തണലിലാണ്. അതെല്ലാം മറന്നാണ് ഇപ്പോൾ ഒളിഞ്ഞും തെളിഞ്ഞും പിണറായിയെയും സർക്കാരിനെയും വിമർശിക്കുന്നതെന്നാണ് സി.പി.എമ്മിന് ഉളളിൽ നിന്ന് ഉയരുന്ന ആക്ഷേപം.