ആലപ്പുഴ: എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ആലപ്പുഴയില്‍ നിന്നുളള എം.ശിവപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുതിര്‍ന്ന നേതാവ് ജി. സുധാകരനെതിരെ വിമര്‍ശനം രൂക്ഷമാകുന്നു.
എസ്.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്ന ജി.സുധാകരന് ശേഷം ആലപ്പുഴയില്‍ നിന്ന് ഒരാള്‍ വിദ്യാര്‍ത്ഥി സംഘടനയുടെ തലപ്പത്ത് എത്തുന്നത് ഇതാദ്യമാണ്.
ജില്ലയിലെയും സംസ്ഥാനത്തെയും പാര്‍ട്ടിയില്‍ ജി.സുധാകരന്റെ സ്വാധീനം കുറഞ്ഞശേഷമാണ് പുതിയൊരാള്‍ക്ക് അവസരം കിട്ടുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം കടുക്കുന്നത്.
/sathyam/media/media_files/2025/02/22/wspiFTNMeJ9nZh4Bz0JB.jpg)
ജി.സുധാകരന്‍ താല്‍പര്യം എടുക്കാത്തത് കൊണ്ടാണ് ഇതുവരെ ആലപ്പുഴയില്‍ നിന്ന് വിദ്യാര്‍ത്ഥി യുവജന സംഘടനയുടെ തലപ്പത്തേക്ക് ജില്ലയില്‍ നിന്ന് മറ്റൊരാള്‍ക്കും അവസരം കിട്ടാതിരുന്നതെന്നാണ് മുതിര്‍ന്ന നേതാക്കള്‍ അടക്കമുളളവരുടെ വിമര്‍ശനം
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അടക്കമുളള മുന്‍നിര നേതാക്കള്‍ സഹനേതാക്കളുമായുളള സംഭാഷണങ്ങളിലാണ് ഈ വിമര്‍ശനമെങ്കില്‍ യുവനേതാക്കളും എസ്.എഫ്.ഐ നേതാക്കളും ഒട്ടൊക്കെ പരസ്യമായിട്ടാണ് ജി.സുധാകരനെതിരെ വിമര്‍ശനം തൊടുക്കുന്നത്.
എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായി സ്ഥാനം ഒഴിഞ്ഞ ജില്ലയില്‍ നിന്നുളള നേതാവ് ഫേസ് ബുക്കിലൂടെയാണ് ജി.സുധാകരനെ വിമര്‍ശിച്ചത്.
എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എ.എ. അക്ഷയ് ആണ് ജില്ലയില്‍ നിന്നുളള നേതാക്കളാരും ഇത്രകാലവും എസ്.എഫ്.ഐ നേതൃത്വത്തിലേക്ക് എത്താതിരുന്നതിന് ജി.സുധാകരനെ പഴിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.
വിമര്‍ശനം ജി.സുധാകരന് എതിരെയാണെന്ന് എല്ലാവര്‍ക്കും വ്യക്തം ആണെങ്കിലും അദ്ദേഹത്തിന്റെ പേര് പറയാതെയാണ് ഫേസ് ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണ രൂപം ഇതാണ്
' തനിക്ക് ശേഷം ആരും വേണ്ട എന്ന് മര്‍ക്കട മുഷ്ടി ചുരുട്ടിയ നേതാവിന് മുന്നില്‍ സമര്‍പ്പിക്കുന്നു. ഇനിയും അനേകായിരങ്ങള്‍ ഈ മണ്ണില്‍ നിന്ന് പുതിയ നേതൃത്വമായി ജനിക്കും...''.
/sathyam/media/media_files/2025/02/22/3i5bPiebU2wlFL6qgJcs.jpg)
ജില്ലയില്‍ നിന്നുളള പ്രധാന നേതാക്കളെല്ലാം അടക്കം പറയുന്ന കാര്യമാണ് എസ്.എഫ്.ഐ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ അക്ഷയ് പരസ്യമായി ഫേസ് ബുക്കിലൂടെ പറഞ്ഞത്.
1970ല്‍ എസ്.എഫ്.ഐയുടെ അദ്യ സംസ്ഥാന പ്രസിഡന്റായി ജി.സുധാകരന് ശേഷം ഒരാള്‍ പോലും വിദ്യാര്‍ത്ഥി സംഘടനയുടെയോ യുവജന സംഘടനയുടേയോ തലപ്പത്തേക്ക് വന്നിട്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പോലും മറ്റൊരാള്‍ കടന്നുവരാന്‍ സുധാകരന്‍ സമ്മതിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
വി.എസ്.അച്യുതാനന്ദനും സുശീലാ ഗോപാലനും എസ്.രാമചന്ദ്രന്‍ പിളളക്കും ശേഷം ആലപ്പുഴയില്‍ നിന്ന് മറ്റൊരാള്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ എത്തുന്നത് എറണാകുളം സമ്മേളനത്തിലാണ്. പ്രായപരിധി മാനദണ്ഡത്തില്‍ ജി.സുധാകരന്‍ സ്ഥാനം ഒഴിഞ്ഞ സമ്മേളനത്തില്‍ സജി ചെറിയാനാണ് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ എത്തിയത്
തനിക്ക് ശേഷം ഒരാളും വളര്‍ന്ന് വരരുതെന്ന കടുത്ത നിലപാടെടുത്ത സുധാകരന്‍ നിരവധി നേതാക്കളെ അരിഞ്ഞു വീഴ്ത്തിയതായും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സുധാകരന്റെ അപ്രീതിക്ക് വിധേയമായത് കൊണ്ടാ സി.ബി. ചന്ദ്രബാബുവിന് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നതാണ് ഇതിന് ഉദാഹരണമായി ഉയര്‍ത്തി കാട്ടുന്നത്.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം ജി.സുധാകരനെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അദ്ദേഹം അത് ഏറ്റെടുത്തിരുന്നില്ല.
/sathyam/media/media_files/Y8ImFYT139bIK9TeYLsN.jpg)
വിദ്യാര്‍ത്ഥി സംഘടനയില്‍ തന്നേക്കാള്‍ വളരെ ജൂനിയറായ നേതാക്കളെയെല്ലാം നേരത്തെ തന്നെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിലുളള പ്രതിഷേധത്തിലാണ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ വെച്ചനീട്ടിയ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്വം സുധാകരന്‍ നിരാകരിച്ചത്
ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന് ശേഷം വീണ്ടും സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും അപ്പോഴും സ്ഥാനം ഏറ്റെടുക്കാന്‍ സുധാകരന്‍ തയാറായില്ല.
തന്നേക്കാള്‍ ജൂനിയര്‍ ആയവരെ നേരത്തെ ഉള്‍പ്പെടുത്തിയതിലുളള പ്രതിഷേധമായിരുന്നു അന്നും കാരണമായത്.
ഇതേ സുധാകരന്‍, ജില്ലയില്‍ നിന്ന് തനിക്ക് പിന്നാലെ വന്ന നേതാക്കളെ അവരുടെ സീനിയോറിറ്റിക്ക് ഒത്ത് പരിഗണിക്കാന്‍ മുന്‍കൈയ്യെടുത്തില്ലെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.