ആലപ്പുഴ: ആലപ്പുഴയിലെ എസ്.എഫ്.ഐ നേതാക്കളെയും മന്ത്രി സജി ചെറിയാനെയും പരോക്ഷമായി വിമര്‍ശിക്കുന്ന കവിതയുമായി സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന്‍.
'യുവതയിലെ കുന്തവും കുടചക്രവു'മെന്ന പേരില്‍ കലാകൗമുദിയിലാണ് കവിത പ്രസിദ്ധീകരിച്ചിട്ടുള്ളത്. സി.പി.എം സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗം കൂടിയായ സജി ചെറിയാനെ പരോക്ഷമായി വിമര്‍ശിക്കുന്ന ജി.സുധാകരന്റെ കവിത ഒരു വാരികയില്‍ അച്ചടിച്ച് വന്നത് രാഷ്ട്രീയമായി വളരെ ഗൗരവമുള്ള കാര്യമായാണ് വലയിരുത്തപ്പെടുന്നത്.
എസ്.എഫ്.ഐ എന്ന് നേരിട്ട് പറയാതെ പ്രതീകങ്ങളിലൂടെയാണ് പരിഹാസവും വിമര്‍ശനവും സുധാകരന്‍ നടത്തുന്നത്. ഞാന്‍ നടന്നുപാസിച്ച വിപ്ലവ കലാസ്ഥാപനം കുറ്റക്കാരാല്‍ നിറയാന്‍ തുടങ്ങവേ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കവിത തുടങ്ങുന്നത്.
/sathyam/media/media_files/Y8ImFYT139bIK9TeYLsN.jpg)
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിങ്ങനെ നേരായി വായിക്കാന്‍ ക്ഷമയില്ലാത്തവര്‍' എന്നാണ് കവിതയിലൂടെ എസ്.എഫ്.ഐക്കെതിരായി സുധാകരന്റെ ഒളിയമ്പ്. കാലക്കേടിന്റെ ദുര്‍ഭൂതങ്ങള്‍ എന്നും അദ്ദേഹം പരിഹസിക്കുന്നു.
കള്ളത്തരം കാണിക്കുന്നവര്‍ കൊടിപിടിക്കുകയാണെന്നും അവര്‍ അസുരവീരന്മാരെന്നും അദ്ദേഹം പറയുന്നു. തന്റെ സഹോദരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചും കവിതയില്‍ ജി. സുധാകരന്‍ പരാമര്‍ശിക്കുന്നു. കല്ലെറിയുന്നവര്‍ക്ക് രക്തസാക്ഷി കുടുംബത്തിന്റെ വേദന അറിയില്ലെന്നും മരിച്ചാല്‍ പോലും ക്ഷമിക്കില്ലെന്നും കവിതയില്‍ വ്യക്തമാക്കുന്നു.
'കുന്തവും കുടചക്രവ്യൂഹവും നയിക്കുന്നോ പൊന്‍ലോകം സൃഷ്ടിക്കേണ്ട ചൈതന്യ സ്വരൂപത്തെ' എന്നാണ് മന്ത്രി സജിചെറിയാന് നേരെയുള്ള കവിതയിലെ പരാമര്‍ശം. കഴിഞ്ഞ ആഴ്ച്ചയില്‍ പൂര്‍ത്തിയായ എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് പിന്നാലെയാണ് സംഘടനയുടെ കേന്ദ്രക്കമ്മറ്റിയംഗം എ.എ അക്ഷയ് ജി.സുധാകരനെതിരെ ഫേസ് ബുക്കില്‍ കുറിപ്പിട്ടത്.
എസ്.എഫ്.ഐയുടെ സംസ്ഥാന അദ്ധ്യക്ഷനായി ആലപ്പുഴയില്‍ നിന്നുള്ള എം. ശിവപ്രസാദിനെ തിരഞ്ഞെടുത്തിരുന്നു. തനിക്ക് ശേഷം ആരും വേണ്ടെന്ന മര്‍ക്കടമുഷ്ടി ചുരുട്ടിയ നേതാവിന് ശിവപ്രസാദിന്റെ നിയമനം സമര്‍പ്പിക്കുന്നുവെന്നായിരുന്നു കുറിപ്പ്. ജി. സുധാകരന് ശേഷം ആലപ്പുഴയില്‍ നിന്നും ആദ്യമായാണ് ഒരാള്‍ എസ്.എഫ്.ഐയുടെ സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് എത്തുന്നത്.
എന്നാല്‍ എസ്.എഫ്.ഐക്കതിരല്ല തന്റെ കവിതയെന്നും സംഘടനയുടെ പാരമ്പര്യം മലീമസപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണെന്നും സുധാകരന്‍ വ്യക്തമാക്കി. പ്രത്യയ ശാസ്ത്രബോധമില്ലാത്തവര്‍ പ്രസ്ഥാനത്തില്‍ കടന്നുകൂടി കാണിക്കുന്ന അതിക്രമങ്ങളാണ് കവിതയിലുള്ളത്.
സമൂഹ മാദ്ധ്യമത്തില്‍ മര്‍ക്കടമുഷ്ടി പോസ്റ്റിട്ട എസ്.എഫ്.ഐ നേതാവിന് സംസ്ഥാന അദ്ധ്യക്ഷനാകാന്‍ പറ്റാത്തതിന്റെ അരിശമാണ് കാണിക്കുന്നത്. തനിക്കെതിരെ പോസ്റ്റിട്ടയാളെ സംരക്ഷിക്കുന്നത് ചില പൊളിറ്റിക്കല്‍ ക്രിമിനലുകളാണ്.
/sathyam/media/media_files/2025/03/01/sQpFLEID77EuiKHtKAyV.jpg)
ആ കുറിപ്പ് എന്നേക്കുറിച്ചാണെന്ന് മാദ്ധ്യമങ്ങള്‍ പറഞ്ഞപ്പോള്‍ അത് തിരുത്താന്‍ അയാള്‍ തയ്യാറായില്ല. എസ്.എഫ്.ഐ സംസ്ഥാന ഉപാദ്ധ്യക്ഷനും ജില്ലാ സെക്രട്ടറിയുമായിട്ടും അയാള്‍ എസ്.എഫ്.ഐയെക്കുറിച്ച് മനസിലാക്കിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
ആലപ്പുഴ ജില്ലയില്‍ കുറെനാളുകളായി നിലനില്‍ക്കുന്ന വിഭാഗീയത രൂക്ഷമായി മാറുകയാണ്. മന്ത്രി സജി ചെറിയാന്‍, എച്ച്. സലാം എല്‍.എല്‍.എ എന്നിവര്‍ക്കെതിരെയുള്ള പോരാട്ടമാണ് ജി.സുധാകരന്‍ പക്ഷം നയിക്കുന്നതെന്നും വിലയിരുത്തലുണ്ട്.
സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയും അദ്ദേഹത്തിനില്ലെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ സുധാകരനെ പിണക്കിയാല്‍ ജില്ലയില്‍ അത് പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.