അമ്പലപ്പുഴയിൽ സിപിഎമ്മിനകത്ത് സ്ഥാനാർത്ഥി പോര് കടുക്കുന്നു. ജി. സുധാകരൻ മത്സരസന്നദ്ധത പ്രഖ്യാപിച്ചതോടെ സിറ്റിങ് എംഎൽഎ എച്ച്. സലാമിന്റെ സീറ്റ് സാധ്യതയ്ക്ക് വെല്ലുവിളി. സുധാകരനുമായുള്ള വാക്പോരുകളും സലാമിന് തിരിച്ചടിയായേക്കും. സിപിഎമ്മിലെ പോര് കത്തിക്കാൻ യു.ഡി.എഫും ബി.ജെ.പിയും. പാർട്ടിക്കുള്ളിലെ ആഭ്യന്തര പോരും ഗ്രൂപ്പ് സമവാക്യങ്ങളും സീറ്റ് നിർണയത്തിൽ നിർണായകം

New Update
sudhakaran salam

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ടുളള മുതിർന്ന നേതാവ് ജി.സുധാകരൻെറ കടന്നുവരവോടെ അമ്പലപ്പുഴയിൽ സിറ്റിങ്ങ് എം.എൽ.എ എച്ച്.സലാമിൻെറ വഴിയടയുന്നു.

Advertisment

"പാർട്ടി പറഞ്ഞാൽ അമ്പലപ്പുഴയിൽ വീണ്ടും മത്സരിക്കും" എന്ന സുധാകരന്റെ നിലപാട് സിറ്റിങ് എം.എൽ.എയായ എച്ച്. സലാമിൻെറ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ഭാവിക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.


ജി. സുധാകരൻ മത്സരരംഗത്തേക്ക് വരാൻ സന്നദ്ധത പ്രകടിപ്പിച്ചത് എച്ച്. സലാമിന് പലവിധത്തിൽ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.


ദീർഘകാലം അമ്പലപ്പുഴയെ പ്രതിനിധീകരിച്ച സുധാകരന് മണ്ഡലത്തിലെ വോട്ടർമാർക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും വലിയ സ്വാധീനമുണ്ട്.

images - 2026-01-26T223049.975

സുധാകരൻ സന്നദ്ധത അറിയിച്ചതോടെ, സലാമിനെ പിന്തുണച്ചിരുന്ന ഒരു വിഭാഗം പ്രവർത്തകർ മാറി ചിന്തിക്കാൻ സാധ്യതയുണ്ട്. 2021-ലെ തിരഞ്ഞെടുപ്പിൽ സലാമിനെ സഹായിച്ചില്ല എന്ന ആരോപണത്തെത്തുടർന്ന് ജി.സുധാകരനെ സി.പി.എം പരസ്യമായി ശാസിച്ചിരുന്നു.

ഇപ്പോൾ സുധാകരൻ തന്നെ രംഗത്തിറങ്ങിയാൽ, പഴയ തർക്കങ്ങൾ വീണ്ടും സജീവമാവുകയും അത് സലാമിന്റെ നീക്കങ്ങളെ തളർത്തുകയും ചെയ്യും.


മണ്ഡലത്തിൽ എച്ച്. സലാമിന് പരാജയഭീതിയുണ്ടെന്ന റിപ്പോർട്ടുകൾ വന്നാൽ, സി.പി.ഐ.എം നേതൃത്വം ഒരു പരീക്ഷണത്തിന് മുതിരാതെ അനുഭവപരിചയമുള്ള സുധാകരനെത്തന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചേക്കാം.


അങ്ങനെ വന്നാൽ സലാമിന് സീറ്റ് നഷ്ടമാകും. നേരത്ത, അമ്പലപ്പുഴയിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞതും സലാമിന് വിനയാകും. പാർട്ടിക്കുള്ളിലെ ഈ പോര് യു.ഡി.എഫും ബി.ജെ.പിയും വലിയ പ്രചരണ വിഷയമാക്കും.

images - 2026-01-26T223103.006

"എം.എൽ.എയെ സ്വന്തം പാർട്ടി നേതാക്കൾ തന്നെ വിശ്വസിക്കുന്നില്ല" എന്ന പ്രചരണം വോട്ടർമാരെ സ്വാധീനിച്ചേക്കാം. സുധാകരൻ മത്സരിക്കാൻ സന്നദ്ധമായാൽ അമ്പലപ്പുഴ തന്നെയായിരിക്കും തിരഞ്ഞെടുക്കുക എന്ന് ഉറപ്പാണ്.

ഇടക്ക് കായംകുളം സീറ്റിൽ സുധാകരൻെറ പേര് പരാമർശിച്ച് കേട്ടിരുന്നെങ്കിലും അദ്ദേഹത്തിന് വ്യക്തിപരമായ താൽപര്യം അമ്പലപ്പുഴയോടാണ്.


2021ൽ തന്നെ തഴഞ്ഞ്  സലാമിന് സീറ്റ് നൽകിയ പാർട്ടി നേതൃത്വത്തോടുളള മധുര പ്രതികാരം കൂടിയായാണ് സുധാകരൻ അമ്പലപ്പുഴയിലേക്കുളള മടങ്ങിവരവിനെ കാണുന്നത്. ജി.സുധാകരൻ അമ്പലപ്പുഴയിലേക്ക് മടങ്ങിവന്നാൽ സലാമിൻെറ ചീട്ടുകീറുമെന്ന് ഉറപ്പാണ്.


ജി.സുധാകരൻ മത്സരസന്നദ്ധത വ്യക്തമാക്കിയതോടെ  ആലപ്പുഴ ജില്ലയിലെ രാഷ്ട്രീയ ശ്രദ്ധാ കേന്ദ്രമായ അമ്പലപ്പുഴ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയായ എച്ച്. സലാമിന് വീണ്ടും സീറ്റ് ലഭിക്കുമോ എന്നത് സിപിഎമ്മിൽ വലിയ ചർച്ചയാണ്.

2021-ൽ ജി. സുധാകരന്റെ പിൻഗാമിയായി എത്തിയ സലാം, മണ്ഡലത്തിൽ ശക്തമായ സാന്നിധ്യമാണെങ്കിലും ചില വെല്ലുവിളികളും അദ്ദേഹത്തിന് മുന്നിലുണ്ട്.

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും പാർട്ടിക്കുള്ളിലെ ആഭ്യന്തര സമവാക്യങ്ങളും സലാമിന് നിർണ്ണായകമാകും. മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 1,800 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നതായി എം.എൽ.എ അവകാശപ്പെടുന്നു.

sudhakaran salam


നാലുചിറ പാലം, കൊട്ടാരവളവ്-കരുമാടി ബൈപ്പാസ്, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ പദ്ധതികൾ സലാമിന് ജനപ്രീതി നേടിക്കൊടുത്തിട്ടുണ്ട്.


സി.പി.ഐ.എം ആലപ്പുഴ ജില്ലാ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും സലാമിന് നിലവിൽ ശക്തമായ പിന്തുണയുണ്ട് സജി ചെറിയാൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പിന്തുണ അദ്ദേഹത്തിന് അനുകൂലമാണ്.

ആലപ്പുഴയിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ സജി ചെറിയാന് ഒപ്പം നിൽക്കുന്ന എച്ച്.സലാം, സംസ്ഥാനതല ഗ്രൂപ്പ് സമവാക്യത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിൻെറ കൂടെയാണ്.

ഊർജ്ജസ്വലനായ ഒരു യുവ നേതാവ് എന്ന നിലയിൽ മണ്ഡലത്തിൽ സജീവമായി ഇടപെടാൻ സലാമിന് സാധിക്കുന്നുണ്ട്. മുൻ മന്ത്രി ജി. സുധാകരനുമായി നിലനിൽക്കുന്ന പരസ്യമായ വാക്പോരുകൾ സലാമിന് വലിയ തലവേദനയാണ്.


സലാമിനെതിരെ "പൊളിറ്റിക്കൽ ക്രിമിനലിസം" എന്നുവരെയുള്ള കടുത്ത ആരോപണങ്ങൾ സുധാകരൻ ഉന്നയിച്ചിട്ടുണ്ട്.  പാർട്ടിക്കുള്ളിലെ സുധാകരൻ അനുകൂലികളുടെ നീക്കങ്ങൾ സലാമിന് തിരിച്ചടിയായേക്കാം.


കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും പരാതികളും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്.

സ്മാരകത്തിന്റെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന ജി. സുധാകരന്റെ തന്നെ വിമർശനം ഇതിന്റെ ആക്കം കൂട്ടിയിരുന്നു. കഴിഞ്ഞ ലോക്സഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ ബി.ജെ.പി വോട്ട് വിഹിതം വർദ്ധിപ്പിച്ചിട്ടുണ്ട്.

images - 2026-01-26T223116.462

ശോഭാ സുരേന്ദ്രനെപ്പോലുള്ള കരുത്തരായ സ്ഥാനാർത്ഥികളെ എൻ.ഡി.എ രംഗത്തിറക്കിയാൽ, മണ്ഡലം നിലനിർത്താൻ സലാമിന് സാധിക്കുമോ എന്ന സംശയം പാർട്ടിക്കുള്ളിൽ ചിലർ ഉയർത്തുന്നു

.പാർട്ടിയിലെ വിഭാഗീയത പരിഹരിക്കാൻ സി.പി.ഐ.എം സംസ്ഥാന നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സലാമിന്റെ സ്ഥാനാർത്ഥിത്വം.

വികസന നായകൻ എന്ന പ്രതിച്ഛായ സലാമിന് ഗുണകരമാണെങ്കിലും, ജി. സുധാകരന്റെ എതിർപ്പും പാർട്ടിക്കുള്ളിലെ തർക്കങ്ങളും സീറ്റ് ലഭിക്കുന്നതിനോ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് ഫലത്തെയോ സ്വാധീനിച്ചേക്കാം.

Advertisment