/sathyam/media/media_files/2025/01/02/BA8YUp2rCTPFrOmOrezz.jpg)
കോട്ടയം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസിന്റെ നിലപാട് മാറ്റിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കിടെ പ്രതികരണവുമായി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
വളരെ വ്യക്തമായി കാര്യങ്ങള്‍ മുന്‍പു പറഞ്ഞതല്ലേ, അന്ന് പറഞ്ഞതില്‍ തന്നെ ഉറച്ചു നല്‍ക്കുന്നു. പിന്നെ എന്തിനാണ് വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. എന്‍.എസ്.എസില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍ ഞങ്ങള്‍ നേരിട്ടോളാമെന്നും അദ്ദേഹം പറഞ്ഞു.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 2025 മാര്‍ച്ച് 31ാം തീയതിയിലെ ബാക്കിപത്രവും, 2024-2025 സാമ്പത്തിക വര്‍ഷത്തെ വരവു ചെലവു കണക്കും. ഇന്‍കം ആന്‍ഡ് എക്സ്പെപെന്റീച്ചര്‍ സ്റ്റേറ്റുമെന്റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗത്തിനു മുന്നോടിയായി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കു പോകവെയാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണു ലക്ഷ്യം. സ്ത്രീപ്രവേശന വിധിക്കെതിരെ എന്‍.എസ്.എസ് നാമജപ ഘോഷയാത്ര നടത്തി. കോണ്‍ഗ്രസും ബി.ജെ.പിയും അന്നു വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ത്രീപ്രവേശനം അനുവദിച്ചില്ല. അവര്‍ക്കു വേണമെങ്കില്‍ അതു ചെയ്യാമായിരുന്നു. ആചാരങ്ങള്‍ അതേ പോലെ നിലനിര്‍ത്തി. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോണ്‍ഗ്രസും ഒന്നും ചെയ്തില്ല.
ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എന്‍എസ്എസിന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനല്‍കിയതെന്നും സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അയ്യപ്പസംഗമം പശ്ചാത്താപം തീര്‍ത്തതല്ല. തെറ്റു തിരുത്തുമ്പോള്‍ അങ്ങനെ കാണരുതെന്നുമാണ് സുകുമാരന്‍ നായര്‍ വ്യക്തമാക്കിയത്. ബി.ജെ.പിയും കോണ്‍ഗ്രസും അയ്യപ്പ സംഗമം ബഹിഷ്‌കരിച്ചതു വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
നിലപാട് മാറ്റം വ്യാപക പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരുന്നു. നിലപാട് മാറ്റത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി പുഴവാതില്‍ ഒരു കുടുംബത്തിലെ നാലുപേരാണ് എന്‍എസ്എസ് അംഗത്വം രാജിവച്ചത്. ജി.സുകുമാരന്‍ നായര്‍ക്കെതിരെ വ്യാപകമായി ഫ്ലക്‌സുകളും പ്രതിഷേധക്കാര്‍ വെച്ചിരുന്നു.
അതേസമയം, ശബരിമല വിഷയത്തിലെ ജനറല്‍ സെക്രട്ടറിയുടെ സര്‍ക്കാര്‍ അനുകൂല നിലപാട് പൊതുയോഗത്തില്‍ ഉയർന്നേക്കും.
സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സുകുമാരന്‍ നായര്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളും ചര്‍ച്ചയായേക്കും. വിഷയത്തില്‍ സുകുമാരന്‍ നായര്‍ വിശദീകരണം നൽകാനും ഇടയുണ്ട്.