/sathyam/media/media_files/2025/08/30/g-sukumaran-nair-statement-agola-ayyappa-sangamam-2025-08-30-17-47-10.jpg)
കോട്ടയം: ബി.ജെ.പിയും കോണ്‍ഗ്രസും അയ്യപ്പ സംഗമം ബഹിഷ്‌കരിച്ചതു വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ അവര്‍ക്ക് രാഷ്ട്രീയമാണ്. കോണ്‍ഗ്രസിനു ന്യൂനപക്ഷ വോട്ടുകള്‍ മാത്രമേ ആവശ്യമുള്ളൂവെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാന്‍ നടപടി എടുക്കുകയാണ്. ഒരു ദേശീയ ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണു ലക്ഷ്യം. സ്ത്രീപ്രവേശന വിധിക്കെതിരെ എന്‍.എസ്.എസ് നാമജപ ഘോഷയാത്ര നടത്തി. കോണ്‍ഗ്രസും ബി.ജെ.പിയും അന്നു വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ത്രീപ്രവേശനം അനുവദിച്ചില്ല. അവര്‍ക്കു വേണമെങ്കില്‍ അതു ചെയ്യാമായിരുന്നു. ആചാരങ്ങള്‍ അതേ പോലെ നിലനിര്‍ത്തി. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോണ്‍ഗ്രസും ഒന്നും ചെയ്തില്ല.
ശബരിമലയിലെ പ്രശ്‌നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എന്‍എസ്എസിന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനല്‍കിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അയ്യപ്പസംഗമം പശ്ചാത്താപം തീര്‍ത്തതല്ല. തെറ്റു തിരുത്തുമ്പോള്‍ അങ്ങനെ കാണരുതെന്നും സുകുമാരന്‍ നായര്‍ അഭിമുഖത്തിൽ പറയുന്നു.