/sathyam/media/media_files/2026/03/08/nrthasilpam-2026-03-08-22-56-19.jpg)
കോവളം : കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ (KACV) ഒരാഴ്ചയായി നടന്നുവന്ന ‘വൗ വുമൺസ് വീക്ക്’ ("WOW"- Women’s Week) ആഘോഷങ്ങൾക്ക് സമാപനം. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ടിക്കർ (Tiqr) ഇവന്റ്സുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്. സമാപന വേദിയിൽ അവതരിപ്പിച്ച ‘ഗാലക്സി ഓഫ് മ്യൂസിഷ്യൻസ്’ എന്ന നൃത്തശില്പം കാണികളെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ വരച്ച രാജാ രവിവർമ്മയുടെ വിഖ്യാത ചിത്രം അരങ്ങിലെ നൃത്തരൂപങ്ങളുമായി സംഗമിച്ചപ്പോൾ, ക്യാൻവാസിലെ നിശ്ചല സൗന്ദര്യം വേദിയിൽ ജീവൻ തുടിക്കുന്ന ദൃശ്യവിരുന്നായി മാറി.
രവിവർമ്മയുടെ 1889-ലെ ഐതിഹാസിക ചിത്രം ആസ്പദമാക്കി ഒരുക്കിയ അറുപത് മിനിറ്റ് ദൈർഘ്യമുള്ള നൃത്ത-നാടകമായിരുന്നു അവസാന ദിനത്തിലെ പ്രധാന ആകർഷണം. സുമേഷ് കെ.എസ് സംവിധാനവും കലാമണ്ഡലം സുജാത നൃത്തസംവിധാനവും നിർവ്വഹിച്ച നൃത്തശിൽപ്പം ഭാരതീയ കലകളുടെ ദൃശ്യവിരുന്നായിരുന്നു. കേരള കലാമണ്ഡലത്തിലെ കലാകാരികൾ ഉൾപ്പെടെ പതിനൊന്ന് പേർ ചേർന്ന് രവിവർമ്മ ചിത്രത്തിലെ നിശ്ചലരൂപങ്ങൾക്ക് ജീവൻ നൽകി.
കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങളും ലാവണി, ഗർബ, ഫ്ലെമെൻകോ തുടങ്ങിയ അന്താരാഷ്ട്ര കലാരൂപങ്ങളും സമന്വയിപ്പിച്ച ദൃശ്യവിരുന്ന് ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ വേദിയിൽ അടയാളപ്പെടുത്തി.
പാരമ്പര്യവും ആധുനികതയും കൈകോർത്ത ഒരാഴ്ചത്തെ ആഘോഷങ്ങൾക്കായിരുന്നു ക്രാഫ്റ്റ്‌സ് വില്ലേജ് സാക്ഷ്യം വഹിച്ചത്. മാർച്ച് 6-ന് ആധുനിക നൃത്തശൈലിയിലുള്ള ‘ഗോസിപ്പ്’ എന്ന നൃത്തശില്പത്തോടെയായിരുന്നു തുടക്കം. തുടർന്ന് മാർച്ച് 7-ന് നടന്ന ‘രംഗോത്സവ് 2026’ ഹോളി ആഘോഷങ്ങളിൽ നാടൻ ഡോൾ മേളവും ആധുനിക ഡിജെ-ലേസർ ദർബുക പ്രകടനങ്ങളും ആവേശം വിതറി. പരിസ്ഥിതി സൗഹൃദമായ ഹെർബൽ നിറങ്ങൾ ഉപയോഗിച്ചായിരുന്നു ആഘോഷം.
വനിതാ ദിനത്തിൽ അവതരിപ്പിച്ച ‘ഗാലക്സി ഓഫ് മ്യൂസിഷ്യൻസ്’ പ്രകടനത്തിന്റെ അവസാനം കലാകാരികൾ രവിവർമ്മയുടെ യഥാർത്ഥ പെയിന്റിംഗിന് സമാനമായ രീതിയിൽ ഒരു നിശ്ചല ദൃശ്യമായി (Tableau) മാറിയത് കാണികളെ ആവേശത്തിലാഴ്ത്തി. ഇന്ത്യൻ സ്ത്രീത്വത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമായി മാറിയ ഈ നിമിഷം പാരമ്പര്യത്തെ പുതിയൊരു ദൃശ്യഭാഷയിലൂടെ വരുംതലമുറയ്ക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ഞങ്ങൾ ശ്രമിച്ചതെന്ന് ക്രാഫ്റ്റ്‌സ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി.യു. ശ്രീപ്രസാദ് പറഞ്ഞു. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ലൈറ്റിംഗും തത്സമയ സംഗീതവും നൽകി ചരിത്രപ്രസിദ്ധമായ ആ ചിത്രത്തിന് പുതുജീവൻ നൽകിയപ്പോൾ, ക്രാഫ്റ്റ്‌സ് വില്ലേജ് ഒരിക്കൽ കൂടി കലകളുടെ സമാനതകളില്ലാത്ത സംഗമവേദിയാവുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us