തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ലഭിക്കുന്ന പരാതികളില്‍ ബഹു ഭൂരിപക്ഷവും സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍.
അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, കണ്ടക്ടറുടെ മോശം പെരുമാറ്റം എന്നിങ്ങനെയാണ് കൂടുതല്‍ പരാതികളും. ഓരോ ദിവസത്തെയും കണക്കെടുത്താല്‍ 3000ത്തിലേറെ ബസുകളിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരേക്കാള്‍ അപകടമുണ്ടാക്കുന്നത് വളരെ തുച്ഛമായ ബസുകളുള്ള സ്വിഫ്റ്റിലെ ഡ്രൈവര്‍മാരാണ്.
മരണം സംഭവിച്ച അപകടങ്ങളിലെ കണക്ക് നോക്കിയാലും ഇങ്ങനെ തന്നെയാണ്. ഈ രീതികള്‍ മാറ്റിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി.
ബസില്‍ കയറുന്നവരോട് ഡ്രൈവറായാലും കണ്ടക്ടര്‍ ആയാലും മര്യാദയോടെ പെരുമാറണം. ജനങ്ങളാണ് യജമാനന്മാര്‍. അവര്‍ ബസില്‍ കയറിയില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ശമ്പളം ഉണ്ടാകില്ല. ഒരു കാരണവശാലും മര്യാദയില്ലാത്ത സംസാരങ്ങള്‍ പാടില്ല.
അപകടമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തവും ചെലവും നിങ്ങളുടെ തലയില്‍ വയ്ക്കും. കെഎസ്ആര്‍ടിസി പൈസയൊന്നും ചെലവാക്കില്ല.
കെഎസ്ആര്‍ടിസി ഉണ്ടാക്കുന്ന അപകടങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സ്വിഫ്റ്റ് ആണ് കൂടുതലുണ്ടാക്കുന്നത്. വണ്ടി ഇടിച്ച് കഴിഞ്ഞാലും ജനങ്ങളോട് ചട്ടമ്പിത്തരമൊന്നും കാണിക്കേണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.