/sathyam/media/media_files/2025/10/01/ganeshkumar_ksrtc011025-2025-10-01-17-30-19.webp)
തിരുവനന്തപുരം: കെഎസ്ആർടിസിയെ തെറി വിളിച്ചാൽ തന്റെ പേരും പ്രശസ്തമാകും എന്നാണ് ചിലരുടെ ധാരണയെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ്കുമാർ. അങ്ങനെ കുറച്ച് അലവലാതികൾ ഇറങ്ങിയിട്ടുണ്ടെന്നും ​ഗണേഷ്കുമാർ പറഞ്ഞു.
കെഎസ്ആർടിസി ബസ്സിൽ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു നടന്നാൽ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബസിനുള്ളിൽ കുപ്പികിടന്നതിന് ബസ് തടഞ്ഞുനിർത്തി മന്ത്രി ജീവനക്കാരെ ശാസിച്ച സംഭവം വിവാദമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
ടൺ കണക്കിനു മാലിന്യമാണ് കെഎസ്ആർടിസി ബസ്സിൽ നിന്നും മാറ്റിയത്. ബസ്സിനകത്ത് പ്ലാസ്റ്റിക് കുപ്പിയിട്ടാൽ പിടിക്കും, നടപടിയെടുക്കും. അത് ഇനി ആരും ഫെയ്സ്ബുക്കിലും വാട്സാപ്പിലും എഴുതി മെനക്കെടേണ്ട. താൻ മന്ത്രി ആയിരിക്കുന്നിടത്തോളം കാലം നടപടിയെടുക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
'കെഎസ്ആർടിസിയുടെ പടം ഇട്ടാൽ ലക്ഷക്കണക്കിന് ആൾക്കാർ കാണും. അപ്പോൾ കെഎസ്ആർടിസിയെ തെറി വിളിച്ചാൽ എന്റെ പേരും പ്രശസ്തമാകും എന്നാണ് ചിലരുടെ ധാരണ. അങ്ങനെ കുറച്ച് അലവലാതികൾ ഇറങ്ങിയിട്ടുണ്ട്.കെഎസ്ആർടിസിയുടെ ഉത്തരവ് പാലിക്കാത്തതാണ് ചോദിച്ചത്. അത് ഇനിയും ചോദിക്കും. ഏതവൻ പറഞ്ഞാലും ചോദിക്കും. ഇതും എടുത്ത് ഫെയ്സ്ബുക്കിൽ ഇട്ടോ’ – ഗണേഷ് കുമാർ പറഞ്ഞു.