തിരുവനന്തപുരം : യാത്രക്കാരനെന്ന പേരിൽ കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് വിളിച്ച മന്ത്രി കെ.ബി.ഗണേഷ് കുമാറിന് കൃത്യമായി മറുപടി നൽകാതിരുന്ന ഒമ്പതു ജീവനക്കാരെ സ്ഥലംമാറ്റി.
വനിതാ ജീവനക്കാർ ഉൾപ്പടെയുള്ളവരെയാണ് കാസർഗോഡ് ഉൾപ്പടെയുള്ള ജില്ലകളിലേക്ക് സ്ഥലംമാറ്റിയത്.
കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് വിളിച്ചാൽ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി നേരിട്ട് വിളിച്ചത്.
മന്ത്രി ആദ്യം വിളിച്ചപ്പോൾ ആരും ഫോൺ എടുത്തിരുന്നില്ല. പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുത്തെങ്കിലും കൃത്യമായ മറുപടി നൽകിയില്ല.
തുടർന്ന് അന്വേഷണം നടത്താൻ മന്ത്രി സിഎംഡിക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ സ്ഥലം മാറ്റിയത്.