Advertisment

ശബരിമലയിലെത്തുന്ന തൊഴിലാളികള്‍ക്കു വേണ്ടി കഞ്ചാവ് എത്തിച്ചു; ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍, കഞ്ചാവ് വില്‍ക്കാന്‍ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പും

New Update

പൊന്‍കുന്നം: ശബരിമലയിലെത്തുന്ന തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ വേണ്ടി എത്തിച്ച ഒന്നര കിലോ കഞ്ചാവുമായി മണിമലയില്‍ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. മണിമല തേക്കനാല്‍ വീട്ടില്‍ ബോബിന്‍ ജോസ്(32) ആണ് അറസ്റ്റിലായത്. 

Advertisment

വാടകവീട്ടില്‍ കഞ്ചാവു സൂക്ഷിച്ചു രഹസ്യമായി പായ്ക്കറ്റിലാക്കി വില്‍പ്പനക്കാരെ ഏല്‍പ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്നും അധികൃതര്‍ പറഞ്ഞു. കഞ്ചാവ് തൂക്കുന്നതിന് ഉപയോഗിച്ച ത്രാസ്, വലിക്കാന്‍ ഉപയോഗിക്കുന്ന ഒന്‍പത് പായ്ക്കറ്റ് ഒ.സി.ബി.പേപ്പര്‍ എന്നിവയും കണ്ടെടുത്തു. മൂന്നുഗ്രാം കഞ്ചാവ് 500 രൂപ നിരക്കിലാണു വിറ്റിരുന്നത്.

ഓണ്‍ലൈന്‍ പണമിടപാട് വഴിയും ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുണ്ടാക്കി അതുവഴിയും വിപണനം നടത്തി വന്നതായി ചോദ്യം ചെയ്യലില്‍ പറഞ്ഞു. ശബരിമലയിലെത്തുന്ന തൊഴിലാളികള്‍ക്കായാണ് ഇപ്പോള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്നാണ് പൊന്‍കുന്നം എക്‌സൈസ് സംഘം പറഞ്ഞത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിനായി എരുമേലി റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി. 

പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.നിജുമോന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ മോഹന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില്‍ എസ്. ശേഖര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പി.ആര്‍.രതീഷ്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എം.പി.സുനില്‍, റെജികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ബോബിന്‍ ജോസിനെ പിടികൂടിയത്.

Advertisment