ജെന്‍ സീ എഐയേക്കാള്‍ മിടുക്കരാണ്: ഡോ. അരുണ്‍ സുരേന്ദ്രന്‍

New Update
Pic
തിരുവനന്തപുരം: ജെന്‍ സീ എഐയേക്കാള്‍ മിടുക്കരാണെന്ന് ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിന്‍റെ സ്ട്രാറ്റജിക് ഡയറക്ടറും പ്രിന്‍സിപ്പലും കേരള നോളജ് ഇക്കണോമി മിഷന്‍റെ കോര്‍ ഗ്രൂപ്പ് അംഗവുമായ ഡോ. അരുണ്‍ സുരേന്ദ്രന്‍ പറഞ്ഞു. എഐ മനുഷ്യരെ നിയന്ത്രിക്കരുതെന്നും എഐ കൈകാര്യം ചെയ്യുന്നതില്‍ മനുഷ്യന്‍റെ അറിവും വൈദഗ്ധ്യവും അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള പ്രമുഖ സാങ്കേതിക നവീകരണ സേവന ദാതാവായ റിഫ്‌ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസില്‍ കമ്പനി നടത്തുന്ന 'ഇന്‍സ്പയേര്‍ഡ് ടോക്ക്സ്' പരമ്പരയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു ഡോ. അരുണ്‍.
Advertisment

മികച്ച ആശയങ്ങള്‍ ഉള്ളവരുമായി സഹകരിക്കുന്നതിന്‍റെയും പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിന് തുറന്ന മനസ്സോടെ ആളുകളെ സമീപിക്കേണ്ടതിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് ഡോ. അരുണ്‍ സംസാരിച്ചു. ശ്രദ്ധ പിടിച്ചുപറ്റുന്നതും ലളിതവുമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കുക എന്നതാണ് പ്രധാനമെന്ന് വിദ്യാഭ്യാസം, ആയോധനകല, കായികം എന്നീ മേഖലകളിലെ വിജയകരമായ സംരംഭങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അനുഭവം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഒരു ബിസിനസ് എത്ര മികച്ച നിര്‍ദേശം സമര്‍പ്പിച്ചാലും ക്ലയന്‍റിന്‍റെ തീരുമാനം വൈകാരികമാകാനുള്ള സാധ്യത സൂചിപ്പിച്ചുകൊണ്ട് തീരുമാനങ്ങളിലെ വൈകാരിക സ്വാധീനം അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതോടൊപ്പം നിലവിലെ എഐക്ക് ശേഷം സമീപഭാവിയില്‍ ഒരു വെല്‍നസ് ബബിള്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് സിഇഒ ദീപ സരോജമ്മാളും ചടങ്ങില്‍ സംസാരിച്ചു.

2008 ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ലോകത്തിലെ ഏറ്റവും മുന്തിയ ബ്രാന്‍ഡുകളുടെ സാങ്കേതിക നവീകരണം സാധ്യമാക്കുന്ന എഐ അധിഷ്ഠിത നൂതന ഡിജിറ്റല്‍ എഞ്ചിനീയറിംഗ് കമ്പനിയാണ്.  

Advertisment