ചങ്ങനാശേരി: നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട് അഭിഷിക്തനായി. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന കര്‍മങ്ങള്‍ക്കു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
വത്തിക്കാന്‍ സെക്രട്ടേറിയറ്റ് ഓഫ് ദ് സ്‌റ്റേറ്റ് പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ, ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹകാര്‍മികരായി. മെത്രാന്‍മാരും വൈദികരും സന്യസ്തരും അണിനിരന്ന പ്രദിക്ഷണം കൊച്ചുപള്ളിയില്‍ നിന്നും മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിയതോടെയാണു ചടങ്ങുകള്‍ ആരംഭിച്ചത്.
ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിച്ചു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ സന്ദേശം നല്‍കി. തുടര്‍ന്നു നവ മെത്രാന്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു.
നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടും മറ്റ് മെത്രാപ്പോലിത്തമാരും മെത്രാന്മാരും വൈദികരും പാരിഷ്ഹാളില്‍ നിന്നും തിരുവസ്ത്രങ്ങളണിഞ്ഞു കൊച്ചുപള്ളിയില്‍ എത്തി പ്രാര്‍ഥിച്ച് പന്തലിലൂടെ പ്രദക്ഷിണമായി പ്രധാന കവാടത്തിലൂടെ പള്ളിയില്‍ പ്രവേശിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിച്ചു.
മദ്ബഹക്കു സമീപം പ്രത്യേക പീഠത്തില്‍ സ്ഥാപിച്ചിരുന്ന മാര്‍ത്തോമ്മാശ്ലീഹായുടെ തിരുശേഷിപ്പില്‍ നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് വന്ദനം അര്‍പ്പിച്ചതോടെയാണു ശുശ്രൂഷകള്‍ക്കു തുടക്കമായത്. ഗായകസംഘം ഭക്തിനിര്‍ഭരമായ പ്രാര്‍ഥനാഗാനം ആലപിച്ചു.
മെത്രാഭിഷിക്തനായ മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഇന്ത്യയുടെ അപ്പസ്‌തോലിക് ന്യുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലെയോപോള്‍ദോ ജിറെല്ലി മുഖ്യസന്ദേശം നല്‍കി.
ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് സായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, മാര്‍ കൂവക്കാട്ടിന്റെ മാതൃസഹോദരനും ചെത്തിപ്പുഴ തിരുഹൃദയാശ്രമം പ്രിയോറും വികാരിയുമായ റവ.ഡോ.തോമസ് കല്ലുകളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മാര്‍ ജോര്‍ജ് കൂവക്കാട്ട് മറുപടി പ്രസംഗം നടത്തി.
മാര്‍ ജോര്‍ജ് കൂവക്കാട്ടിനൊപ്പം കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട ലിത്വാനിയ സ്വദേശിയും വത്തിക്കാനിലെ സെന്റ് മേരീസ് ബസലിക്കയുടെ ആര്‍ച്ച്ബിഷപ്പുമായ മാര്‍ റെളാന്താസ് മക്രിസ്‌ക്വാസ ഉള്‍പ്പെടെ വിദേശത്തുനിന്നും ഭാരതത്തില്‍നിന്നുമായി മുപ്പതോളം മെത്രാന്മാരും നൂറുകണക്കിനു വൈദികരും സന്യസ്തരും അത്മായ പ്രതിനിധികളുമടങ്ങുന്ന വലിയൊരു വിശ്വാസീ സമൂഹം അവിസ്മരീണീയമായ ചടങ്ങില്‍ സാക്ഷികളായി.
മാര്‍ കൂവക്കാട്ടിന്റെ കുടുംബാംഗങ്ങളും കൂപ്പുകൈകളോടെ മുന്‍നിരയില്‍തന്നെയുണ്ടായിരുന്നു. മാര്‍ ജോര്‍ജ് കൂവക്കാട്ടുള്‍പ്പെടെ പുതിയതായി നിയമിക്കപ്പെട്ട 21 കര്‍ദിനാള്‍മാരെയും പദവിയിലേക്കുയര്‍ത്തുന്ന ചടങ്ങ് ഡിസംബര്‍ ഏഴിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടക്കും.