സമുദ്ര മേഖലക്ക് കരുത്തേകാൻ 250 ടൺ ശേഷിയുള്ള സ്ലിപ്പ്‌വേ ക്രാ‍‍ഡിൽ ; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ കമ്മീഷൻ ചെയ്തു

New Update
Photo 1

കൊച്ചി: ഇന്ത്യയുടെ സമുദ്രമത്സ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ സുപ്രധാന ചുവടുവെപ്പായി 250 ടൺ ഭാരവാഹക ശേഷിയുള്ള പുതിയ സ്ലിപ്പ്‌വേ ക്രാഡിൽ (കപ്പൽ തൊട്ടിൽ) കൊച്ചിയിൽ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ കമ്മീഷൻ ചെയ്തു.

മത്സ്യബന്ധന ബോട്ടുകൾ മുതൽ ഗവേഷണ യാനങ്ങൾ വരെയുള്ളവക്ക്  ഡോക്കിംഗിനും അറ്റകുറ്റപ്പണികൾക്കും ഈ സംവിധാനം പ്രയോജനകരമാകും.

ഫിഷറി സർവേ ഓഫ് ഇന്ത്യ (എഫ്.എസ്.ഐ) 1.78 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ സംവിധാനം, 250 ടൺ വരെ ഭാരമുള്ള യാനങ്ങൾ സുരക്ഷിതമായി കരയ്ക്ക് കയറ്റാനും നീറ്റിലിറക്കാനും കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.  ശേഷിയുടെ കാര്യത്തിൽ രാജ്യത്ത് സർക്കാർ ഉടമസ്ഥതയിൽ സ്ഥാപിക്കപ്പെടുന്ന ഏറ്റവും വലിയ കപ്പൽ ക്രാഡിൽ സംവിധാനമാണിത്.

സുസ്ഥിരത ലക്ഷ്യമിട്ടുള്ള ഇന്ത്യുടെ ബ്ലൂ ഇക്കോണമി വികസനപാതയിൽ നാഴികക്കല്ലാണ് ഈ  അത്യാധുനിക സൗകര്യമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കും വിവിധ സർക്കാർ ഏജൻസികൾക്കും സമുദ്ര മേഖലയിലെ മറ്റ് പങ്കാളികൾക്കും ഈ സംവിധാനം ഏറെ പ്രയോജനകരമാകും. തടസ്സമില്ലാത്ത സമുദ്ര ഗവേഷണ പ്രവർത്തനങ്ങൾ ഉറപ്പാക്കാനും സർവേകൾ, സ്റ്റോക്ക് അസസ്മെന്റ് പഠനങ്ങൾ, ആവാസവ്യവസ്ഥാ നിരീക്ഷണം എന്നിവ തുടർച്ചയായി നടത്താനും ഇത് സഹായിക്കും- മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ കടൽ സുരക്ഷ ഉറപ്പാക്കുന്നതിനും തത്സമയ ആശയവിനിമയത്തിനുമായി ഐഎസ്ആർഒയുമായി ചേർന്ന് മത്സ്യബന്ധനയാനങ്ങളിൽ ട്രാൻസ്പോണ്ടറുകൾ സ്ഥാപിച്ചുവരികയാണ്. കൂടാതെ, മത്സ്യലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ട്രാൻസ്പോണ്ടറുകളിലൂടെ മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കും- മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജന (പി.എം.എം.എസ്.വൈ) വിഭാവനം ചെയ്യുന്ന ആഴക്കടൽ യാനങ്ങളുടെ നവീകരണത്തിന് ഈ സ്ലിപ്പ്‌വേ ക്രാ‍‍ഡിൽ നിർണായകമാണെന്ന് എഫ്.എസ്.ഐ ഡയറക്ടർ ജനറൽ ഡോ. ശ്രീനാഥ് കെ.ആർ പറഞ്ഞു. ആധുനികവും  നൂതനവുമായ യാനങ്ങളിൽ നിക്ഷേപം നടത്താൻ മത്സ്യത്തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്ന വേളയിൽ, അവക്ക് ലോകോത്തര നിലവാരത്തിലുള്ള അറ്റകുറ്റപ്പണി സൗകര്യങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്.  യാനങ്ങളുടെ കാര്യക്ഷമത കൂട്ടുകയും  കടലിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിന് ഈ സംവിധാനം കരുത്താകും.

ഇലക്ട്രിക് വിഞ്ച് സംവിധാനവുമായി ചേർന്നാണ് ക്രാ‍‍ഡിൽ പ്രവർത്തിക്കുന്നത്. ഒരേ സമയം ആറ് യാനങ്ങൾ വരെ വിവിധ ബർത്തുകളിലായി അറ്റകുറ്റപ്പണികൾക്കായി കരയ്ക്ക് കയറ്റാൻ ഇതിലൂടെ സാധിക്കും.

പരമ്പരാഗത മത്സ്യബന്ധന ബോട്ടുകൾക്ക് പുറമെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ), കേന്ദ്ര ഫിഷറീസ് സാങ്കേതികവിദ്യാ സ്ഥാപനം (സിഐഎഫ്ടി), ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കസ്റ്റംസ്, ലക്ഷദ്വീപ് ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് എന്നിവയുടെ ഗവേഷണ, എൻഫോഴ്സ്മെൻ്റ് യാനങ്ങൾക്കും ഈ സൗകര്യം ഉപയോഗിക്കാം.

കൊച്ചി വാട്ടർ മെട്രോ, ടൂറിസം യാനങ്ങൾ, ഉൾനാടൻ ജലഗതാഗത യാനങ്ങൾ, സ്വകാര്യ ആഴക്കടൽ ഓപ്പറേറ്റർമാർ എന്നിവർക്കും പ്രയോജനപ്പെടുത്താം.

സി.ഐ.എഫ്.ടി ഡയറക്ടർ ഡോ ജോർജ്ജ് നൈനാൻ, കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആശിഷ് മെഹ്റോത്ര, എഫ്.എസ്.ഐ സോണൽ ഡയറക്ടർ ഡോ. സിജോ പി. വർഗീസ്, എഞ്ചിനീയറിംഗ് വിഭാഗം ഡയറക്ടർ  ധരംവീർ സിംഗ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Advertisment
Advertisment