കമ്മ്യൂണിസ്റ്റ് പച്ചയുടെ പ്രകൃതി, രാഷ്ട്രീയം, കല- ജർമ്മൻ കലാകാരൻ ഫ്ലോ മാക്കിൻ്റെ സൃഷ്ടി ബിനാലെയിൽ

New Update
PHOTO 1

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷൻ റെസിഡൻസി പ്രദർശനത്തിന്റെ ഭാഗമായി മട്ടാഞ്ചേരി ബസാർ റോഡിലെ ദേവസ്സി ആൻഡ് സൺസിൽ ജർമ്മൻ കലാകാരൻ ഫ്ലോ മാക് ഒരുക്കിയ 'കമ്മ്യൂണിസ്റ്റ് പച്ച' എന്ന കലാപ്രതിഷ്ഠ മലയാളികളിൽ ഉണർത്തുന്നത് കൗതുകവും ഗൃഹാതുരത്വവുമാണ്. ഒരു സാധാരണ ചെടിയെ ലെൻസിലൂടെ നോക്കിക്കാണുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ കലാസൃഷ്ടി, കേരളത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളെയാണ് ഓർമ്മിപ്പിക്കുന്നത്.

'ദി റെഡ് ഗ്രീൻ, 2025' എന്ന് പേരിട്ടിരിക്കുന്ന ഈ കലാപ്രതിഷ്ഠ പ്രകൃതിയും സംസ്കാരവും തമ്മിലുള്ള ഇഴയടുപ്പത്തെയും അധിനിവേശത്തിന്റെ വിവിധ വശങ്ങളെയും അടയാളപ്പെടുത്തുന്നു. 1940-കളിൽ കേരളത്തിൽ എത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ചെടി, അക്കാലത്ത് കേരളത്തിൽ കമ്മ്യൂണിസം പടർന്നുപിടിച്ച വേഗതയിൽ വളർന്നതിനാലാണ് 'കമ്മ്യൂണിസ്റ്റ് പച്ച' എന്ന് അറിയപ്പെട്ടത്. കർഷകർ ഇതിനെ  കളയായി കാണുമ്പോഴും വളമായി ഉപയോഗിക്കാറുണ്ട്.

PHOTO 2



കാലാവസ്ഥാ വ്യതിയാനം പ്രകൃതിയെ മാറ്റിമറിക്കുന്ന ഈ കാലഘട്ടത്തിൽ സഹവർത്തിത്വത്തിന്റെ പ്രാധാന്യമാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായുള്ള ഈ പ്രദർശനം മുന്നോട്ട് വെക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള കലാപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഫോർട്ട് കൊച്ചിയിലും പരിസര പ്രദേശങ്ങളിലും കലാകാരന്മാർക്ക് ഗവേഷണ സൗകര്യമൊരുക്കുന്ന കെ.ബി.എഫ് റെസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പ്രദർശനം നടക്കുന്നത്.

2019-ൽ ആരംഭിച്ച തന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയാണിതെന്ന് ഫ്ലോ മാക് പറഞ്ഞു. സസ്യങ്ങളുടെ ദേശാടനവും ഉത്ഭവവും പ്രകൃതിയും സംസ്കാരവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രമേയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ചെടി വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. ഐവറി കോസ്റ്റിൽ ഇതിനെ 'ഇൻഡിപെൻഡൻസ്' എന്ന് വിളിക്കുമ്പോൾ, ഓസ്‌ട്രേലിയയിൽ 'ഡെവിൾസ് വീഡ്' എന്നും ദക്ഷിണാഫ്രിക്കയിൽ 'ട്രിഫിഡ്' എന്നും അറിയപ്പെടുന്നു. അമേരിക്കയിൽ 'സിയാം വീഡ്' എന്നും ഫ്രാൻസിൽ 'ഹെർബ് ഡു ലാവോസ്' എന്നും ജർമ്മനിയിൽ 'സിയാംക്രുട്ട്' എന്നുമാണ് ഇതിന്റെ പേര്.

KMB 2025


 
അധിനിവേശ സസ്യമായി പലയിടങ്ങളിലും കണക്കാക്കപ്പെടുമ്പോഴും ക്യൂബയിൽ ഈ ചെടി ആത്മീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. അവിടെ ഇതിനെ 'റോംപെസാരഗ്യൂ' എന്നാണ് വിളിക്കുന്നത്. ദൗർഭാഗ്യങ്ങളെ തകർക്കാനും തിന്മകളെ അകറ്റാനും ഈ ചെടിക്ക് കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. മനുഷ്യൻ നിർമ്മിച്ച അതിരുകൾക്കപ്പുറം അതിവേഗം പടരുന്ന ഈ സസ്യം, പ്രകൃതിയിലെ വിപരീത ഘടകങ്ങളെ സ്വീകരിച്ച് എങ്ങനെ യോജിപ്പോടെ ജീവിക്കാമെന്ന് ഓർമ്മിപ്പിക്കുന്നു. മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും വെല്ലുവിളിയാകുന്ന ആധുനിക കാലഘട്ടത്തിൽ പ്രകൃതി ചൂഷണത്തിനെതിരെയുള്ള പ്രസ്താവനയാണ് മാക്കിന്റെ ഈ സൃഷ്ടി.
Advertisment
Advertisment