ജര്‍മ്മന്‍ ഭാഷാ പഠനം: ഗൊയ്ഥെ-സെന്‍ട്രം വിദ്യാര്‍ത്ഥികള്‍ക്ക് അലിയാന്‍സ് സര്‍വീസസും അലിയാന്‍സ് ടെക്നോളജിയും ചേര്‍ന്ന് 100 സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു

New Update
Photo -1
തിരുവനന്തപുരം: ജര്‍മ്മന്‍ ഭാഷയില്‍ പ്രാവീണ്യം നേടുന്ന മികവുറ്റ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ജര്‍മ്മന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ അലിയാന്‍സ് എസ്ഇ, ഗൊയ്ഥെ-സെന്‍ട്രം തിരുവനന്തപുരം കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 100 സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു.
Advertisment


ഗൊയ്ഥെ-സെന്‍ട്രത്തില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുത്ത എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് അലിയാന്‍സ് എസ്ഇ സിഒഒയും ബോര്‍ഡ് ഓഫ് മാനേജ്മെന്‍റ് അംഗവുമായ ബാര്‍ബറ കാറുത്ത്-സെല്ലെയും അലിയാന്‍സ് സര്‍വീസസ് സിഇഒ ടുറാന്‍ സാഹിനും ചേര്‍ന്ന് സ്കോളര്‍ഷിപ്പ് സമ്മാനിച്ച് പദ്ധതിക്ക് തുടക്കമിട്ടു.

ജൂലിയറ്റ് മിനി സുജു, ക്രിസ്റ്റീന തോപ്പില്‍ ഷിബു, നിസ്സി ജോണ്‍, ജിലു മാത്യു, ജീവന്‍ ബിനോയ്, രേഷ്മ ഗ്രേഷ്യസ് ജയന്തി, അര്‍ച്ചന ബിന്ദു സജികുമാര്‍, ഹന്ന സണ്ണി എന്നീ വിദ്യാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായത്.

അലിയാന്‍സ് സര്‍വീസസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയും അലിയന്‍സ് സര്‍വീസസ് ചീഫ് ഡെലിവറി ഓഫീസറുമായ ജിസണ്‍ ജോണ്‍, അലിയാന്‍സ് സര്‍വീസസ് ചീഫ് ഇന്‍ഷുറന്‍സ് സര്‍വീസസ് ഓഫീസര്‍ പ്രവീണ്‍ ശശിധരന്‍, അലിയാന്‍സ് എസ്ഇ ഇന്ത്യ ബ്രാഞ്ച് ഹെഡ് ജയന്ത് തുള്‍സിയാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗൊയ്ഥെ-സെന്‍ട്രം തിരുവനന്തപുരം ഡയറക്ടറും ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ കേരളത്തിലെ ഓണററി കോണ്‍സലുമായ ഡോ. സയ്യിദ് ഇബ്രാഹിം, ഗൊയ്ഥെ-സെന്‍ട്രം ചെയര്‍മാനും ടെക്നോപാര്‍ക്ക് സ്ഥാപക സിഇഒയുമായ ജി. വിജയരാഘവന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

2020 ലാണ് ഗൊയ്ഥെ-സെന്‍ട്രം അലിയാന്‍സുമായി ബന്ധം തുടങ്ങിയതെന്നും അലിയാന്‍സ് സര്‍വീസസും അലിയാന്‍സ് ടെക്നോളജിയും ഗൊയ്ഥെ-സെന്‍ട്രത്തിന്‍റെ തിരുവനന്തപുരം ഫെസിലിറ്റി ആയ 'അലിയാന്‍സ് ഹോസ്' ന്‍റെ നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്കു വഹിച്ചതായും ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു. ഈ ബന്ധം ദൃഢമാക്കുന്നതിനും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷ പഠിക്കുന്നതിനും അതിലൂടെ ജര്‍മ്മനിയില്‍ ഉന്നതവിദ്യാഭ്യാസവും കരിയറും സ്വന്തമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും ഈ സ്കോളര്‍ഷിപ്പ് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലോകം കൂടുതല്‍ വിഭജിക്കപ്പെട്ടുകൊണ്ടിരുക്കുന്ന ഈ കാലത്ത് ജനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് ഭാഷ. പുതിയൊരു ഭാഷ അഭ്യസിക്കുന്നത് സംസ്കാരങ്ങളെയും ജനങ്ങളെയും തമ്മില്‍ ഒരുമിപ്പിക്കുമെന്ന് അലിയാന്‍സ് എസ്ഇ, സിഒഒയും ബോര്‍ഡ് ഓഫ് മാനേജ്മെന്‍റ് അംഗവുമായ ബാര്‍ബറ കാറുത്ത്-സെല്ലെ പറഞ്ഞു. കേരളത്തെയും ജര്‍മ്മനിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാംസ്കാരിക വിനിമയം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന സ്കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

ഗൊയ്ഥെ-സെന്‍ട്രവുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതി ഇന്ത്യ-ജര്‍മ്മന്‍ സാംസ്കാരിക ബന്ധം കൂടുതല്‍ ശക്തമാക്കാനും വിദ്യാഭ്യാസം, വൈവിധ്യം, ഉള്‍പ്പെടുത്തല്‍ എന്നിവയിലൂടെ കേരളത്തിലെ യുവ പ്രതിഭകളെ വളര്‍ത്താനുമുള്ള സംയുക്ത ശ്രമങ്ങള്‍ക്ക് കരുത്ത് പകരുമെന്നും അലിയാന്‍സ് സര്‍വീസസ് സിഇഒ ടുറാന്‍ സാഹിന്‍ അഭിപ്രായപ്പെട്ടു.

ജര്‍മ്മനിയില്‍ ഉന്നത വിദ്യാഭ്യാസവും കരിയറും ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്കോളര്‍ഷിപ്പുകള്‍ വലിയ പ്രചോദനമായിരിക്കുമെന്ന് ജി. വിജയരാഘവന്‍ പറഞ്ഞു.

Advertisment