New Update
/sathyam/media/media_files/2025/05/19/5qAJOOKLc83LC9dj1qzo.jpg)
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന 'എന്‍റെ കേരളം 2025' പ്രദര്‍ശന വിപണന മേളയില്‍ ശ്രദ്ധേയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ്‌യുഎം) പവലിയന്‍. നിര്‍മ്മിതബുദ്ധി, റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെ പൊതുജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുന്നതാണ് പവലിയന്‍. കനകക്കുന്നില്‍ ഒരുക്കിയിട്ടുള്ള പ്രദര്‍ശന മേളയിലെ കെഎസ്‌യുഎം പവലിയന്‍ മേയ് 23 വരെ സന്ദര്‍ശിക്കാം. പ്രവേശനം സൗജന്യമാണ്.
Advertisment
ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ നേരിട്ടറിയാന്‍ സാധിക്കുന്ന എക്സ്പീരിയന്‍സ് സെന്‍ററുകളായാണ് കെഎസ്‌യുഎമ്മിന്‍റെ പവലിയന്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍മ്മിത ബുദ്ധി, ഓഗ്മെന്‍റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ത്രീഡി പ്രിന്‍റിംഗ്, ഡ്രോണ്‍, റോബോട്ടിക്സ്, ഐഒടി, തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രദര്‍ശനമാണ് നടക്കുന്നത്. 'ആള്‍ ഫോര്‍ കോമണ്‍ പീപ്പിള്‍' എന്ന ആശയത്തിലാണ് പവലിയന്‍ ഒരുക്കിയിട്ടുള്ളത്.
ഭാവിയിലെ സാങ്കേതികവിദ്യകളുടെ പരിവര്‍ത്തനാത്മകമായ സ്വാധീനത്തെക്കുറിച്ച് അറിവ് പകരുന്നതാണ് ഈ പവലിയനെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും തിരിച്ചറിയാനും നിത്യജീവിതത്തില്‍ അവയുടെ പ്രയോജനത്തെക്കുറിച്ച് മനസ്സിലാക്കാനും പ്രദര്‍ശനം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സന്ദര്‍ശകര്‍ക്ക് കൈകൊടുത്തും ഒപ്പം നടന്നും കൗതുകം ജനിപ്പിക്കുന്ന യുണീക് വേള്‍ഡ് റോബോട്ടിക്സിന്‍റെ ബെന്‍ എന്ന റോബോ ടോയ് ഡോഗ്, ഡിസ്പെന്‍സര്‍ റോബോട്ടുകള്‍, ലൈവ് ക്ലേ മോഡലിംഗിന്‍റെ ഭാഗമായി നിര്‍മ്മിച്ച വസ്തുക്കള്‍, ഹോളോഗ്രാം സംവിധാനം ഉപയോഗിച്ചുള്ള കണ്ടന്‍റ് ഡിസ്പ്ലേ, കാര്‍ഷിക മേഖലയുടെ പുരോഗതി മുന്നില്‍ കണ്ടുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഡ്രോണ്‍ ഫെര്‍ട്ടിലൈസര്‍, ഓട്ടിസം ബാധിച്ച കുട്ടികളുടെ പഠനമികവിന് സഹായകമായ എആര്‍ വിആര്‍ സംവിധാനം, ഇന്‍ററാക്ടീവ് ലേണിംഗ് സാധ്യമാക്കുന്ന മേക്കര്‍ ലാബ് എഡ്യൂടെക് വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യ ഹ്യുമനോയിഡ് എഐ റോബോട്ടിക് ടീച്ചറായ ഐറിസ്, സന്ദര്‍ശകര്‍ക്ക് ചിത്രമെടുക്കാന്‍ അനുയോജ്യമായ ഓലപ്പുരയുടെ ദൃശ്യഭംഗി തുടങ്ങിയവ കെഎസ്‌യുഎം പവലിയന്‍റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.
ശബ്ദത്തിലൂടെ വീഡിയോ നിര്‍മ്മാണം, ശബ്ദത്തിലൂടെ ടാക്സി വിളിക്കല്‍, പുതുതലമുറ വാക്കുകളുടെ വിശകലനം, എംബ്രൈറ്റ് ടെക്നോളജീസ് വികസിപ്പിച്ചെടുത്ത വിആര്‍-എയ്ഡഡ് ഗെയിമിംഗ്, മിനി ബോട്ട്, കൃഷി, ഉദ്യാനപാലനം എന്നിവ സാധ്യമാക്കുന്ന ഐഒടി സംവിധാനം, എഐ കാരിക്കേച്ചര്‍, ഫോട്ടോയിലൂടെ മുഖം തിരിച്ചറിയുന്ന സംവിധാനം തുടങ്ങിയ സാങ്കേതികവിദ്യകള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
കോട്ടയം, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടന്ന എന്‍റെ കേരളം 2025 പ്രദര്‍ശന വിപണന മേളയില്‍ മികച്ച പവലിയനായി കെഎസ്‌യുഎമ്മിന്‍റെ പവലിയനുകള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.