
മഴക്കാലമാകുമ്പോള്‍ പലവിധത്തിലുള്ള രോഗങ്ങളും അണുബാധകളുമെല്ലാം സാധാരണമായിരിക്കും. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ പ്രതിരോധിക്കുന്നതിന് ഇഞ്ചി വളരെ സഹായകമാണ്. നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് ഇഞ്ചി പോലെ പ്രയോജനപ്പെടുന്നൊരു ഘടകം വീടുകളിലുണ്ടാകില്ലെന്ന് പറയാം.
അതുപോലെ തന്നെ മഴക്കാലത്ത് ധാരാളം പേരില്‍ കാണുന്ന ദഹനക്കുറവ്, ഗ്യാസ് പോലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും തന്നെയാണ് ഇഞ്ചിയിട്ട ചായയും, വെള്ളവുമെല്ലാം കഴിക്കണമെന്ന് നിര്‍ദേശിക്കുന്നത്. ചിലര്‍ക്ക് ഗ്യാസ് നിറഞ്ഞ് എപ്പോഴും ഓക്കാനം വരുന്ന പ്രയാസമുണ്ടാകാം ഇത് പരിഹരിക്കുന്നതിനും ഇഞ്ചി നല്ലതാണ്. ഇഞ്ചിക്കൊപ്പം അല്‍പം ചെറുനാരങ്ങാനീരും പുതിനയുമെല്ലാം ചേര്‍ത്താല്‍ രുചിയും കൂടും ഗുണങ്ങളും ഇരട്ടിക്കും.
മഴക്കാലത്ത് വയറിന് കേട് പറ്റുന്നത് ഒരുപാട് പേരുടെ പ്രശ്നമാണ്. പുറത്തുനിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുകയെന്നതാണ് ഇതിനുള്ള പരിഹാരം. ഫ്രഷ് ആയ ഭക്ഷണങ്ങള്‍ വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കാൻ ശ്രമിക്കണം. വീട്ടിലായാലും ശുചിത്വം പാലിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. പ്രത്യേകിച്ച് വെള്ളത്തിന്‍റെയും ഭക്ഷണത്തിന്‍റെയും കാര്യത്തില്‍.
ഇലക്കറികളോ പച്ചക്കറികളോ എല്ലാം നല്ലതുപോലെ വൃത്തിയാക്കിയിട്ട് വേണം പാകം ചെയ്യാൻ. പ്രോബയോട്ടിക് ഇനത്തില്‍ പെടുന്ന ഭക്ഷണ-പാനീയങ്ങള്‍ കഴിക്കുന്നതും, വീട്ടില്‍ തന്നെ തയ്യാറാക്കുന്ന സൂപ്പുകള്‍ കഴിക്കുന്നതുമെല്ലാം വയറിന്‍റെ ബുദ്ധിമുട്ടുകളകറ്റുന്നതിന് മഴക്കാലത്ത് സഹായകമായിരിക്കും.