ഗ്ലോബൽ കേപബിലിറ്റി സെന്റര്‍ (ജിസിസി) നയം ഈ വര്‍ഷം പുറത്തിറക്കും- മുഖ്യമന്ത്രി പിണറായി വിജയന്‍

ജിസിസി മേധാവികളുമായി കൊച്ചിയില്‍ കൂടിക്കാഴ്ച

New Update
dfghjkljhgfdfghjk
കൊച്ചി: രാജ്യാന്തര തലത്തിലുള്ള ഗ്ലോബൽ കേപബിലിറ്റി സെന്റര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി ഈ വര്‍ഷം തന്നെ സംസ്ഥാനം ജിസിസി നയം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഐടിയും ഇ റ്റി ജിസിസി വേള്‍ഡ് ഡോക് കോമും സംയുക്തമായി സംഘടിപ്പിച്ച ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ മേധാവികളുമായി നടത്തിയ റൗണ്ട് ടേബിള്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ജിസിസി തുടങ്ങാന്‍ ആഗ്രഹിക്കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഇളവുകള്‍ നല്‍കും. നിലവില്‍  40 ജിസിസികളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. അത് 120 ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. 2030 ആകുമ്പോഴേക്കും 40,000 തൊഴിലവസരം 2 ലക്ഷമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.കേരളത്തിന്റെ അടിസ്ഥാന സൗകര്യം, ലോകോത്തര ഐടി പാര്‍ക്കുകള്‍, ജീവിതസാഹചര്യം എന്നിവ നേരിട്ട് മനസിലാക്കുന്നതിന് വ്യവസായ പ്രതിനിധികളെ അദ്ദേഹം ക്ഷണിച്ചു.

ചടുലമായ സമ്പദ് വ്യവസ്ഥയുടെ ചാലക ശക്തിയാണ് ജിസിസി മേഖലയെന്ന് ഐടി സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു. ദേശീയപാത വികസനം, വിഴിഞ്ഞം തുറമുഖം, തീരദേശ ഹൈവേ, മലയോര ഹൈവേ, കനാല്‍ ഗതാഗതം എന്നിവ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഉദാഹരണമാണ്. ജിസിസി മേഖലയില്‍ ലോകോത്തരമായ കമ്പനികള്‍ നിലവില്‍ കേരളത്തിലുണ്ട്. മറ്റ് കമ്പനികളും കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ഐടി പാര്‍ക്കുകളെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റെത്. ലുലു ഇരട്ട സൈബര്‍ ടവര്‍ കൂടി യാഥാര്‍ത്ഥ്യമായതോടെ ഐടി സ്‌പേസ് ആവശ്യാനുസരണം വര്‍ദ്ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയന്ത്രിത നഗരവത്കരണമാണ് ഐടി വ്യവസായത്തിനായി കേരളം മുന്നോട്ടു വയ്ക്കുന്ന പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗം സാമൂഹിക സമത്വം എന്നിവയുടെ കാര്യത്തില്‍ ആഗോള നിലവാരത്തിലാണ് കേരളം. പുതിയ സെന്ററുകള്‍ ആരംഭിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ജിസിസി കമ്പനികള്‍ കണക്കിലെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിവിന്റെയും പ്രതിഭയുടെയും കാര്യത്തില്‍ കേരളത്തിന്റെ മേന്മകള്‍ ഉപയോഗപ്പെടുത്താന്‍ രാജ്യത്തെ ഐടി രംഗം ശ്രദ്ധ ചെലുത്തണമെന്ന് സംസ്ഥാന ഐടി ഉന്നതാധികാര സമിതി വൈസ് ചെയര്‍മാന്‍ എസ് ഡി ഷിബുലാല്‍ പറഞ്ഞു. റിസര്‍ച്ച് ക്ലസ്റ്റര്‍, ജിപിയു ക്ലസ്റ്റര്‍, സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കേരള എഐ തുടങ്ങിയ ഉദ്യമങ്ങള്‍ ഈ മേഖലയിലുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജിസിസികള്‍ക്ക് ആതിഥേയത്വം വഹിക്കുമ്പോള്‍ ഏതൊക്കെ മേഖലകളിലാണ് സംസ്ഥാനം ശ്രദ്ധ പതിപ്പിക്കേണ്ടതെന്ന് ധാരണയുണ്ടാകണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കമ്പനി മേധാവികള്‍ പറഞ്ഞു.  ജിസിസി-ഐടി മേഖലയില്‍ വനിതകളെ നേതൃനിരയിലേക്ക് കൊണ്ടു വരണം. മികച്ച കഴിവുള്ള ഐടി ജീവനക്കാരുടെ ടാലന്റ് പൂള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും കമ്പനി മേധാവികള്‍ പറഞ്ഞു.

ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ കരട് ജിസിസി നയത്തിന്റെ വിശദാംശങ്ങള്‍ ഐടി വ്യവസായികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലും കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിലുമാകും ജിസിസി കമ്പനികള്‍ക്ക് സേവനത്തിനായി പ്രത്യേക സംഘം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍(റിട്ട) സഞ്ജീവ് നായര്‍, കെഎസ് യുഎം സിഇഒ അനൂപ് അംബിക തുടങ്ങിയവര്‍ സംസാരിച്ചു പുതിയ കൊ-വര്‍ക്കിംഗ് സ്‌പേസായ ഐ ബൈ ഇന്‍ഫോപാര്‍ക്കിന്റെ വെബ്‌സൈറ്റ്  https://ibyinfopark.in/ ലോഞ്ച് ഐടി സെക്രട്ടറി സീറാം സാംബശിവറാവു നിര്‍വഹിച്ചു.
Advertisment