കൊച്ചി: ഇന്ത്യയിൽ നിന്നുള്ള മത്സ്യയിനങ്ങൾക്ക് ആഗോള സുസ്ഥിരത സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്ന നടപടികളിലേക്ക് ഈ വർഷം അവസാനത്തോടെ കടക്കാനാകുമെന്ന് പ്രതീക്ഷ. സർട്ടിഫിക്കേഷൻ നടപടികളുടെ രീതികൾ പരിചയപ്പെടുത്തുന്നതിനായി കൊച്ചിയിൽ നടന്ന പരിശീലന ശിൽപശാലയിലാണ് രാജ്യത്തെ സീഫുഡ് കയറ്റുമതിക്ക് ഏറെ മുതൽക്കൂട്ടാകുന്ന വിലയിരുത്തൽ.
സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയ 12 ഇനങ്ങളിൽ മിക്കവയുടെയും ശാസ്ത്രീയ അവലോകനം അവസാന ഘട്ടത്തിലാണ്. ഇത് പൂർത്തീകരിക്കുന്നതോടെ മറൈൻ സ്റ്റിവാർഡ്ഷിപ് കൗൺസിലിന്റെ (MSC) സർട്ടിഫിക്കേഷൻ നിലവാരത്തിന് അനുസൃതമായി ഇവയെ ഓഡിറ്റിംഗിന് വിധേയമാക്കും. മത്സ്യസമ്പത്തിന്റെ സുസ്ഥിരത, കുറഞ്ഞ പാരിസ്ഥിതിക ആഘാതം, ഫലപ്രദമായ മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ആവശ്യമാണ്.
ആഗോള വിപണികളിൽ ആവശ്യക്കാരേറുന്നു ആഗോള വിപണികളിൽ സുസ്ഥിരത സർട്ടിഫിക്കേഷനുള്ള സമുദ്രോൽപ്പന്നങ്ങൾക്ക് ആവശ്യകത ഗണ്യമായി വർധിച്ചുവരുന്നതായി ശിൽപശാലയിൽ അഭിപ്രായമുയർന്നു. ലോകമെമ്പാടുമുള്ള മൊത്തം സമുദ്ര മത്സ്യബന്ധനത്തിന്റെ 15%-ത്തിലധികവും സുസ്ഥിരത സർട്ടിഫിക്കേഷൻ ലഭിച്ചവയാണ്. ഇവയുടെ ആവശ്യകത ഓരോ വർഷവും വർധിച്ചുവരികയാണ്. നിലവിൽ 63 രാജ്യങ്ങൾ എം.എസ്.സി. സർട്ടിഫിക്കേഷൻ സ്വന്തമാക്കിയിട്ടുണ്ടെന്ന് എം.എസ്.സി.യുടെ ഫിഷറീസ് സ്റ്റാൻഡേർഡ് ആക്‌സസിബിലിറ്റി മേധാവി അമാൻഡ ലെജ്‌ബോവിച്ച് പറഞ്ഞു.
കയറ്റുമതി വളർച്ച, ഉയർന്ന വിപണി എന്നിവയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് സുസ്ഥിരത സർട്ടിഫിക്കേഷൻ. യൂറോപ്പ്, അമേരിക്ക, ജപ്പാൻ തുടങ്ങി അന്താരാഷ്ട്ര വിപണികളിൽ സുസ്ഥിരത മുദ്രയുള്ള സമുദ്രോൽപന്നങ്ങൾക്ക് ആവശ്യക്കാരേറെയാണെന്നും അവർ പറഞ്ഞു.
സുസ്ഥിരത നിർണയിക്കുന്നതിനുള്ള ഓഡിറ്റിംഗ് രീതികൾ സർവകലാശാലകളിലെ ഫിഷറീസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ശിൽപശാലയിൽ ആവശ്യമുയർന്നു.
സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി മുൻ ചെയർമാനും സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറിയുമായ ഡോ കെ എൻ രാഘവൻ ഉദ്ഘാടനം ചെയ്തു. ഡോ സുനിൽ മുഹമ്മദ്, ജി പവൻ കുമാർ, അലക്സസ് നൈനാൻ എന്നിവർ സംസാരിച്ചു.
സസ്റ്റയിനബിൾ സീഫുഡ് നെറ്റ് വർക് ഓഫ് ഇന്ത്യ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ശിൽപശാല സംഘടിപ്പിച്ചത്. സിഫ്റ്റ്, കുഫോസ്, കുസാറ്റ്, ഫിഷറി സർവേ ഓഫ് ഇന്ത്യ, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് എന്നിവയിലെ വിദഗ്ധർ, സർക്കാർ പ്രതിനിധികൾ, പരിസ്ഥിതി വിദഗ്ധർ, സുസ്ഥിരത നിർണയ ഓഡിറ്റർമാർ, കയറ്റുമതിവ്യവസായ പ്രതിനിധികൾ, ഗവേഷണ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും.