തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വി.വി.ഐ.പി ജേതാക്കള്‍ക്കുള്ള 117 പവന്റെ സ്വര്‍ണക്കപ്പ്. മടക്കിവച്ച പുസ്തകത്തിനു മീതെ, വളയിട്ട കയ്യില്‍ ഉയര്‍ന്നുനില്‍ക്കുന്ന വലംപിരിശംഖ്.
ഓരോ കലോത്സവത്തിന്റെയും മുഖ്യ ആകര്‍ഷണമായ സ്വര്‍ണക്കപ്പ് ഇത്തവണ അതിന്റെ ശില്‍പ്പിയുടെ നാടായ തിരുവനന്തപുരത്തേക്ക് എത്തിയിട്ടുണ്ട്.
1986ലാണ് വിദ്യാഭ്യാസ വകുപ്പില്‍ കലാ അദ്ധ്യാപകനായിരുന്ന ചിറയന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍ കപ്പ് രൂപകല്‍പന ചെയ്തത്. സ്വര്‍ണക്കപ്പിന് പോലീസിന്റെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരത്തേക്കുള്ള സ്വര്‍ണക്കപ്പിന്റെ ഘോഷയാത്രയില്‍ ജില്ലകളില്‍ സ്വീകരണം നല്‍കിയിരുന്നു
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് മേളയുടെ പ്രധാന ആകര്‍ഷണമാണ്. സ്വര്‍ണക്കപ്പിനുമുണ്ട് ഒരു കഥ പറയാന്‍.
1985ല്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ രജതജൂബിലി സ്‌കൂള്‍ കലോത്സവം നടക്കുമ്പോള്‍ പദ്യപാരായണത്തിനും കവിതാ രചനയ്ക്കും അക്ഷര ശ്ലോകത്തിനും വിധികര്‍ത്താവായി എത്തിയത് മഹാകവി വൈലോപ്പിള്ളി ശ്രീധര മേനോനായിരുന്നു.
ആ സമയത്ത് തൊട്ടടുത്തുള്ള മഹാരാജാസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നെഹ്‌റു സ്വര്‍ണക്കപ്പിനായുള്ള അന്താരാഷ്ട്ര ഫുട്ബാള്‍ ടൂര്‍ണമെന്റ് നടക്കുകയാണ്.
ഫുട്ബോള്‍ ടൂര്‍ണമെന്റ് ജേതാക്കള്‍ക്ക് സ്വര്‍ണക്കപ്പ് കിട്ടുമ്പോള്‍ കലോത്സവ ജേതാക്കള്‍ക്കും അത്തരത്തില്‍ ഒരു സമ്മാനം വേണ്ടേ എന്ന് കവിക്ക് തോന്നി. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിന് മുന്നില്‍ വൈലോപ്പിള്ളി തന്റെ നിര്‍ദ്ദേശം വച്ചു
കഴിയുമെങ്കില്‍ 101 പവന്‍ തൂക്കമുള്ള ഒരു സ്വര്‍ണക്കപ്പ് തന്നെ കലോത്സവത്തിനും ഏര്‍പ്പെടുത്തണമെന്ന് വൈലോപ്പിള്ളി ആവശ്യപ്പെട്ടു. വൈലോപ്പിള്ളിയുടെ നിര്‍ദേശം അടുത്ത വര്‍ഷത്തെ കലോത്സവത്തില്‍ സാക്ഷാത്കരിക്കുമെന്ന് ടി.എം. ജേക്കബ് സമാപന സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കടകള്‍ ഉള്ള തൃശ്ശൂര്‍ നഗരത്തില്‍ വെച്ചാണ് തൊട്ടടുത്ത വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവം നടന്നത്.
വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ ഡയറക്ടറും ചേര്‍ന്ന് തൃശൂരിലെ സ്വര്‍ണ വ്യാപാരികളെ ഒരു ചായ സത്കാരത്തിനായി ക്ഷണിച്ചു. 101 പവന്റെ സ്വര്‍ണക്കപ്പുണ്ടാക്കാന്‍ വ്യാപാരികളുടെ സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍, പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ല.
അക്കൊല്ലം ജേതാക്കള്‍ക്ക് നടരാജവിഗ്രഹം പതിപ്പിച്ച കപ്പില്‍ ആറു പവന്റെ സ്വര്‍ണ്ണം പൂശി നല്‍കി. തൊട്ടടുത്ത വര്‍ഷം ടി.എം ജേക്കബ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഏറെ മുന്‍പ് തന്നെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു
വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള ഓഫീസര്‍മാര്‍, മാനേജര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. അങ്ങനെയാണ് സ്വര്‍ണക്കപ്പുണ്ടാക്കാനുള്ള പണം സ്വരൂപിച്ചത്.
പണം സ്വരൂപിച്ച ശേഷം കപ്പ് രൂപകല്‍പന ചെയ്യാനായി പ്രശസ്ത ചിത്രകാരനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാസികയായ 'വിദ്യാരംഗ'ത്തിന്റെ ആര്‍ട്ട് എഡിറ്ററായിരുന്ന ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെ ചുമതലപ്പെടുത്തി. കപ്പിന്റെ മാതൃക ശ്രീകണ്ഠന്‍ നായര്‍ തയ്യാറാക്കിയത് മഹാകവി വൈലോപ്പിള്ളിയുടെ നിര്‍ദേശത്തോടെയായിരുന്നു.
വിദ്യ, കല, നാദം എന്നിവ സമന്വയിപ്പിച്ചു കൊണ്ടുള്ള കപ്പ് വേണം രൂപകല്‍പന ചെയ്യാന്‍ എന്ന നിര്‍ദേശമാണ് വൈലോപ്പിള്ളി ശ്രീകണ്ഠന്‍ നായര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് ഒറ്റ ദിവസം കൊണ്ട് ശ്രീകണ്ഠന്‍നായര്‍ കപ്പിന്റെ രൂപകല്‍പന തയ്യാറാക്കി.
പത്തനംതിട്ടയിലെ ഷാലിമാര്‍ ഫാഷന്‍ ജ്വല്ലറി സ്വര്‍ണക്കപ്പുണ്ടാക്കാനുള്ള ടെന്‍ഡര്‍ ഏറ്റെടുത്തു. കോയമ്പത്തൂര്‍ മുത്തുസ്വാമി കോളനിയിലെ ടി.വി.ആര്‍ നാഗാസ് വര്‍ക്സാണ് കപ്പിന്റെ പണി ഏറ്റെടുത്തത്. 101 പവന്‍ തൂക്കത്തില്‍ കപ്പുണ്ടാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ 117.5 പവനായി കപ്പിന്റെ തൂക്കം
1987ല്‍ നിര്‍മാണം പൂര്‍ത്തിയായ സ്വര്‍ണക്കപ്പ് കോഴിക്കോട്ട് എത്തിച്ചു. അഞ്ചുപേര്‍ ചേര്‍ന്ന് ഒന്നരമാസം കൊണ്ടാണ് രണ്ടേകാല്‍ ലക്ഷം രൂപ ചെലവിട്ട് സ്വര്‍ണക്കപ്പിന്റെ പണി പൂര്‍ത്തിയാക്കിയത്.
സ്വര്‍ണക്കപ്പിലെ ശംഖ് നാദത്തെയും, പുസ്തകം അറിവിനെയും, കൈകള്‍ അധ്വാനത്തെയും, ഏഴു വളകള്‍ ഏഴു രാഗത്തെയും പ്രതിനിധാനം ചെയ്യുന്നു. ഏഷ്യാ വന്‍കരയിലെ ഏറ്റവും വലിയ കലാസംഗമത്തിന്റെ അഭിമാനമുദ്രയായി ഈ സ്വര്‍ണക്കപ്പ് മാറി.
സ്വര്‍ണക്കപ്പിനെച്ചൊല്ലി വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. കപ്പില്‍ അന്നു വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം. ജോക്കബിന്റെ പേരു കൊത്തിയതായിരുന്നു ആദ്യത്തെ വിവാദം.
പക്ഷേ എല്ലാ വിവാദങ്ങളെയും അപ്രസക്തമാക്കി, ഏഷ്യയിലെ വമ്പന്‍ കലാമേളയുടെ മുഖമുദ്രയായി ആ സ്വര്‍ണക്കപ്പ് ഉയര്‍ന്നു നില്‍ക്കുന്നു.