/sathyam/media/media_files/2025/02/04/gSsUpNvvtvlt5rszc2hg.jpg)
തിരുവനന്തപുരം: മലയാളികളുടെ നെഞ്ചിടിപ്പേറ്റി കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവന്റെ വില 99,000 കടന്നു. ഇന്നു രാവിലെയും ഉച്ചയ്ക്കുമായി 1,080 രൂപ വർധിച്ച് വില 99,280 രൂപയായി.
ഈ നില തുടർന്നാൽ സ്വർണവില ഉടൻ പവന് ഒരുലക്ഷം രൂപ കടക്കും. മൂന്ന് ശതമാനം ജിഎസ്ടിയും കുറഞ്ഞത് 5% പണിക്കൂലിയും ഹോൾമാർക്ക് ഫീസും പരിഗണിച്ചാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കേരളത്തിൽ 1.15 ലക്ഷം രൂപ മുടക്കണം.
വിവാഹസീസൺ തുടങ്ങിയിരിക്കുകയാണ് കേരളത്തിൽ. ഒരു പവൻ സ്വർണത്തിന് ഒരുലക്ഷം കടന്നാൽ മാതാപിതാക്കളുടെ നെഞ്ചിടിപ്പേറ്റുന്നതാണ്. അതേസമയം, പഴയ സ്വർണം പുതുക്കി മാറ്റി വാങ്ങാനടക്കം ജുവലറികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
സ്വർണാഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വിലക്കുതിപ്പ് വൻ നിരാശയാണ്. എന്നാൽ, സ്വർണത്തിൽ നേരത്തേ നിക്ഷേപം നടത്തിയവർക്ക് വിലവർധന ആശ്വാസവുമാണ്. വിലകൂടുന്നതിന് ആനുപാതികമായി ലാഭവും കൂടും.
കഴിഞ്ഞ ഒരുവർഷത്തിനിടെ മാത്രം പവന് 42,160 രൂപയാണ് കൂടിയത്. സ്വർണവില ഇത്രയും മുന്നേറ്റം നടത്തിയ കാലവും അപൂർവം. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് വീണതുമാണ് ആഭ്യന്തര സ്വർണവില കൂടാൻ ഇടയാക്കിയത്.
രാജ്യാന്തരവില ഔൺസിന് 26 ഡോളർ ഉയർന്ന് 4,326 ഡോളറിൽ എത്തിയത് തിരിച്ചടിയായി. ഈ വർഷം ഇതുവരെ സ്വർണവിലയിലുണ്ടായ വർധന 72 ശതമാനമാണ്. ഇക്കാലയളവിൽ ഗ്രാമിന് 5150 രൂപയും പവന് 41,200 രൂപയും വർധിച്ചു. ഈമാസത്തെ വിലക്കയറ്റത്തിന്റെ കണക്കെടുത്താലും ഞെട്ടിപ്പിക്കുന്നതാണ്.
ഡിസംബർ 1ന് : 95,680, ഡിസംബർ 2ന് : 95,480, ഡിസംബർ 3ന് : 95,760, ഡിസംബർ 4ന് : 95,080, ഡിസംബർ 5ന് : 95,840, ഡിസംബർ 6ന് : 95,440, ഡിസംബർ 7ന് : 95,440, ഡിസംബർ 8ന് : 95,640, ഡിസംബർ 9ന് : 94,920, ഡിസംബർ 10ന് : 95,560, ഡിസംബർ 11ന് : 95,880, ഡിസംബർ 12ന് : 98,400, ഡിസംബർ 13ന് : 98,200, ഡിസംബർ 14ന് : 98,200 ഇങ്ങനെയാണ് വിലക്കയറ്റം.
2024 മാർച്ചിൽ 50,000 കടന്ന ഒരു പവന്റെ വിലയിൽ വെറും 21 മാസം കൊണ്ട് 48,000 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. വിവിധ കാരണങ്ങളാണ് സ്വർണവിലക്കയറ്റത്തിലുള്ളത്.
ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ചയിലേക്ക് നിലംപൊത്തി. ഇന്നലെ 90.33 എന്ന സർവകാല താഴ്ചയിലേക്ക് പതിച്ച രൂപ, ഇന്ന് രാവിലെ കൂടുതൽ തകർന്ന് 90.56ൽ എത്തി. ഇപ്പോഴുള്ളത് 90.41ൽ.
രൂപ തളരുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കൂടും. ഇതും സ്വർണവില നിർണയത്തിൽ പ്രതിഫലിച്ചു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചതാണ് സ്വർണത്തിന് പുത്തനുണർവ് നൽകിയത്.
ഇത് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപ പദ്ധതികളുടെ സ്വീകാര്യത കൂട്ടുന്നു. രാജ്യാന്തര സ്വർണവ്യാപാരം ഡോളറിലാണ് നടക്കുന്നതെന്നിരിക്കേ, ഡോളർ ശക്തിപ്പെട്ടതും സ്വർണത്തിന് ഡിമാൻഡ് നഷ്ടമായിട്ടില്ലെന്നതും വില കൂടാനിടയാക്കി.
പവന് ഒരു ദശാബ്ദത്തിനിടെ മാത്രം കൂടിയത് 79,000 രൂപയിലധികം. അതായത്, സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് ലഭിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന, സ്വപ്നതുല്യമായ നേട്ടം.
2015ൽ കേവലം 19,760 രൂപയായിരുന്നു സ്വർണവില. മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞത് 5% പണിക്കൂലിയും ഹോൾമാർക്ക് ഫീസും (53.10 രൂപ) പരിഗണിച്ചാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കേരളത്തിൽ 1.15 ലക്ഷം രൂപയ്ക്കടുത്താവുമെന്നതാണ് സ്ഥിതി.
രൂപയുടെ മൂല്യമിടിഞ്ഞത് സ്വർണവിലക്കയറ്റത്തിന് ആക്കം കൂട്ടുന്നതാണ്. സ്വർണം ഇറക്കുമതിച്ചെലവ് കൂടാന്‍ രൂപയുടെ തളർച്ച ഇടയാക്കും. ഇതാണ്, വിലനിർണയത്തിൽ പ്രതിഫലിക്കുന്നതും.
ശബരിമലയുൾപ്പെടെ ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ നിത്യോപയോഗമില്ലാത്ത 535 കിലോഗ്രാം സ്വർണം നിക്ഷേപപ്പദ്ധതിയിൽ എസ്.ബി.ഐ.ക്ക് കൈമാറിയിരുന്നു.
തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലെ സ്വർണം 21 സ്‌ട്രോങ് റൂമുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. ഭക്തർ കാണിക്കയായും നടയ്ക്കുവെച്ചതുമായ ആഭരണങ്ങളാണിത്. സ്വർണവിലയനുസരിച്ച് 10 കോടിയിലേറെ രൂപ പ്രതിവർഷം പലിശയിനത്തിൽ ലഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us