കോഴിക്കോട്: കൊടുവള്ളിയിൽ ജ്വല്ലറി ഉടമയെ കാർ ഇടിച്ചു വീഴ്ത്തി സ്വർണം കവർന്ന കേസിൽ നിർണായക കണ്ടെത്തൽ. കവർച്ചക്കുള്ള ക്വട്ടേഷൻ നൽകിയത് തൊട്ടടുത്ത കടക്കാരനെന്ന് പൊലീസ്.
കവർച്ച ചെയ്യപ്പെട്ട ആളുടെ സുഹൃത്ത് കൂടിയാണ് സൂത്രധാരനായ രമേശ്. ആക്രമിക്കപ്പെട്ട ആളുടെ സ്ഥാപനത്തിന് അടുത്തു കട നടത്തുന്ന ആളാണ് രമേശ്. രമേശും ആഭരണനിർമ്മാണ കട നടത്തുന്ന ആളാണ്.
കൊടുവള്ളി സ്വദേശി ബൈജുവിനെ ആയിരുന്നു ക്വട്ടേഷൻ സംഘം ആക്രമിച്ചത്. രമേശ് കൂടാതെ മറ്റ് നാലു പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇവരിൽ നിന്ന് 1.3 കിലോ സ്വർണ്ണം പിടിച്ചെടുത്തു.
രമേശ് ക്വട്ടഷൻ കൊടുത്ത തുകയായ 12 ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. കവർച്ചക്ക് ശേഷം സംശയം ഇല്ലാതിരിക്കാൻ പരാതിക്കാരനായ ബൈജുവിനെ രമേശ് കണ്ടു സംസാരിച്ചിരുന്നതായും റൂറൽ എസ്പി നിതിൻ രാജ് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് കൊടുവളളി മുത്തമ്പലം സ്വദേശി ബൈജുവിന്‍റെ പക്കൽ നിന്നാണ് കാറിലെത്തിയ നാലംഗ സംഘം സ്വർണ്ണം കവർച്ച ചെയ്തത്. രണ്ട് കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടിരുന്നു. കവര്‍ച്ച ശ്രമം ചെറുക്കാന്‍ ശ്രമിച്ച ബൈജുവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം കടന്നു കളഞ്ഞത്.