/sathyam/media/media_files/2025/12/16/kc-venugopal-gopakumar-saahithi-2025-12-16-17-48-02.jpg)
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പു ഫലം എതിര്‍ ദിശയിലേക്കു ചായ്ഞ്ഞിരുന്നുവെങ്കില്‍ കെ.സി വേണുഗോപാലിന്റെ രക്തത്തിനു വേണ്ടിയുള്ള മുറവിളിക്കു ശക്തി കൂടുമായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പു വിജയത്തില്‍ കെ.സി വേണുഗോപാലിനെ പ്രശംസിച്ചു ഗോപകുമാര്‍ സാഹിതി.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി അദ്ദേഹം ചുമതലയേറ്റപ്പോള്‍, രക്തവും മാംസവും മജ്ജയും ഓജസുമില്ലാത്ത വിചിത്രജീവിയുടെ അവസ്ഥയേക്കാള്‍ പരിതാപകരമായിരുന്നു പാര്‍ട്ടിയുടെ അവസ്ഥ.
തനിക്കു മുന്‍പേ കടന്നുപോയവരുടെ ഭാവനാശൂന്യമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി തകര്‍ന്നടിഞ്ഞു നാമാവശേഷമായ പാര്‍ട്ടി നേരിട്ട വമ്പന്‍ തുടര്‍ പരാജയങ്ങള്‍ക്കു മറ്റാരെയും കുറ്റപ്പെടുത്താതെ, എല്ലാ ഉത്തരവാദിത്വങ്ങളും ചാര്‍ത്തിക്കൊടുത്തതു കെ.സി.യുടെ തലയിലേക്കായിരുന്നു. നമ്മള്‍ മലയാളികള്‍ ഇക്കാര്യത്തില്‍ ബദ്ധശ്രദ്ധരായിരുന്നു.
കെ.സിയെ മാറ്റി, ഹിന്ദി ഹൃദയഭൂമിയിലെ ഒരു നേതാവിനെ ചുമതല ഏല്‍പ്പിക്കണമെന്ന ആവശ്യം നിരന്തരം ഉയര്‍ത്തിയതും മലയാളികള്‍ തന്നെ. എ.ഐ.സി.സി ആസ്ഥാനവും പൂട്ടി, താക്കോലുമായി ഓടിക്കളയാന്‍ കാത്തു നിന്ന ചിലരെപ്പോലെയല്ല കെ.സി വേണുഗോപാല്‍ എന്ന് നേതൃത്വം തിരിച്ചറിഞ്ഞതാണു ദീര്‍ഘകാലമായി ഈ പദവിയില്‍ അദ്ദേഹം തുടരാന്‍ ഒരു കാരണം.
വലിയ അക്കാദമീഷ്യനൊന്നുമല്ലെങ്കിലും, കഠിനാധ്വാനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കൂടി കഴിവാണു വിജയകരമായ ഭാരത് ജോഡോ യാത്രയും, ഇന്ത്യാ മുന്നണി രൂപീകരണവും ബി.ജെ.പിയെ കേവല ഭൂരിപക്ഷത്തില്‍ നിന്ന് അകറ്റിയ തെരഞ്ഞെടുപ്പു ഫലവും.
ഈ വര്‍ഷമാദ്യം, കേരളത്തിലെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിചിതമല്ലാത്ത ഒരു സംഭവം നടന്നിരുന്നു. വോട്ടര്‍ പട്ടികയും ആയിരം രൂപയും ബൂത്ത് പ്രസിഡന്റുമാരുടെ കൈകളില്‍ എത്തിയിരുന്നു.
(വോട്ടൊന്നിനു പതിനായിരം രൂപ മുടക്കാന്‍ കഴിവുള്ള മിത്രംസിനും ദാസപ്പന്‍ പാര്‍ട്ടിക്കാര്‍ക്കും നിസാരമായിരിക്കാം, ആയിരം കുണുവ) വോട്ടര്‍ പട്ടികയില്‍ വോട്ടു ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു.
പാര്‍ട്ടി ആസ്ഥാനത്തെ കറന്റ് ബില്ലടയ്ക്കാന്‍ പാടുപെട്ടിരുന്ന പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം അവിടെ തുടങ്ങുകയായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം വാര്‍ഡ് കമ്മിറ്റികള്‍ നടത്തട്ടേ, മുകളില്‍ നിന്നും കെട്ടിയിറക്കുന്ന രീതി അനുവദിക്കില്ല എന്ന തീരുമാനമായിരുന്നു രണ്ടാമത്തേത്.
പല ഗോത്രങ്ങളായി കലഹിച്ച്, കലാപ ഭൂമിയാകാറുള്ള ഡി.സി.സി കളും ഇന്ദിരാഭവനും ഈ തെരഞ്ഞെടുപ്പു കാലത്ത് ശാന്തമായിരുന്നു. ഇപ്പോഴത്തെ വലിയ വിജയത്തിന്റെ അടിത്തറയും ഈ ശാന്തതയായിരുന്നു. ഈ ശാന്തത, കോണ്‍ഗ്രസിന്റെ നിഷ്‌ക്രിയത്വമായി കരുതിയ സിപിഎമ്മിനു കിട്ടിയ സമ്മാനമായിരുന്നു ഈ കനത്ത പരാജയം.
പതിവിനു വിരുദ്ധമായി എല്ലാത്തിനും മുകളില്‍ ഒരു നേതൃത്വമുണ്ടെന്ന് സംസ്ഥാന നേതൃത്വത്തിന് ബോധ്യമായ ഒരു തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്. വാര്‍ഡുതല കണ്‍വെന്‍ഷനുകളില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ പങ്കെടുത്തു എന്നത് ഈ തെരഞ്ഞെടുപ്പിനെ നേതൃത്വം എത്രമാത്രം ഗൗരവത്തോടെ കണ്ടു എന്നതിന്റെ തെളിവാണ്.
എ.ഐ.സി.സി. യുടെ സംഘടനാ ചുമതലയില്‍ ഒരു മലയാളി ഇരിക്കുന്നതിന്റെ ഗുണഭോക്താക്കള്‍ വാര്‍ഡു തലത്തിലെ സാധാരണ പ്രവര്‍ത്തകരായി മാറിയ തെരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്. ലക്കും ലഗാനുമില്ലാതെ വായില്‍ തോന്നിയതു കോതയ്ക്കു പാട്ട് എന്ന മട്ടില്‍ ജനത്തെ വെറുപ്പിക്കാന്‍ ചില നേതാക്കള്‍ മല്‍സരിച്ചപ്പോള്‍, സംഘടനയെ ഒറ്റക്കെട്ടായി അണിനിരത്തിയതില്‍ എ.ഐ.സി.സി. ക്കുള്ള പങ്ക് വളരെ വലുതാണ്.
പ്രതിപക്ഷ നേതാവിന്റെ കിറുകൃത്യമായ ആസൂത്രണവും കെ.പി.സി.സി. പ്രസിഡന്റിന്റെ പക്വമായ സമീപനവും ചെറുതാക്കിക്കാണാനല്ല ഇത്രയും പറഞ്ഞത്. ഈ വിജയത്തില്‍ എ.ഐ.സി.സിക്കും പ്രസിഡന്റിനും സംഘടനാ ജനറല്‍ സെക്രട്ടറിക്കുമുള്ള വലിയ പങ്ക് ആരും മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കാനാണു പറഞ്ഞതെന്നും ഗോപകുമാര്‍ സാഹിതി ഫേസ്ബുക്കില്‍ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us