തിരുവനന്തപുരം: അഞ്ചേകാൽ വർഷം സർക്കാരിനെ വെള്ളം കുടുപ്പിച്ച് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അതേ നയമായിരിക്കും ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും പിന്തുടരുക.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ഗവർണർക്കാണെന്നതിൽ രണ്ടഭിപ്രായമില്ലെന്നും യു.ജി.സിയുടെ കരടുനയം വരുന്നതിന് മുൻപേ കോടതികൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ആർലേക്കർ ഡൽഹിയിൽ വ്യക്തമാക്കിയതോടെ സർക്കാരിനുള്ള സന്ദേശം വ്യക്തമായി
വൈസ്ചാൻസലർ നിയമനങ്ങളിൽ ഗവർണർക്ക് പരമാധികാരവും സർക്കാരിന് ഒരു റോളുമില്ലാത്ത പുതിയ കരടു നയം കഴിഞ്ഞ ദിവസം യു.ജി.സി പുറത്തിറക്കിയിരുന്നു.
ഇതിനെ അതിശക്തമായി എതിർത്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ.ബിന്ദുവും രംഗത്ത് വന്നതിന് പിന്നാലെയാണ് ഗവർണർ നയം വ്യക്തമാക്കിയത്.
ഭരണഘടനയും സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ചുമതല ഗവർണർക്കാണ് നൽകിയത്. അവർ ചുമതലകൾ നിർവഹിക്കുന്നുമുണ്ട്. വിദ്യാഭ്യാസ മേഖല സ്വതന്ത്രമാകണം. ഇക്കാര്യത്തിൽ ആർക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ പരിഹരിക്കാം- ആർലേക്കർ വ്യക്തമാക്കി
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്ന് പ്രശംസിച്ച് സർക്കാരിനോടുള്ള തന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കാനും ഗവർണർ മറന്നില്ല.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവരെ കണ്ട ശേഷമായിരുന്നു ഗവർണർ ഡൽഹിയിൽ സ്വന്തം നയം പ്രഖ്യാപിച്ചത്. ഇതോടെ പുതിയ ഗവർണറും സർക്കാരിന് തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
സർക്കാരിനെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം ഗവർണർ, കേരളത്തിലെ എല്ലാ വൈസ്ചാൻസലർമാരെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു
പരിചയപ്പെടാൻ എന്ന പേരിലാണ് യോഗം ചേർന്നതെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട പരിഷ്കാരങ്ങളടക്കം ചർച്ചയായതായാണ് സൂചന.
ഈ യോഗത്തിൽ യൂണിവേഴ്സിറ്റികളിൽ അമിതമായ രാഷ്ട്രീയവത്കരണം വേണ്ടെന്നും വിദ്യാർത്ഥി രാഷ്ട്രീയം നിയന്ത്രിക്കണമെന്നും ഗവർണർ തുറന്നടിച്ചു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കുമടക്കം രാഷ്ട്രീയ അതിപ്രസരം പാടില്ല.
ദേശീയ വിദ്യാഭ്യാസനയം അതേപടി നടപ്പാക്കണം. എല്ലാവർക്കും അവരവരുടേതായ രാഷ്ട്രീയമുണ്ട്. എന്നാൽ, വിദ്യാഭ്യാസമേഖല രാഷ്ട്രീയത്തിന് അതീതമായിരിക്കണം. ക്യാമ്പസ് രാഷ്ട്രീയം വിദ്യാർത്ഥികൾക്ക് ദോഷമായി ബാധിക്കരുത്- ഇതായിരുന്നു ഗവർണറുടെ നിലപാട്
യൂണിവേഴ്സിറ്റികളുടെ സെനറ്റ് യോഗങ്ങളിൽ ചാൻസസലർ എന്ന നിലയിൽ താൻ പങ്കെടുക്കുമെന്നും ഗവർണർ പ്രഖ്യാപിച്ചിരുന്നു. മുൻ ഗവർണർ ആരിഫ് ഖാൻ ഇതുവരെ സെനറ്റ് യോഗങ്ങൾക്കായി യൂണിവേഴ്സിറ്റികളിൽ പോയിരുന്നില്ല.
എല്ലാ സർവകലാശാലകളുടെയും സെനറ്റ് യോഗത്തിൽ താൻ പങ്കെടുക്കുമെന്നും ബിഹാർ ഗവർണറായിരിക്കെ 20 സർവകലാശാലകളുടെ സെനറ്റ് യോഗങ്ങളിൽ ഒന്നിലേറെ തവണ താൻ പങ്കെടുത്തിട്ടുണ്ടെന്നും ഗവർണർ വി.സിമാരുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ കേരള സർവകലാശാലയുടെ സെനറ്റ് യോഗം ഫെബ്രുവരി നാലിന് ചേരാൻ നിശ്ചയിക്കുകയും ഗവർണറെ യോഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഇതോടെ യൂണിവേഴ്സിറ്റി സെനറ്റുകളിൽ ഗവർണറെ സാക്ഷിയാക്കി രാഷ്ട്രീയ വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള അവസരം ഇടതുപക്ഷത്തിന് കൈവരികയാണ്. സെനറ്റിന്റെ അദ്ധ്യക്ഷൻ ചാൻസലറാണെങ്കിലും സാധാരണ ഗതിയിൽ ഗവർണർ പങ്കെടുക്കാറില്ല
യു.ജി.സിയുടെ പുതിയ ചട്ടത്തിനെതിരേ സർക്കാർ അതിരൂക്ഷമായ നിലപാട് എടുത്തിരിക്കെ, അതിനെ അനുകൂലിച്ച് ഗവർണർ യുജിസിക്ക് കത്ത് നൽകും.
യു.ജി.സി കരടുചട്ടത്തിന് അനുകൂല നിലപാട് ഗവർണർ കേന്ദ്രത്തെ അറിയിക്കും. കരടുചട്ടം പഠിച്ച് റിപ്പോർട്ട് നൽകാൻ രാജ്ഭവൻ, ഗവർണറുടെ നിയമോപദേശകനോട് ആവശ്യപ്പെട്ടു.
സെർച്ച് കമ്മിറ്റിയിൽ സർവകലാശാലാ പ്രതിനിധിയുള്ളതിനാൽ സർക്കാരിന്റെ പരോക്ഷ ഇടപെടലിന് സാദ്ധ്യതയുണ്ടെന്ന് ഗവർണർ നിലപാടെടുക്കാനിടയുണ്ട്. അങ്ങനെയെങ്കിൽ സർക്കാരുമായി അത് വലിയ ഏറ്റുമുട്ടലിന് വഴിയൊരുക്കുന്നതായിരിക്കും
പുതിയ യുജിസി ചട്ടപ്രകാരം വി.സി നിയമനത്തിൽ സർക്കാരിന് ഒരു റോളുമില്ല. സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതും നിയമനം നടത്തേണ്ടതും ഗവർണറാണ്. ഗവർണർ, യുജിസി, സെനറ്റ് എന്നിവയുടെ പ്രതിനിധികളാവണം സെർച്ച് കമ്മിറ്റിയിൽ.
ഗവർണറുടെ പ്രതിനിധിയായിരിക്കും അദ്ധ്യക്ഷൻ. ഗവർണറുടെയും യുജിസിയുടെയും പ്രതിനിധികളുടെ ഭൂരിപക്ഷത്തിൽ കേന്ദ്രത്തിന് ഇഷ്ടമുള്ളവരെ വി.സിയാക്കാൻ കഴിയും. ഇതാണ് സർക്കാരിന്റെ വലിയ എതിർപ്പിന് കാരണമായിരിക്കുന്നത്.