/sathyam/media/media_files/2025/04/26/cqg1kzULIV9SpNNoptBo.jpg)
കോട്ടയം: കഴിഞ്ഞ മെയ്യിലായിരുന്നു സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി നടത്തി ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന മനോജ് എബ്രഹാമിനെ വിജിലന്‍സ് ഡയറക്ടറാക്കിയത്. ഡയറക്ടര്‍ സ്ഥാനത്ത് എത്തിയതിനു പിന്നാലെ വിജിലസിനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ മനോജ് എബ്രഹാമിന്റെ നേതൃതത്തില്‍ ആരംഭിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ടു സംസ്ഥാന വ്യാപക റെയ്ഡുകളാണു വിജിലന്‍സ് സംഘടിപ്പിച്ചത്.
ആദ്യം മോട്ടോര്‍വാഹന വകുപ്പിലിയെ അഴിമതിക്കാരെയാണു വിജിലന്‍സ് ലക്ഷ്യംവെച്ചത്. ഓപ്പറേഷന്‍ 'ക്ലീന്‍ വീല്‍സ്' എന്നു പേരിട്ടു നടത്തിയ പരിശോധനയില്‍ നിമവിരുദ്ധമായി കണ്ടെത്തിയത് 7,84,598 രൂപയായിരുന്നു.
മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കുന്നതിനായി എത്തിയ 11 ഏജന്റുമാരില്‍ നിന്ന് 1,40,760 പിടിച്ചെടുത്തു. നിലമ്പൂര്‍ സബ്-റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പരിസരത്ത് നിന്ന്, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞു വലിച്ചെറിഞ്ഞ നിലയില്‍ 49,300 രൂപയും, വൈക്കം സബ്-റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ജനലില്‍ പണം ഒളിപ്പിച്ച് വച്ച നിലയിലും കണ്ടെത്തി. വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ യു.പി.ഐ ഇടപാട് പ്രാഥമികമായി പരിശോധിച്ചതില്‍ 21 ഉദ്യോഗസ്ഥര്‍ വിവിധ ഏജന്റുമാരില്‍ നിന്ന് ആകെ 7,84,598 രൂപ നിയമവിരുദ്ധമായി കൈപ്പറ്റിയതായും കണ്ടെത്തി.
മോട്ടോര്‍ വാഹന വകുപ്പിനു കീഴിലെ ആര്‍.ടി/എസ്.ആര്‍.ടി ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ മുഖേന കൈക്കൂലി വാങ്ങുന്നതായും, പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന നേരിട്ട് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ലഭിക്കാന്‍ വേണ്ടി ചെറിയ അപാകതകള്‍ ചൂണ്ടിക്കാണിച്ചു നിരസിക്കുന്നതായും, കൈക്കൂലി വാങ്ങിയെടുക്കുന്നതിനായി അപേക്ഷകളില്‍ തീരുമാനം എടുക്കാതെ മനഃപ്പൂര്‍വം കാലതാമസം വരുത്തുന്നതായും, ഏജന്റുമാര്‍ മുഖേന ലഭിക്കുന്ന അപേക്ഷകളില്‍ സീനിയോറിട്ടി മറികടന്നു വളരെ വേഗം തീരുമാനം കൈക്കൊള്ളുന്നതായും വിജിലന്‍സ് കണ്ടെത്തി.
ഡ്രൈവിങ് ടെസ്റ്റ് പാസാക്കുന്നതിനു ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ അപേക്ഷകരില്‍ നിന്നും പണപ്പിരിവു നടത്തി ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലിയായി നല്‍കുന്നതായും, കൂടാതെ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതിനു വാഹനങ്ങളുടെ ഷോറൂമുകളിലെ ഏജന്റുമാര്‍ മുഖേന ആര്‍.ടി/എസ്.ആര്‍.ടി ഓഫീസുകളിലെ ക്ലറിക്കല്‍ ഉദ്യോഗസ്ഥരും, മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നതായും വിജിലന്‍ കണ്ടെത്തി.
മോട്ടോര്‍ വാഹന വകുപ്പില്‍ പരിശോധനകള്‍ കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞതോടെയാണു സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് വ്യാപക പരിശോധന നടത്തിയത്. സംസ്ഥാനത്തെ 72 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് 'ഓപ്പറേഷന്‍ സെക്വര്‍ ലാന്‍ഡ്' മിന്നല്‍ പരിശോധന നടത്തിയത്. ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കാനായി എത്തിയ 15 ഏജന്റുമാരില്‍ നിന്നായി 1,46,375 രൂപയും, ഏഴു സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ റെക്കോര്‍ഡ് റൂമുകളില്‍ ഒളിപ്പിച്ച് വെച്ച നിലയില്‍ കാണപ്പെട്ട കൈക്കൂലി പണമായ 37,850 രൂപയും, നാല് ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നായി കണക്കില്‍പ്പെടാത്ത 15,190 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു.
വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ 19 ഉദ്യോഗസ്ഥര്‍ വിവിധ ആധാരമെഴുത്തുകാരുടെ പക്കല്‍ നിന്നായി 9,65,905 രൂപ യു.പി.ഐ മുഖാന്തിരം കൈക്കൂലി പണം കൈപ്പറ്റിയതായും വിജിലന്‍സ് പ്രാഥമികമായി കണ്ടെത്തി. ഇക്കാലയളവില്‍ തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റിനു 50000 രൂപ കൈക്കൂലി വാങ്ങിയവരും തിരുവനന്തപുരും നഗരസഭയിലെ ഫണ്ടു തട്ടിപ്പില്‍ 14 പേരെയും നികുതിവെട്ടിച്ച് അമിത ഭാരം കയറ്റിവന്ന വാഹനങ്ങളില്‍ പിടികൂടി 40 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തിരുന്നു.
മിന്നല്‍ പരിശോധനയുടെ ഭാഗമായുള്ള തുടര്‍ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് വിശദപരിശോധന നടത്തുമെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്നു മനോജ് എബ്രഹാം സാമൂഹ്യമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തു.