ഉത്തരവാദിത്ത ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ പ്രാദേശിക ജനതയ്ക്ക് സര്‍ക്കാര്‍ ഉറപ്പ് വരുത്തും- ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനം

New Update
PHOTO

കോഴിക്കോട്: സംസ്ഥാന ടൂറിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നയമായ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ ആത്യന്തികമായി പ്രാദേശിക ജനതയ്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് കോഴിക്കോട് നടക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനത്തില്‍ കേരള ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ പറഞ്ഞു. സുസ്ഥിര ടൂറിസം ശീലങ്ങളില്‍ ഉത്തരവാദിത്ത ടൂറിസം വഴികാട്ടി എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് അവര്‍ ഇക്കാര്യ പറഞ്ഞത്.

എസ്കേപ് ടു ഇന്ത്യ സ്ഥാപക ഫിലിപ്പ ജേന്‍ കേയ്, ഓസ്ട്രേലിയയിലെ വെസ്റ്റേണ്‍ സിഡ്നി സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ജോസഫ് എം ചീര്‍, ആര്‍ടി മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍, എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഐസിആര്‍ടി ഗ്ലോബല്‍ ഡയറക്ടര്‍ മനീഷ പാണ്ഡേ മോഡറേറ്ററായി.

ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ടെന്ന് ശിഖാ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ ഉത്തരാവാദിത്ത ടൂറിസത്തിന്റെ വിജയത്തിന് പിന്നില്‍ ശക്തമായ തദ്ദേശസ്വയംഭരണ സംവിധാനവും സംസ്ഥാന ആർട്ടി മിഷൻ സൊസൈറ്റിയുടെ ചിട്ടയായ പ്രവർത്തനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തരവാദിത്ത ടൂറിസത്തിലെ ഏറ്റവും വലിയ വിപണി വനിതാ സഞ്ചാരികളാണെന്ന് ഫിലിപ്പ ജേന്‍ പറഞ്ഞു. ആര്‍ ടി ടൂറിസം ഉപഭോക്താക്കളില്‍ 64 ശതമാനം സ്ത്രീകളാണ്. അനുഭവവേദ്യ ടൂറിസം ഒരുക്കുമ്പോള്‍ സ്ത്രൂീ സഞ്ചാരികള്‍ക്ക് ആകര്‍ഷകമാകുന്ന രീതിയില്‍ അത് ക്യൂറേറ്റ് ചെയ്യണം. ആര്‍ ടി ടൂറിസം മാതൃകയുടെ ആത്മാവ് തന്നെ അനുഭവങ്ങളാണെന്നും അത് കേരളം മാതൃകാപരമായി നടപ്പാക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഉത്തരവാദിത്ത ടൂറിസത്തില്‍ കേരളത്തെ പോലെ മറ്റൊരു ആഗോള മാതൃകയില്ലെന്ന് ഡോ. ജോസഫ് ചീര്‍ പറഞ്ഞു. അനുഭവവേദ്യ ടൂറിസത്തിന്റെ മാതൃകകളായി ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളെ കണക്കാക്കുന്നുണ്ടെങ്കിലും പ്രാദേശിക ജനതയെ ഗുണഭോക്താക്കളാക്കി കൊണ്ട് കേരളം മുന്നോട്ടു വയ്ക്കുന്ന മാതൃക വേറിട്ടു നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ട് കഴിഞ്ഞ ആര്‍ടി മാതൃക ഇന്ന് ആഗോള സഞ്ചാരികളെ വരവേല്‍ക്കാന്‍ പൂര്‍ണമായും സജ്ജമായിക്കഴിഞ്ഞുവെന്നും അദ്ദേഹം നിരീക്ഷിച്ചു.

സംസ്ഥാനത്തെ ആര്‍ടി ടൂറിസത്തിന്റെ വിജയത്തില്‍ വ്യവസായസമൂഹത്തിന്റെ പങ്ക് വളരെ വലുതാണെന്ന് രൂപേഷ് കുമാര്‍ പറഞ്ഞു. സംസ്ഥാന ആര്‍ടി മിഷന്റെ രണ്ട് പതിറ്റാണ്ടത്തെ നാള്‍വഴികള്‍ അദ്ദേഹം സമ്മേളനത്തില്‍ അവതരിപ്പിച്ചു. തുടക്കത്തില്‍ ഏറെ സംശയദൃഷ്ടിയോടെ പരസ്പരം കണ്ടിരുന്ന പ്രദേശവാസികളും ഹോട്ടല്‍ വ്യവസായ ലോകവും ഇന്ന് ഈ വിജയത്തില്‍ പരസ്പരപൂരകമായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment


കാലാവസ്ഥാ വ്യതിയാനവും ടൂറിസവും എന്ന വിഷയത്തില്‍ ജപ്പാനിലെ നാരാ സര്‍വകലാശാലയിലെ പ്രൊഫസര്‍ നിര്‍മല രണസിംഗെ, തനിമ ഫാം ലൈഫ് ഉടമ റെയ്നോള്‍ഡ് സ്കറിയ, കെഐടിടിഎസ് ഡയറക്ടര്‍ ദിലീപ് എം ആര്‍, മഡി ബൂട്ട്സ് സ്ഥാപകന്‍ പ്രദീപ് മൂര്‍ത്തി എന്നിവര്‍ സംസാരിച്ചു.

ലിവിംഗ് ഹെറിറ്റേജ് ആന്‍ഡ് സസ്റ്റെയിനബിള്‍ ഡെവലപ്മന്റ് കണ്‍സല്‍ട്ടന്റ് മഥുര ദത്ത, എസിടി എക്സിക്യൂട്ടീവ് അംഗം ഒഷാന്‍ ലെപ്ച, മുസിരിസ് ഹെറിറ്റേജ് എംഡി ഷാരോണ്‍ വീട്ടില്‍, തോല്‍പ്പാവക്കൂത്ത് കലാകാരന്‍ വിപിന്‍ വിശ്വനാഥ പുലവര്‍, കണ്ണൂരിലെ സിറ്റി ഹെറിറ്റേജ് ഉടമ മുഹമ്മദ് ഷിഹാദ് എന്നിവര്‍ ലിവിംഗ് ഹെറിറ്റേജ് ആന്‍ഡ് ആര്‍ടി എന്ന വിഷയത്തില്‍ അവതരണങ്ങള്‍ നടത്തി. ബേപ്പൂര്‍ മോഡലിനെക്കുറിച്ച് ഹോപ്ഷോര്‍ മള്‍ട്ടിഡിസിപ്ലിനറി സ്കൂള്‍ ഫോര്‍ സെ്പഷ്യല്‍ നീഡ്സ് സ്ഥാപകന്‍ നജ്മുള്‍ മേലത്തും അവതരണം നടത്തി.

Advertisment