ഭാരതാംബ വിവാദത്തിൽ യു-ടേണടിച്ച് ഗവർണർ. മുഖ്യമന്ത്രിയുടെ ചടങ്ങിൽ ഭാരതാംബ ചിത്രം ഒഴിവാക്കും. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണെന്നും സ്വാതന്ത്ര്യത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ പ്രതീകമാണെന്നും വിട്ടുവീഴ്ചയില്ലെന്നുമുള്ള വാക്ക് ഗവർണർ വിഴുങ്ങിയോ ? സി.പി.എമ്മിനും ബിജെപിക്കുമിടയിലെ പാലമെന്ന് രാഷ്ട്രീയ വ്യാഖ്യാനം. ഭാരതാംബ ചിത്രവിവാദത്തിൽ ഗവ‌ർണറുടെ പിന്നോട്ടുപോക്ക് സർക്കാരിനു മുന്നിലെ കീഴടങ്ങലോ ?

New Update
images (61)

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെച്ചൊല്ലി മുഖ്യമന്ത്രിയുമായി നേർക്കുനേർ ഏറ്റുമുട്ടിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒടുവിൽ സർക്കാരിന് വഴങ്ങുന്നു.

Advertisment

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി ഔദ്യോഗിക പരിപാടിക്ക് മുഖ്യമന്ത്രി ഞായറാഴ്ച രാജ്ഭവനിലെത്തുമ്പോൾ, വേദിയിൽ ഭാരതാംബ ചിത്രം ഒഴിവാക്കിയേക്കും.


ഗവർണറുടെയും രാജ്ഭവന്റെയും വിശേഷങ്ങളും പരിപാടികളുമടങ്ങിയ 'രാജഹംസ് ' ജേർണൽ പ്രസിദ്ധീകരണമാണ് ചടങ്ങ്.


മുഖ്യമന്ത്രി ജേർണൽ ശശി തരൂർ എം.പിക്ക് നൽകിയാണ് പ്രകാശനം ചെയ്യുന്നത്. ഭാരതാംബ ചിത്രമുണ്ടെങ്കിൽ മുഖ്യമന്ത്രി എത്തില്ലെന്ന വിലയിരുത്തലിലാണ് ചിത്രം ഒഴിവാക്കുന്നത്. സർക്കാരിനു മുന്നിൽ ഗവർണറുടെ കീഴടങ്ങലായി ഇത് വ്യാഖ്യാനിക്കപ്പെടുമെന്ന വാദവും ശക്തമാണ്.

രാജ്ഭവനിലെ ചടങ്ങുകളിലെ ഭാരതാംബചിത്രം കണ്ട് മന്ത്രി പി.പ്രസാദ് പരിപാടി റദ്ദാക്കിയിരുന്നു. മറ്റൊരു പരിപാടിയിൽ നിന്ന് വി.ശിവൻകുട്ടി ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.


ഇത് വിവാദമായ ശേഷം എല്ലാ ഔദ്യോഗിക പരിപാടികളിലും ഭാരതാംബചിത്രം ഉപയോഗിക്കുമെന്നായിരുന്നു ഗവർണറുടെ പ്രഖ്യാപനം.


എന്നാൽ ഭാരതാംബ ചിത്രം വച്ചാൽ മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തേക്കില്ലെന്നതിനാലാണ് രാജ്ഭവനിലെ വേദികളിൽ ഭാരതാംബയുടെ ചിത്രമുണ്ടാകുമെന്ന നിർബന്ധത്തിൽനിന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പിൻവാങ്ങുന്നത്.

ഭാരതാംബ ചിത്രം ഔദ്യോഗിക ചടങ്ങുകളിൽ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നേരത്തേ ഗവർണർക്ക് കത്ത് നൽകിയിരുന്നതാണ്.

207730-firiijfwbz-1749366527

കേരളസർവകലാശാലയിലെ ഗവർണറുടെ ചടങ്ങിലെ ഭാരതാംബചിത്രത്തെച്ചൊല്ലി സംഘർഷമുണ്ടാവുകയും രജിസ്ട്രാർ ഡോ.അനിൽകുമാർ സസ്പെൻഷനിലായിരുന്നു. ഇത് ഇതുവരെ പിൻവലിച്ചിട്ടില്ല.


ഔദ്യോഗിക ചടങ്ങുകളിൽ ഭരണഘടന അംഗീകരിച്ച ദേശീയചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് സർക്കാർ രേഖാമൂലം ഗവർണറെ അറിയിച്ചിട്ടുള്ളത്.


മന്ത്രിസഭാ തീരുമാനപ്രകാരം, കാവിക്കൊടിയേന്തിയ ഭാരതാംബയിൽ സർക്കാരിന്റെ എതിർപ്പ് ഗവർണറെ മുഖ്യമന്ത്രി നേരിട്ടറിയിച്ചിരുന്നതാണ്. രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങുകളിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്നും ശരിയല്ലാത്ത ഈ നടപടി ഇനി തുടരരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ കത്ത്.

ഔദ്യോഗിക ചടങ്ങുകളിൽ ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ പാടില്ല.

ഔദ്യോഗിക പരിപാടികളിൽ ഇത് കർശനമാക്കണം- മുഖ്യമന്ത്രിയുടെ ഈ കത്ത് ലഭിച്ച ശേഷവും പിന്നീട് നടന്ന പരിപാടികളിലെല്ലാം ഭാരതാംബ ചിത്രം ഉപയോഗിച്ചിരുന്നു.


ഭാരതാംബയുടെ ചിത്രം സംസ്ഥാനം നിർബന്ധമായും പാലിക്കേണ്ട ഭരണഘടനാ പ്രതീകമല്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്.


ഭരണഘടനാനുസൃതവും സംസ്ഥാന സർക്കാർ പാലിക്കേണ്ട നിർദ്ദേശങ്ങളിലോ കീഴ്വഴക്കങ്ങളിലോ ഉൾപ്പെടാത്തതോ ആയ കാര്യങ്ങൾ ചടങ്ങുകളിൽ ഉൾപ്പെടുത്തരുതെന്നാണ് സർക്കാർ ഗവർണറെ അറിയിച്ചിട്ടുള്ളത്. 

ഭാരതാംബ വിവാദം: ഔദ്യോഗികചടങ്ങുകളില്‍ അനൗദ്യോഗികചിഹ്നങ്ങള്‍ വേണ്ട;  ഗവർ‌ണർക്ക് കത്ത് നൽകാൻ മുഖ്യമന്ത്രി | മനോരമ ഓൺലൈന്‍ ന്യൂസ് | Kerala  Government to ...

എന്നാൽ ഭാരതാംബയെന്ന ആശയം ഇന്നും ഇന്നലെയും ഉണ്ടായതല്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ആശയമല്ലെന്നും മുഖ്യമന്ത്രിക്കയച്ച മറുപടിക്കത്തിൽ ഗവർണർ വ്യക്തമാക്കിയിരുന്നു.  വന്ദേമാതരം എന്നതിന്റെ അർത്ഥം അമ്മേ പ്രണാമം എന്നാണെന്ന് ഗവർണർ വിശദീകരിക്കുന്നു.

ഇന്ത്യയെ അമ്മയായാണ് അക്കാലം മുതൽ കണ്ടിരുന്നത്. അതിനാൽ ഭാരതാംബയെ റോഡിലേക്ക് വലിച്ചിഴച്ച് ക്രമസമാധാന പ്രശ്നമുണ്ടാക്കരുത്. എല്ലാവരുടേതുമാണ് ഭാരതാംബ.


കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ്. സ്വാതന്ത്ര്യത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ പ്രതീകമാണ്. അതിനാൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. കാവിയെന്നത് ഒരു രാഷ്ട്രീയ സംഘടനയുടെയും നിറമല്ല.


ത്യാഗത്തിന്റെ നിറമാണ് കാവിയെന്നാണ് ഭരണഘടനാ നിർമ്മാണസഭയിലെ ചർച്ചകളിൽ ജവഹർലാൽ നെഹ്‌റുവും ഡോ.എസ്.രാധാകൃഷ്ണനും പ്രകീർത്തിച്ചത്.

334336_1750907109

രാഷ്ട്രീയനേതാക്കളും ഭരണാധികാരികളും ത്യാഗസന്നദ്ധരായിരിക്കണം. അതിന്റെ അടയാളമാണ് കാവി. രാജ്ഭവന് രാഷ്ട്രീയ നിറം നൽകാൻ ശ്രമിക്കരുത്. ഐക്യത്തോടെ മുന്നോട്ടു പോവുകയാണ് വേണ്ടത്- ഇതായിരുന്നു ഗവർണറുടെ നിലപാട്.

എന്നാൽ സി.പി.എമ്മിനും ബിജെപിക്കും ഇടയിലെ പാലമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്ന ഗവർണർ സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങുന്നത് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്.

Advertisment