/sathyam/media/media_files/2025/08/12/pinarai-vijayan-secreteriate-2025-08-12-14-27-51.jpg)
തിരുവനന്തപുരം: ജനങ്ങൾക്ക് യഥാസമയം സേവനം നൽകാത്ത ഉദ്യോഗസ്ഥർ ഇനി പിഴയടച്ച് മുടിയും. സർക്കാർ സേവനങ്ങൾ സമയത്ത് ലഭ്യമാക്കാനും ജീവനക്കാരെ ഉത്തരവാദിത്തമുള്ളവരാക്കാനും ലക്ഷ്യമിട്ട് പൊതു സേവന അവകാശ ബിൽ കൊണ്ടുവരുകയാണ് സർക്കാർ.
നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. 27 വകുപ്പുകളുള്ള ബിൽ, സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും, വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തുന്നതിനും, സേവനം നിഷേധിക്കപ്പെട്ട പൗരന്മാർക്ക് അപ്പീൽ നൽകാനുള്ള സംവിധാനം ഒരുക്കുന്നതിനുമുള്ളതാണ്.
നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷകന് സേവനം ലഭ്യമാക്കുകയോ, അല്ലെങ്കിൽ കൃത്യമായ കാരണങ്ങളോടെ അപേക്ഷ നിരസിക്കുകയോ ചെയ്യേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കടമയാണ്.
ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾക്ക് സ്വയം ഒരു രസീത് ലഭിക്കുന്ന സംവിധാനവും ഉറപ്പാക്കും. നേരത്തേ പാസാക്കിയ സേവനാവകാശ നിയമം ഉദ്ദേശിച്ച ഫലം കാണാതായതോടെയാണ് പുതിയ ബിൽ കൊണ്ടുവരുന്നത്.
സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പൊതു അധികാരികൾക്കും ബില്ലിലെ വ്യവസ്ഥകൾ ബാധകമായിരിക്കും. പൗരന്മാർക്ക് ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയോ അല്ലാതെയോ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും ഇതിന്റെ പരിധിയിൽ വരും.
സേവനങ്ങൾ നിഷേധിക്കപ്പെട്ട പൗരന്മാർക്ക് പരാതി നൽകാൻ മൂന്ന് തലങ്ങളിലുള്ള അപ്പീൽ സംവിധാനം സജ്ജമാക്കും. അപേക്ഷ നിരസിക്കുകയോ, വൈകുകയോ ചെയ്താൽ, 30 ദിവസത്തിനകം ഒന്നാം അപ്പീൽ അതോറിറ്റിക്ക് അപ്പീൽ നൽകാം. ഈ അപ്പീൽ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കണം. ഒന്നാം അപ്പീലിൽ തൃപ്തരല്ലാത്തവർക്ക് 30 ദിവസത്തിനകം ജില്ലാ കളക്ടറെ സമീപിക്കാം.
കളക്ടർ 30 ദിവസത്തിനുള്ളിൽ അപ്പീൽ തീർപ്പാക്കണം. രണ്ടാം അപ്പീലിലും നീതി ലഭിക്കാത്തവർക്ക് ഉന്നതതലത്തിലുള്ള റിവിഷണൽ അതോറിറ്റിയെ സമീപിക്കാം. ഈ അതോറിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
ജനങ്ങൾക്ക് കൃത്യസമയത്ത് സേവനം നൽകാത്ത ഉദ്യോഗസ്ഥർക്ക് 15000രൂപ വരെ പിഴ ചുമത്താൻ വ്യവസ്ഥകളുള്ളതാണ് ബിൽ. നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം നൽകാത്ത ഉദ്യോഗസ്ഥർക്ക് 1000 രൂപ മുതൽ 10000 രൂപ വരെ പിഴ ചുമത്താം.
അപ്പീൽ അതോറിറ്റി അപ്പീൽ തീർപ്പാക്കുന്നതിൽ കാലതാമസം വരുത്തിയാൽ 2,000 രൂപ മുതൽ 15,000 രൂപ വരെ പിഴ ചുമത്താം. സേവന വിവരങ്ങൾ വിജ്ഞാപനം ചെയ്യുന്നതിനോ പ്രദർശിപ്പിക്കുന്നതിനോ വീഴ്ച വരുത്തുന്ന വകുപ്പ് തലവൻമാർക്ക് 10,000 രൂപ വരെ പിഴ ചുമത്താം. പിഴത്തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നോ സ്വത്തുക്കളിൽ നിന്നോ നേരിട്ട് ഈടാക്കും.
സേവനം നിഷേധിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുമ്പോൾ ലഭിക്കുന്ന പിഴത്തുകയിൽ നിന്ന് അപേക്ഷകന് നഷ്ടപരിഹാരം നൽകും. നിയമ സെക്രട്ടറി അധ്യക്ഷനായ ഒരു മൂന്നംഗ അതോറിറ്റിക്കാണ് മേൽനോട്ടചുമതല.
ഈ അതോറിറ്റിക്ക് ഓഫീസുകൾ പരിശോധിച്ച് നിയമലംഘനങ്ങൾ കണ്ടെത്താനും, അച്ചടക്ക നടപടികൾക്ക് ശുപാർശ ചെയ്യാനും, പൊതുജന ബോധവൽക്കരണം നടത്താനും, സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് നിർദ്ദേശങ്ങൾ നൽകാനും അധികാരമുണ്ട്.
പഴയ സേവനാവകാശ നിയമത്തിൽ സേവനം വൈകിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ പിഴ ചുമത്താൻ വ്യവസസ്ഥയുണ്ടായിരുന്നില്ല. ഇത് പരിഹരിച്ചുള്ളതാണ് പുതിയ ബിൽ.