/sathyam/media/media_files/2025/12/10/ambulance-2025-12-10-18-12-03.jpg)
കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പോളിംഗ് ബൂത്തായി ഉപയോഗിച്ച ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഇരുപതിലധികം വിദ്യാർത്ഥികൾക്കാണ് ശരീരത്തിൽ ചൊറിച്ചിലും ശ്വാസംമുട്ടലും അടക്കമുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച ശേഷം മറ്റു പോളിംഗ് ബൂത്തുകളിൽ നിന്ന് കൊണ്ടുവന്ന ഡെസ്കുകളും ബെഞ്ചുകളും സ്കൂളിലേക്ക് തിരിച്ചെത്തിച്ചിരുന്നു. ഇവയിൽ ഇരുന്നാണ് വിദ്യാർത്ഥികൾ പഠനം നടത്തിയത്.
ബഞ്ച് ഉപയോഗിച്ചതിന് പിന്നാലെ കുട്ടികൾക്ക് ചൊറിച്ചിൽ, ശ്വാസംമുട്ടൽ, ശാരീരിക അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായി. ക്ലാസെടുക്കുകയായിരുന്ന അധ്യാപികയ്ക്കും സമാന ലക്ഷണങ്ങൾ ഉണ്ടായി. ഇതോടെ സ്കൂളിന് അവധി പ്രഖ്യാപിച്ചു.
സംഭവത്തെ തുടർന്ന് ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ സംഘം അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ബബു ലു റാഫേലിന്റെ നേതൃത്വത്തിൽ സ്കൂളിൽ എത്തി പ്രാഥമിക പരിശോധന നടത്തി. അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർത്ഥികളെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവരുടെ ആരോഗ്യനില നിലവിൽ നിരീക്ഷണത്തിലാണ്.അതേസമയം, നഗരസഭയുടെ ആരോഗ്യവിഭാഗവും തൊഴിലാളികളും ചേർന്ന് ക്ലാസ് മുറിയും ബെഞ്ചുകളും ഡെസ്കുകളും വൃത്തിയാക്കി ശുചീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us