റിലയൻസുമായി കൈകോർത്ത് 10000 വനിതകൾക്ക് തൊഴിലൊരുക്കാൻ സർക്കാർ. ലക്ഷ്യം സർക്കാരിന്റെ അവസാന കാലത്ത് ലക്ഷക്കണക്കിന് തൊഴിൽ സൃഷ്ടിച്ചെന്ന പ്രചാരണം. ലുലുവിലും ഹ്യുണ്ടായിയിലും കല്യാണിലും പോപ്പിയിലും മൈജിയിലുമൊക്കെ ആളുകളെ ജോലിക്കെടുക്കുന്നത് സർക്കാരിന്റെ കണക്കിലാക്കാൻ പുതിയ തന്ത്രം. ഒരുലക്ഷം സ്ത്രീകൾക്ക് ജോലി നൽകിയെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാൻ സർക്കാർ. തൊഴിൽ സൃഷ്ടിക്കലിന്റെ പേരിലുള്ള ക്രെഡിറ്റടിക്കൽ ഇങ്ങനെ

New Update
jobgovt

തിരുവനന്തപുരം: ഒരു കാലത്ത് റിലയൻസിനെതിരേ സമരം നടത്തിയ ഇടതുപക്ഷം ഇന്ന് റിലയൻസുമായി കൈകോർത്ത് 10000 വനിതകൾക്ക് തൊഴിലൊരുക്കുന്നു.

Advertisment

കുടുംബശ്രീ വഴിയാണ് ഈ തൊഴിൽ സൃഷ്ടിക്കൽ. റിലയൻസിന്റെ റീട്ടെയ്ൽ ശൃംഖലകൾക്കെതിരേയടക്കം മുൻപ് ഇടതുമുന്നണിയും സി.പി.ഐയുടെ യുവജന വിഭാഗവുമെല്ലാം സമരം നടത്തിയിട്ടുണ്ട്.

എന്നാൽ കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുമായി കൈകോർത്ത് പതിനായിരം വനിതകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുകയാണിപ്പോൾ.


സർക്കാരിന്റെ അവസാന കാലത്ത് 20ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചെന്ന വാഗ്ദാനം നിറവേറുന്നതിന്റെ ഭാഗമായാണ് വമ്പൻ കുത്തകകളുമായി അടക്കം ചേ‌ർന്ന് വൻതോതിൽ തൊഴിലവസരങ്ങൾ ഒരുക്കുന്നത്. റിലയൻസിനെതിരേ ഇടതുപക്ഷം നടത്തിയ പ്രക്ഷോഭങ്ങൾ പഴങ്കഥ.



മുൻമന്ത്രിയും വിജ്ഞാന കേരളം അഡ്വൈസറുമായ തോമസ് ഐസക്കാണ് ഈ തൊഴിൽ സൃഷ്ടിക്കലിന് പിന്നിൽ.

വിജ്ഞാന കേരളം - കുടുംബശ്രീ തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയും റിലയൻസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ ഇത്രയും പേർക്ക് തൊഴിൽ ലഭ്യമാക്കുന്നത്.

സ്‌കിൽഡ് തൊഴിലുകൾ, ഡിജിറ്റൽ ഉൽപന്നങ്ങളുടെ വിപണനം, വർക്ക് ഫ്രം ഹോമായി കസ്റ്റമർ കെയർ ടെലികോളിംഗ് ഉൾപ്പെടെയുള്ള തൊഴിലുകളിലേക്കാണ് കുടുംബശ്രീ വനിതകളുടെ സേവനം പ്രയോജനപ്പെടുത്തുക.


തൊഴിലിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാ പരിശീലനവും റിലയൻസ് നൽകും, ആകർഷകമായ വേതനവും ലഭ്യമാക്കും.


ഇതിനായി കുടുംബശ്രീയും റിലയൻസ് പ്രോജക്ട്‌സ് ആൻഡ് പ്രോപ്പർട്ടി മാനേജെന്റ് സർവീസസ് ലിമിറ്റഡും തമ്മിൽ ധാരണാ പത്രം ഒപ്പുവച്ചു.

മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, റിലയൻസ് ജിയോ കേരള ബിസിനസ് ഹെഡ് ഹേമന്ത് അംബോർക്കർ എന്നിവരാണ് ധാരണാപത്രം കൈമാറിയത്.

തൊഴിൽ അവസരങ്ങളുടെ എണ്ണത്തിന് അനുസൃതമായി യോഗ്യരായ കുടുംബശ്രീ വനിതകളുടെ പട്ടിക അതത് കുടുംബശ്രീ സി.ഡി.എസുകൾ വഴി റിലയൻസിന് ലഭ്യമാക്കും. ഫ്രീലാൻസ് മാതൃകയിലായിരിക്കും ഇവരുടെ ജോലി.


ചെയ്യുന്ന ജോലിക്കനുസരിച്ചാണ് ഇവർക്കുള്ള വേതനം ലഭിക്കുന്നത്. നിലവിൽ ജിയോയിൽ ഈ രംഗത്ത് തൊഴിൽ ചെയ്യുന്നവർക്ക് പ്രതിമാസം 15000 രൂപയിലേറെ വരുമാനം ലഭിക്കുന്നുണ്ട്.


പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജിയോ കസ്റ്റമർ അസോസിയേറ്റ്‌സിന്റെ കീഴിൽ ടെലികോളിങ്ങ് മേഖലയിൽ മുന്നൂറു പേർക്ക് വർക്ക് ഫ്രം ഹോം ജോലിയും നൽകുന്നുണ്ട്.

പുറത്തു പോയി ജോലി ചെയ്യാൻ താത്പര്യമില്ലാത്ത വീട്ടമ്മമാരായ കുടുംബശ്രീ വനിതകൾക്ക് ഇത് ഏറെ സഹായകമാകും.

റിലയൻസിന് പുറമേ ഫ്ലിപ്കാർട്ട്, മക്‌ഡൊണാൾഡ്, ലുലു ഹൈപ്പർ മാർക്കറ്റ്, മൈ ജി. ട്രാവൻകൂർ മെഡിസിറ്റി, പോപ്പുലർ ഹ്യുണ്ടായ്, കിംസ് ഹോസ്പിറ്റൽ, അരൂർ എക്‌സ്‌പോർട്ടിങ്ങ് കമ്പനി, ചേർത്തല, ചെമ്മണ്ണൂർ ഇന്റർനാഷനൽ, ടി വി എസ് ഗ്രൂപ്പ്,

കല്യാൺ സിൽക്‌സ്,  ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ് മിഡിൽ ഈസ്റ്റ്, അജ്ഫാൻ, സൈലം, പോപി, ജോൺസ്, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, അജ്ഫാൻ, മലബാർ ഗ്രൂപ്പ് ഹൗസ് ബോട്ട് അസോസിയേഷന്റെ ഭാഗമായ ഹൗസ് ബോട്ടുകൾ തുടങ്ങി നിരവധി സ്വകാര്യ കമ്പനികളിൽ മികച്ച വേതനത്തോടെ കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ ലഭ്യമായിട്ടുണ്ട്.


കെഎസ്ആർടിസി, കെൽടോൺ, ഇൻഫോപാർക്ക് തുടങ്ങിയ സ്ഥാപനങ്ങളിലും കുടുംബശ്രീ വനിതകളുടെ സേവനം ലഭ്യമാക്കും.


ഇതിന് പുറമേ എൽഐസി ബീമാ സഖി പദ്ധതി പ്രകാരം 1070 ബീമാ സഖി തൊഴിലവസരങ്ങൾ ലഭ്യമായിട്ടുണ്ട്. 872 പേരെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ഉടൻ എൽഐസി മുഖേന പരിശീലനം നൽകി നിയമിക്കും.

ബാങ്കിംഗ് സേവനങ്ങൾ വാതിൽപ്പടി എത്തിക്കുന്ന ബിസിനസ് കറസ്‌പോൺഡന്റ് സഖി (ബി സി സഖി) പദ്ധതി പ്രകാരം കാനറാ ബാങ്കിന് വേണ്ടി 350 പേരെ നിയമിക്കുന്നതിന് മഗ്‌നോട് എന്ന ഏജൻസിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

കൂടാതെ കേരള ഗ്രാമീൺ ബാങ്ക് (332), ഇന്ത്യൻ ഓവർസീസ് ബാങ്ക് (305), ഇന്ത്യൻ ബാങ്ക് (15), ബാങ്ക് ഓഫ് ബറോഡ) (22) എന്നീ ബാങ്കുകൾക്ക് വേണ്ടി ആകെ 674 പേരെ നിയമിക്കുന്നതിനു ഇന്റഗ്ര എന്ന ഏജൻസിയുമായി കരാർ ഒപ്പ് വയ്ക്കുന്നത് അന്തിമ ഘട്ടത്തിലാണ്.


കേരള ബാങ്കിനും, ഫെഡറൽ ബാങ്കിനും വേണ്ടി ബി സി സഖി പരാതി വ്യാപിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നു. ഇതിലൂടെ ആകെ 2025 തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്നു.


സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തി അയൽക്കൂട്ട കുടുംബങ്ങളുടെ വരുമാനം വർധിപ്പിക്കാനും, കുടുംബശ്രീ അംഗങ്ങൾക്കും കുടുംബങ്ങളിലെ തൊഴിൽ സന്നദ്ധരായ സ്ത്രീകൾക്കും നൈപുണ്യ പരിശീലനത്തിലൂടെ പുത്തൻ തൊഴിലവസരങ്ങൾ നേടാനുള്ള ശേഷി ആർജിക്കാനും വേണ്ടി രൂപം നൽകിയതാണ് വിജ്ഞാന കേരളം - കുടുംബശ്രീ തൊഴിൽ ക്യാമ്പയിൻ.

ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ ആകെ 141323 തൊഴിലുകൾ കണ്ടെത്താനും, വിവിധ തൊഴിൽ മേഖലകളിലായി ആകെ 55913 പേർക്ക് തൊഴിൽ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്.

ക്യാമ്പയിന്റെ ആദ്യഘട്ടത്തിൽ ഒരു ലക്ഷം സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിട്ടതെന്നും, ഇത് ഒക്ടോബറിൽ സാധ്യമാക്കാനുള്ള ശ്രമത്തിലാണെന്നും സർക്കാർ വ്യക്തമാക്കുന്നു.

Advertisment