/sathyam/media/media_files/2025/01/31/n8HZXNmLZ73RrAHJBZdu.jpg)
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു കോടി ജനങ്ങൾക്ക് ആനുകൂല്യങ്ങളുടെ പെരുമഴ പോലെ പ്രഖ്യാപനങ്ങൾ നടത്തിയ സർക്കാർ അത് നടപ്പാക്കാനുള്ള 10,000 കോടി എങ്ങനെ കണ്ടെത്തുമെന്ന് അവ്യക്തത.
നവംബർ ഒന്നുമുതൽ വർദ്ധിപ്പിച്ച ആനുകൂല്യങ്ങൾ നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നൽകിയില്ലെങ്കിലല്ലേ പണം എവിടെ നിന്ന് എന്ന ചോദ്യത്തിന് പ്രസക്തിയുള്ളൂ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്.
എന്നാൽ പദ്ധതി വിഹിതം വെട്ടിക്കുറച്ചായിരിക്കും അധികമായി ക്ഷേമ പദ്ധതികൾക്ക് പണം കണ്ടെത്തുകയെന്നാണ് സൂചന. മുൻ സാമ്പത്തിക വർഷത്തിൽ 50ശതമാനം പദ്ധതികൾ വെട്ടിക്കുറച്ചിരുന്നു. 62ലക്ഷം പേരുടെ പെൻഷനാണ് 2000 രൂപയാക്കി കൂട്ടിയത്.
സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകാൻ 10,000 കോടിയോളം രൂപ അധികം വേണ്ടിവരുമെന്നും അതിനുള്ള വഴികൾ സർക്കാർ കണ്ടിട്ടുണ്ടെന്നുമാണ് മന്ത്രി കെ.എൻ.ബാലഗോപാൽ പറയുന്നത്.
അടുത്തു വരുന്നത് ഇടക്കാല ബജറ്റായതിനാലാണ് പ്രഖ്യാപനങ്ങൾ ഇപ്പോൾത്തന്നെ നടത്തിയത്. അതിനായി തിരഞ്ഞെടുത്ത സമയത്തിനു പ്രസക്തിയില്ല. നല്ല ആത്മവിശ്വാസത്തോടെയാണ് തീരുമാനങ്ങൾ എടുത്തത്.
ജീവനക്കാർക്ക് 2 ഗഡു ഡിഎ നൽകുമെന്നു നിയമസഭയിൽ ഉറപ്പു നൽകിയെങ്കിൽ ഇപ്പോൾ ആകെ 3 ഗഡുവാണ് നൽകുന്നത്. ഇനിയും നൽകും.
കേന്ദ്രം 57,000 കോടിയോളം രൂപ വെട്ടിക്കുറച്ചിട്ടും നമ്മൾ പിടിച്ചുനിൽക്കുകയും എല്ലാ മേഖലയിലും പണം എത്തിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്ഷേമപെൻഷൻ 1600ൽ നിന്ന് 2000ആക്കാൻ മാത്രം പ്രതിമാസം 200 കോടി വേണം. 13000കോടിയാണ് പ്രതിവർഷം ക്ഷേമ പെൻഷന് വേണ്ടത്. സ്ത്രീ സുരക്ഷാ പദ്ധതികളുടെ ഭാഗമായി വീട്ടമ്മമാർക്ക് പ്രഖ്യാപിച്ച ആയിരം രൂപ പെൻഷൻ നൽകാൻ ഒരു വർഷം വേണ്ടത് 3800കോടിയാണ്.
യുവാക്കൾക്ക് മികച്ച ജോലി കണ്ടെത്താനുള്ള സ്കോളർഷിപ്പിന് വേണ്ടത് 600കോടി. പാവപ്പെട്ട കുടുംബങ്ങളിലെ 35നും 60നുമിടയിൽ പ്രായമുള്ള 31.34ലക്ഷം സ്ത്രീകൾക്ക് പ്രതിമാസം 1000രൂപ വീതമുള്ള സ്ത്രീസുരക്ഷാ പെൻഷൻപദ്ധതി പ്രഖ്യാപിച്ചത് സ്ത്രീകളുടെ വോട്ടിൽ കണ്ണുവച്ചാണ്.
സ്ത്രീസുരക്ഷയ്ക്കുള്ള പുതിയ പദ്ധതിക്കൊപ്പമാണ് പെൻഷൻ. ഏതെങ്കിലും സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കാത്തവർക്കായിരിക്കും ഇത് ലഭിക്കുക.
മരുന്ന് വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ കെ.എം.എസ്.സി.എലിന് 914 കോടി നൽകണം. സപ്ലൈകോയുടെ വിപണി ഇടപെടലിന്റെ 110 കോടികുടിശ്ശിക തീർക്കണം.
നെല്ല് സംഭരണത്തിന്റെ 3094 കോടി കുടിശിക നൽകണം. സാമൂഹിക സുരക്ഷാമിഷന്റെ 10 പദ്ധതികൾക്കുള്ള 88.38 കോടി കുടിശ്ശിക തിർക്കണം. മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കുള്ള ധനസഹായ കുടിശിക 207.40 കോടി നൽകണം.
വന്യമൃഗ അക്രമണങ്ങൾക്ക് ഇരയാകുന്നവർക്കുള്ള ധനസഹായം 16 കോടി രൂപ നൽകണം. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ചെലവുകൾക്കായി 194 കോടി വേണം.
10ലക്ഷത്തിലേറെ വരുന്ന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും നൽകാനുള്ള ഒരുഗഡു ഡി.എ കുടിശിക 4ശതമാനം നവംബറിലെ ശമ്പളത്തിനൊപ്പം നൽകേണ്ടതുണ്ട്. ഇതിനായി കോടികൾ കണ്ടെത്തണം.
സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടിശികയുടെ മൂന്നും നാലും ഗഡുക്കൾ ഇക്കൊല്ലം നൽകും. അടുത്ത ഏപ്രിലിൽ കുടിശിക തുക പി.എഫിൽ ലയിപ്പിക്കും. പി.എഫില്ലാത്തവർക്ക് പണമായി നൽകേണ്ടിവരും.
കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സംയോജിതരൂപമായ 19,470 എ.ഡി.എസുകൾക്ക് പ്രവർത്തനത്തിന് പ്രതിമാസം 1000രൂപവീതം ഗ്രാന്റ് നൽകും. പ്രതിവർഷം 23.4കോടി നീക്കിവച്ചു. ഇതിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും സർക്കാരിന്റെ സഹായമെത്തിക്കുകയാണ് ലക്ഷ്യം.
ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഒന്നൊന്നൊയി നടപ്പാക്കുന്നതിൽ ഒരു വിട്ട് വീഴ്ചയും ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ഭരണതുടർച്ചയാണ് ഏത് പ്രതിസന്ധികളെയും മറികടന്ന് മുന്നോട്ട് പോകാനുള്ള പ്രചോദനം. ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെ നവകേരളം കെട്ടിപ്പെടുക്കുന്നതിനുള്ള ദൃഢനിശ്ചയവുമായി സർക്കാർ മുന്നോട്ട് പോകും- മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ ഈ സർക്കാരിന് അഞ്ചു മാസമേ ഈ ആനുകൂല്യങ്ങൾ നൽകാനുള്ള ബാദ്ധ്യതയുണ്ടാവൂ. തിരഞ്ഞെടുപ്പിന് ശേഷം ഈ ഭീമമായ ബാദ്ധ്യത അടുത്ത സർക്കാരിന്റെ തലയിലായിരിക്കും. ആനുകൂല്യങ്ങൾ ഈ രീതിയിൽ തുടരാതിരുന്നാൽ വൻതോതിലുള്ള ജനരോഷത്തിനും ഇടയാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us