തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ഉൽഘാടന തിരക്കിലേക്ക്. ഒന്നാം പിണറായി സർക്കാരിൽ പ്രഖ്യാപിച്ച പദ്ധതികൾ രണ്ടാം സർക്കാരിന്റെ നേട്ടമായി ആഘോഷിച്ച് അവതരിപ്പിക്കാൻ നീക്കം. വയനാട് ബദൽ പാത, കളളാടി–ആനക്കാംപൊയിൽ തുരങ്കപാത, ഫറോഖ് ആശുപത്രി കെട്ടിടം ഉൾപ്പെടെ വൻ പദ്ധതികളുടെ നിർമ്മാണോത്ഘാടനങ്ങൾ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ നടക്കുന്ന വികസന സദസുകളിലൂടെ ജനങ്ങളിൽ എത്തിക്കും

New Update
3663

തിരുവനന്തപുരം: നിർണായകമായ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തതോടെ ഉൽഘാടന തിരക്കിലേക്ക് കടന്ന് സർക്കാർ. തിരഞ്ഞെടുപ്പുകൾക്ക് മുൻപ് ഇനി നടപ്പാക്കാനിരിക്കുന്ന പദ്ധതികളുടെ ശിലാസ്ഥാപനവും പൂർത്തിയായ പദ്ധതികളുടെ ഉൽഘാടനവും നടത്താനാണ് സർക്കാർ തിരക്കുകൂട്ടുന്നത്.

Advertisment

അഞ്ച് വർഷത്തെ ഭരണത്തിൻെറ നേട്ടങ്ങൾ എന്ന നിലയിൽ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.


രണ്ടാം പിണറായി സർക്കാരിൻെറ കാലത്ത് വൻകിട വികസന പദ്ധതികൾ നടന്നില്ലെന്ന വിമർശനം മറികടക്കുന്നതിന് കൂടിയാണ് ഉൽഘാടനങ്ങളും നിർമ്മാണോൽഘാടനങ്ങളും വൻപൊലിമയോടെ കൊണ്ടാടാൻ തീരുമാനിച്ചിരിക്കുന്നത്. 


ഒന്നാം സർക്കാരിൻെറ കാലത്ത് പ്രഖ്യാപിക്കുകയോ നിർമ്മാണം തുടങ്ങുകയോ ചെയ്ത പദ്ധതികളാണ് ഇപ്പോൾ ആഘോഷിക്കുന്നത് എന്നതാണ് വസ്തുത.

ഇതോടൊപ്പം രണ്ടാം സർക്കാരിൻെറ കാലത്തെ വിവിധ ബജറ്റുകളിലായും മറ്റും ഒരോ മണ്ഡലങ്ങളിലേക്കുമായി പ്രഖ്യാപിച്ച പദ്ധതികളുടെ ശിലാസ്ഥാപനവും ആഘോഷമായി നടത്താനാണ് ധാരണ.

പൊതുമരാമത്ത് -ടൂറിസം വകുപ്പിൻെറ പദ്ധതികളിലാണ് വൻപ്രാധാന്യത്തോടെ ഉൽഘാടനങ്ങളും ശിലാസ്ഥാപനങ്ങളും നടക്കുന്നത്. വയനാട് ബദൽ പാതയാണ് ഇതിൻെറ ഏറ്റവും നല്ല ഉദാഹരണം.

ഒന്നാം പിണറായി സർക്കാരിൻെറ കാലത്ത് പ്രഖ്യാപിച്ച് ഉൽഘാടനം നടത്തിയ കളളാടി - ആനക്കാം പൊയിൽ തുരങ്ക പാതയുടെ നിർമ്മാണോൽഘാടനമാണ് ഞായറാഴ്ച നടക്കുന്നത്.


പാരിസ്ഥിതിക അനുമതി ലഭിച്ച പശ്ചാത്തലത്തിലാണ് ഇപ്പോൾ നിർമ്മാണ ഉൽഘാടനത്തിലേക്ക് കടക്കുന്നത്. എന്നാൽ ഇതൊന്നുമില്ലാതെയാണ് ഒന്നാം പിണറായി സർക്കാരിൻെറ അവസാനകാലത്ത് ഉൽഘാടന മാമാങ്കം നടത്തിയത്.


കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണോൽഘാടനത്തിന് കോടികൾ ചെലവഴിച്ച് തിരഞ്ഞെടുക്കപ്പെട്ട ചാനലുകളിൽ പരസ്യവും നൽകുന്നുണ്ട്.

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്നോണം പരസ്യം ലഭിച്ച ചാനലുകൾ ഓഗ്മെന്റഡ് റിയാലിറ്റിയും മറ്റുമായി തുരങ്കപാതയുടെ നിർമ്മാണോൽഘാടനത്തിന് വാ‍‍‌ർത്തയിലും വൻപ്രാധാന്യം നൽകുന്നുണ്ട്.

വയനാട് ബദൽ പാതക്ക് ഒപ്പം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിൻെറ മണ്ഡലത്തിലും വലിയ ഉൽഘാടനം നടക്കുന്നുണ്ട്. 23.5 കോടി രൂപ ചെലവിൽ ബേപ്പൂർ മണ്ഡലത്തിലെ ഫറോഖിൽ നിർമ്മിച്ച പുതിയ ആശുപത്രി കെട്ടിടത്തിൻെറ ഉൽഘാടനമാണ് ആഘോഷപൂർവം നടത്തുന്നത്.


കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം മുഖ്യമന്ത്രിയാണ് ഉൽഘാടനം ചെയ്യുന്നത്. പൊതുമരാമത്തിൻെറ ഇതര ജില്ലകളിലെ പദ്ധതികളും വരും ദിവസങ്ങളിൽ ഉൽഘാടനം ചെയ്യും


തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുളള  തിരഞ്ഞെടുപ്പ് ജയിക്കാൻ മറ്റ് ചില പരിപാടികളും
സർക്കാരിൻെറ അണിയറയിൽ ഒരുങ്ങുന്നുണ്ട്.തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വികസന സദസ് സംഘടിപ്പിക്കാൻ തീരുമാനിച്ചതാണ് അതിലൊന്ന്.

ഇതോടെപ്പം മുഖ്യമന്ത്രിയുടെ പേരിൽ ജനങ്ങളുടെ ആവലാതികൾക്കും ആവശ്യങ്ങൾക്കും മറുപടി നൽകുന്ന കോൾ സെന്ററും നിലവിൽ വരും.സർക്കാർ സേവനങ്ങളും പരാതികൾ അറിയിക്കാനും പരിഹരിക്കാനുമുളള സൗകര്യങ്ങളും ഒറ്റ ഫോൺ കോളിലൂടെ ലഭ്യമാക്കുന്നതിലൂടെ സർക്കാർ കൂടുതൽ ജനാഭിമുഖ്യമുളള സർക്കാരാണെന്ന് വരുത്തി തീർക്കാനാണ് കാമ്പയിൻ മാനേജർമാരുടെ ശ്രമം.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന വികസന സദസിലും സർക്കാരിൻെറ വികസന നേട്ടങ്ങൾ വിശദീകരിക്കുന്ന വീഡിയോ പ്രസൻറേഷൻ അവതരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.ഇതിന് ശേഷം ലൈഫ് പദ്ധതി, മാലിന്യ നിർമാർജനം, അതിദാരിദ്ര്യ നിർമാർജനം എന്നിങ്ങനെ തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കിയ പദ്ധതികളുടെ അവതരണവും നടത്തും.

തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി  സർക്കാരിൻെറ നേട്ടങ്ങൾ ജനങ്ങളിൽ  എത്തിക്കുന്നതിന് വേണ്ടിയാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വികസന സദസ് സംഘടിപ്പിക്കുന്നത്.സെപ്റ്റംബർ
 20 മുതൽ ഒക്ടോബർ 20വരെ ഒരുമാസ കാലത്താണ് വികസന സദസ് നടത്തുക.

Advertisment