തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ കേരളാ സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിനെ സസ്പെൻറ് ചെയ്തതോടെ സർക്കാരും ഗവർണറും തമ്മിലുളള പോരാട്ടം പുതിയ തലത്തിലേക്ക് കടക്കുന്നു.
സർവകലാശാല രജിസ്ട്രാറെ സസ്പെൻറ ചെയ്തത് കേരള സർവകലാശാലാ വൈസ് ചാൻസലറുടെ ചുമതലയുളള ഡോ.മോഹനൻ കുന്നുമ്മലാണെങ്കിലും ഇതിനെ പിന്നിലെ പ്രേരണ രാജ് ഭവനാണെന്ന് വ്യക്തമാണ്. അതാണ് സസ്പെൻഷൻ നടപടി സർക്കാരും രാജ് ഭവനും തമ്മിലുളള നേർക്കുനേർ പോരാട്ടത്തിന് വഴിതുറക്കുന്നത്.
വൈസ് ചാൻസലറുടെ നടപടിയിൽ പ്രതിഷേധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു അടക്കമുളളവർ രംഗത്ത് വന്നുകഴിഞ്ഞു. മുഖ്യമന്ത്രിയുമായി ആലോചിച്ച് അടുത്ത നടപടി സ്വീകരിക്കുമെന്നാണ് ആർ.ബിന്ദുവിൻെറ ആദ്യ പ്രതികരണം.
"വൈസ് ചാൻസിലർ നടത്തിയിരിക്കുന്നത് ഗുരുതര അധികാര ദുർവിനിയോഗമാണ്. കേരള സർവകലാശാല ചട്ടങ്ങൾ അനുസരിച്ച് വി സിക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരമില്ല രജിസ്ട്രാറുടെ അപ്പോയിന്റിങ് അതോറിറ്റി സിൻഡിക്കേറ്റാണ്.
സിൻഡിക്കേറ്റിനു മുമ്പാകെ രജിസ്ട്രാർക്കെതിരായ കുറ്റങ്ങൾ വൈസ് ചാൻസലർക്ക് അവതരിപ്പിക്കാം. അല്ലാതെ നേരിട്ട് രജിസ്ട്രാർക്ക് എതിരെ നടപടി എടുക്കാൻ വിസിക്ക് ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം സാധ്യമല്ല.
വ്യാജമായിട്ടുള്ള ആരോപണത്തെ മുൻനിർത്തിയാണ് രജിസ്ട്രാർക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ആർ.എസ്.എസ് കൂറ് തെളിയിച്ചതിന്റെ ഭാഗമായിട്ട് നിയോഗിക്കപ്പെട്ട ആളാണ് വിസി. താൽകാലിക വി സി ആണ് അദ്ദേഹം.
താൽക്കാലിക വി സിയായ അദ്ദേഹം തന്റെ അധികാരപരിധിക്ക് പുറത്തുപോയിരിക്കുന്നു. വിഷയത്തിൽ വിശദമായി ആലോചിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടും. സസ്പെൻഷൻ ചട്ടലംഘനമാണ്. ആലോചിച്ച് സർക്കാർ ഇടപെടും.
കാവികൊടിയെന്തിയ സ്ത്രീയെ ഭാരതാംബയായി ചിത്രീകരിക്കുന്നത് കാവിവൽക്കരണ ശ്രമത്തിൻെറ ഭാഗമാണ്. രജിസ്ട്രാർ നിയമപരമായ നടപടികളിലേക്ക് പോകട്ടെ. മുഖ്യമന്ത്രിയുടെ കൂടി നിർദ്ദേശപ്രകാരം നടപടിയെടുക്കും.
കലാലയങ്ങൾ മികവിന്റെ പാതയിലൂടെ നീങ്ങുന്ന സമയത്ത് ചില ചാൻസലർമാർ കടുത്ത കാവിവൽക്കരണ പരിശ്രമങ്ങളും ആയിട്ടുവന്ന് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാൻ ശ്രമിക്കുകയാണ്." മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു.
രാജ് ഭവനെ നേരിട്ട് കുറ്റപ്പെടുത്തുന്ന പരാമർശങ്ങൾ പ്രതികരണത്തിൽ കാണുന്നില്ലെങ്കിലും സസ്പെൻഷൻ നടപടിയിൽ സർക്കാർ പ്രതിസ്ഥാനത്ത് നിർത്തുന്നത് സർവകലാശാല ചാൻസലറായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലക്കേറെയാണ്.
രാജ് ഭവൻെറ സമ്മർദ്ദവും സംഘപരിവാറിൻെറ രാഷ്ട്രീയ ഇടപെടലുമാണ് നടപടി എടുക്കാൻ വിസിക്ക് ധൈര്യം നൽകിയതെന്നും സർക്കാർ കരുതുന്നു.
ഗവർണറുമായി നല്ല ബന്ധത്തിൽ പോകാൻ ആഗ്രഹിക്കുന്നത് മൂലം ഇതുവരെ രാജ് ഭവന് എതിരെ ശക്തമായ കടന്നാക്രമണത്തിന് മുഖ്യമന്ത്രി തയാറായിരുന്നില്ല. എന്നാൽ കേരളാ രജിസ്ട്രാറുടെ സസ്പെൻഷനോടെ സർക്കാരിനും ഗവർണറും തമ്മിലുളള മധുവിധുക്കാലം കഴിയുകയാണ്.
കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻറ് ചെയ്ത നടപടി നിയമപോരാട്ടത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടും നിർണായകമാകും. സസ്പെൻഷൻ ചോദ്യം ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് നടപടി നേരിട്ട രജിസ്ട്രാർ കെ.എസ്.അനിൽകുമാർ വ്യക്തമാക്കിയിട്ടുണ്ട്.
അനിൽ കുമാറിൻെറ നിയമനടപടിയിൽ സർക്കാർ വിസിക്കെതിരായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പാണ്. സർവകലാശാലകളിലെ താൽക്കാലിക വൈസ് ചാൻസലർമാരെ ഉപയോഗിച്ച് സർക്കാരിനെ വെല്ലുവിളിക്കാനാണ് രാജ് ഭവൻ ശ്രമിക്കുന്നതെന്നാണ് സർക്കാരിൻെറ വിമർശനം.