തിരുവനന്തപുരം : വൈസ് ചാൻസിലറുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ- ഗവർണർ പോര് മുറുകുന്നു.
ഡോ. സിസ തോമസ്, ഡോ. കെ ശിവപ്രസാദ് എന്നിവർക്ക് വീണ്ടും ടെക്ക്‌നിക്കൽ യൂണിവേഴ്‌സിറ്റി, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി എന്നിവാിടങ്ങളിൽ നിയമനം നൽകിയതാണ് സർക്കാർ - ഗവർണർ പോര് രൂക്ഷമാവാൻ കാരണമായിട്ടുള്ളത്.
വൈസ് ചാൻസിലറുമാരുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നൽകിയ കത്ത് അവഗണിച്ചാണ് നിയമനം നൽകിയിട്ടുള്ളത്.
കോടതി ഉത്തരവ് പ്രകാരം സമവായത്തിന് ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള ചർച്ചകളിൽ നിന്നും വിട്ട് നിൽക്കാനാണ് സർക്കാർ തീരുമാനം. സർക്കാർ പാനൽ കൂടി തള്ളിയാണ് നിയമനം
സർക്കാർ - ഗവർണർ പോര് രൂക്ഷമാക്കാൻ ഇത് കാരണമായേക്കും. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പ്രകാരം ഇരുവരും പുറത്ത് പോയിരുന്നു. അതുകൊണ്ട് തന്നെയാണ് ആറുമാസക്കാലാവധിയിൽ ഇവരെ വീണ്ടും നിയമിച്ചത്.
പുറത്ത് പോയവരെ വീണ്ടും നിയമിക്കാമെന്ന വിധിയിലെ ഭാഗം കണക്കിലെടുത്താണ് ഗവർണറുടെ നീക്കം. എന്നാൽ സാങ്കേതിക സർവകലാശാലയുടെ നിയമം വകുപ്പ് 13(7), ഡിജിറ്റൽ സർവകലാശാല നിയമം വകുപ്പ് 10 (11) പ്രകാരം സർക്കാർ ശുപാർശ പാലിച്ച് മാത്രമേ നിയമനം നടത്താവൂയെന്ന കാര്യമാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
നിയമനം കിട്ടിയ രണ്ട് വി.സിമാരും ചുമതലയേറ്റെടുത്ത സ്ഥിതിക്ക് സർക്കാർ വീണ്ടും കോടതിയിൽ പോയേക്കും. ഗവർണറെ രാഷ്ട്രീയമായി നേരിടാൻ സി.പി.എം തെരുവിലിറങ്ങുമോ എന്ന ചോദ്യവും അവശേഷിക്കുകയാണ്.
ഇക്കഴിഞ്ഞയിടെ കേരള സർവ്വകലാശാലയിൽ രജിസ്ട്രാറെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സമരം നടത്തിയിരുന്നു. എന്നാൽ ഗവർണറും വി.സിയും സമരത്തോട് മുഖം തിരിച്ചിരുന്നു. പുറത്താക്കിയ രജിസ്ട്രാറെ തിരിച്ചെടുക്കില്ലെന്ന നിലപാടിൽ വി.സി ഉറച്ച് നിൽക്കുകയാണ്.