കൊല്ലം : സംസ്ഥാനത്ത് മാലിന്യ നീക്കം നടത്തുന്ന വാഹനങ്ങളില്‍ ജി.പി.എസ്. സംവിധാനം ഏര്‍പ്പടുത്തും. ഇതു സംബന്ധിച്ച നിര്‍ദേശം ഉടന്‍ പുറത്തിറക്കും. കേരളത്തില്‍ നിന്നുള്ള മാലിന്യം തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ തള്ളിയതായി പരാതി ഉയര്‍ന്നിരുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സി.പി.സി.ബി.) അന്വേഷണത്തില്‍ ഇതു തെളിയുകയും ചെയ്തു. തിരുനല്‍വേലിയില്‍ ആശുപത്രി മാലിന്യം ഉള്‍പ്പെടയാണു മാലിന്യം നീക്കന്‍ കരാര്‍ എടുത്ത സ്വകാര്യ ഏജന്‍സികള്‍ തള്ളിത്. സംഭവം വിവാദമായതോടെ കേരളം ഗ്രീന്‍ കേരള വഴി മാലിന്യം തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
പരാതികൾ വ്യാപകമായതോടെ നിലവില്‍ എറണാകുളം ജില്ലയില്‍ നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ജി.പി.എസ്. പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്. സംസ്ഥാനത്ത് മാലിന്യം കൊണ്ടു പോകുന്ന വണ്ടികള്‍ ജി.പി.എസ് സംവിധാനത്തിലേക്ക് പൂര്‍ണമായും മാറേണ്ടിവരും. ഈ മാസം തന്നെ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തീരുമാനം.
അതേ സമയം കളമശേരില്‍ സ്വകാര്യ ക്ലിനിക്കില്‍നിന്നുള്ള പ്ലാസ്റ്റിക് അടങ്ങിയ ആശുപത്രി മാലിന്യങ്ങള്‍ പൊതുനിരത്തില്‍ തള്ളിയത് രാത്രിയില്‍ സാമൂഹികവിരുദ്ധര്‍ കത്തിച്ചു. കളമശേരി സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിനായുള്ള എച്ച്.എം.ടി സ്ഥലത്ത് തള്ളിയ മാലിന്യമാണ് സാമൂഹികവിരുദ്ധര്‍ കത്തിച്ചത്.
ഇന്നു രാവിലെ മുതലാണു ജനവാസ കേന്ദ്രത്തിനു സമീപം മാലിന്യം കണ്ടത്. തുടര്‍ന്നു നഗരസഭ നടത്തിയ അന്വേഷണത്തില്‍ പാലാരിവട്ടം ബൈപാസിലെ സ്വകാര്യ ക്ലിനിക്കില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി.
ക്ലിനിക് ഉടമകള്‍ സംസ്‌കരിക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചതാണിത്. ഇതനുസരിച്ചുള്ള നടപടികള്‍ നടത്തിവരവേയാണു മാലിന്യം കത്തിച്ച നിലയിൽ കണ്ടെത്തിയത്. മാലിന്യം വഴിയില്‍ തള്ളിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.